ഓഹരിക്കും രൂപക്കും ഇടിവ്; സ്വര്‍ണവില കൂടി

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ മാന്ദ്യവും സാമ്പത്തിക ഉലച്ചിലും നേരിടുന്ന ഘട്ടത്തില്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുകടക്കണമെന്ന ബ്രിട്ടനിലെ ഹിതപരിശോധന വ്യാപകമായ അനിശ്ചിതത്വത്തിന് വഴിവെച്ചു. അടുത്ത രണ്ടുവര്‍ഷംകൊണ്ടാണ് ഈ വേര്‍പിരിയല്‍ നടപ്പാവുകയെങ്കിലും, ഇക്കാലയളവില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കും ഇന്ത്യന്‍ വ്യവസായങ്ങള്‍ക്കും പരിക്കേല്‍പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വലിയൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ ഇടയില്ല.

യൂറോപ്യന്‍ യൂനിയനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ വര്‍ഷങ്ങളായി നടത്തുന്നുണ്ട്. ഈ പ്രക്രിയ മരവിക്കുകയാണ്. ഇന്ത്യന്‍ കമ്പനികള്‍ പ്രത്യക്ഷ വിദേശ നിക്ഷേപം നടത്തുന്ന പ്രമുഖ കേന്ദ്രമാണ് ബ്രിട്ടന്‍. അവിടേക്ക് എഫ്.ഡി.ഐ എത്തിക്കുന്നതില്‍ മൂന്നാം സ്ഥാനം ഇന്ത്യക്കുണ്ട്. ഇതിനിടെ വന്ന ഹിതപരിശോധനാ ഫലം ഓട്ടോമൊബൈല്‍, ഉരുക്ക് വ്യവസായങ്ങള്‍ക്കും ഐ.ടി മേഖലക്കും ദോഷംചെയ്യും. യൂറോപ്യന്‍ യൂനിയനിലെ മറ്റു നാടുകളെക്കാള്‍ വ്യവസായ നടത്തിപ്പിന് ഉദാരവ്യവസ്ഥകളാണ് ബ്രിട്ടനില്‍. യൂറോപ്യന്‍ യൂനിയനിലേക്കുള്ള പ്രവേശകവാടമാണ് ഇന്ത്യക്ക് ബ്രിട്ടന്‍. യൂറോപ്യന്‍ യൂനിയന്‍െറ പൊതുലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഇളവുകള്‍ക്ക് മേലില്‍ ബ്രിട്ടന് താല്‍പര്യമുണ്ടാവില്ല.

ഏറ്റവും കൂടുതല്‍ പരിക്ക് ടാറ്റ കമ്പനിക്കാണ്. ടാറ്റക്ക് അടുത്ത 10 വര്‍ഷംകൊണ്ട് 1.47 ബില്യണ്‍ ഡോളറിന്‍െറ ആദായനഷ്ടം ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്ക്. ടാറ്റ ഓട്ടോമൊബൈല്‍, ടാറ്റാ സ്റ്റീല്‍ എന്നിവക്ക് മോശം കാലമാകും. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവറിന് യൂറോപ്യന്‍ യൂനിയനിലേക്കുള്ള കയറ്റുമതി കുറയും. ഹിതപരിശോധനാ ഫലം പുറത്തുവന്നതിനു പിന്നാലെ ടാറ്റയുടെ ഓഹരിക്ക് വിലയിടിഞ്ഞു.

800 ഇന്ത്യന്‍ കമ്പനികളിലായി ലക്ഷത്തോളം ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ ജോലിചെയ്യുന്നുണ്ട്. ഇന്ത്യന്‍ വ്യവസായങ്ങള്‍ കഴിഞ്ഞവര്‍ഷം ഉണ്ടാക്കിയ വരുമാനം 26 ബില്യണ്‍ പൗണ്ടാണ്. യൂറോപ്യന്‍ യൂനിയന്‍ വിപണികളില്‍ ബ്രിട്ടനിലെ ഉല്‍പന്നങ്ങള്‍ക്കുള്ള പ്രിയം കുറയുന്നത് ഈ കമ്പനികളെ ബാധിച്ചേക്കും. ടാറ്റക്കു മാത്രമല്ല, ഇന്‍ഫോസിസ്, ടി.സി.എസ്, ടെക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ ഐ.ടി കമ്പനികളുടെ ഓഹരി വിലയിലും ഹിതപരിശോധനാ ഫലം പ്രതിഫലിച്ചിരുന്നു.
ഹിതപരിശോധനയെ തുടര്‍ന്നുള്ള നടപടികള്‍ മുന്നോട്ടുപോകുന്നതിനൊപ്പം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ ഉല്‍പന്നങ്ങളെ ആശ്രയിക്കാതിരിക്കാന്‍ യൂറോപ്യന്‍ യൂനിയന് കഴിയില്ല. ബ്രിട്ടനെ ബഹിഷ്കരിക്കാനും പറ്റില്ല. വിദ്യാഭ്യാസ രംഗത്താകട്ടെ, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടനില്‍ കൂടുതല്‍ പഠനാവസരങ്ങള്‍ ലഭിക്കും.  

ഹിതപരിശോധനാ ഫലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പരിക്കേല്‍പിക്കില്ളെന്ന ധീരമുഖം പ്രദര്‍ശിപ്പിക്കുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ചെയ്തത്. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്നും, പുതിയ സാഹചര്യങ്ങള്‍ നേരിടാനുള്ള കരുത്ത് ഇന്ത്യക്കുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഇപ്പോഴത്തെ ചാഞ്ചാട്ടങ്ങള്‍ താല്‍ക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനലഭ്യത വര്‍ധിപ്പിക്കുന്നവിധം ഫണ്ട് നിക്ഷേപം വര്‍ധിക്കുകതന്നെ ചെയ്യുമെന്ന് രഘുറാം രാജന്‍ പറഞ്ഞു. നിലവിലെ  സാഹചര്യങ്ങള്‍ അതിജീവിച്ച് ഭാവിയില്‍ നേട്ടമുണ്ടാക്കുകയാണ് ഇന്ത്യ ചെയ്യുകയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്സന്‍ അരുന്ധതി ഭട്ടാചാര്യ വിലയിരുത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.