സുരക്ഷിത നിക്ഷേപങ്ങള്‍ക്ക് അയിത്തമോ?

രാജ്യത്തിന്‍െറ സാമ്പത്തിക ശക്തിയില്‍ വളരെ വലിയ പങ്കാണ് ചെറുകിട നിക്ഷേപങ്ങള്‍ വഹിക്കുന്നത്. പലിശനിരക്ക് നിയന്ത്രിക്കുന്നതില്‍ പോലും ഇത്തരം നിക്ഷേപങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു വരുന്നു. അതുകൊണ്ടു തന്നെ ചെറുകിട നിക്ഷേപങ്ങളും നിക്ഷേപ പദ്ധതികളും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാറുകള്‍ കാലാകാലങ്ങളായി സ്വീകരിച്ചു പോന്നിരുന്നതും. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ നയം പാടെ മാറ്റിയെഴുതപ്പെടുകയാണ്.
ഏറ്റവും ഒടുവിലത്തെ കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടെ ചെറുകിട സുരക്ഷിത നിക്ഷേപങ്ങള്‍ നിരുത്സാഹപ്പെടുത്തുന്ന നയങ്ങള്‍ വളരെ പ്രകടമാണ്. അതിശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ട എംപ്ളോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) നികുതി തന്നെയാണ് ഇതിന് ഏറ്റവും പ്രകടമായ ഉദാഹരണം. എന്നാല്‍, സാധാരണക്കാരുടെയും രാജ്യത്തിന്‍െറയും സാമ്പത്തിക സുരക്ഷിതത്വം അവതാളത്തിലാക്കുന്ന മറ്റ് പല നയങ്ങളും ഇതിനകം നടപ്പാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഇ.പി.എഫ് നികുതിയെക്കാള്‍ കൂടുതല്‍ നിക്ഷേപകരെ ബാധിക്കുന്ന ഈ തീരുമാനങ്ങള്‍ക്കെതിരെ പക്ഷേ, കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടില്ല.
ഒരുഭാഗത്ത് പുതിയ പുതിയ നികുതികള്‍ ചുമത്തി സര്‍ക്കാര്‍തന്നെ ദീര്‍ഘകാല ചെറുകിട സുരക്ഷിത നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുമ്പോള്‍ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സമീപനവും നിക്ഷേപകരെ ചെറുകിട നിക്ഷേപങ്ങളില്‍ നിന്ന് അകറ്റുകയാണ്. നമ്മുടെ സാമ്പത്തിക-നയരൂപവത്കരണ  വിദഗ്ധര്‍ നിക്ഷേപകര്‍ ദീര്‍ഘകാല നിക്ഷേപങ്ങളില്‍നിന്ന് അകന്നുനില്‍ക്കുകയാണെന്ന് ഇടക്കിടെ വിമര്‍ശിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ ഇത്തരമൊരു നയമെന്നതാണ് വിരോധാഭാസം.

15-20 വര്‍ഷം വരെ സ്ഥിരമായ പലിശ നിരക്കില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികളാണ് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ആവശ്യം. എന്നാല്‍, ഇത്തരം നിക്ഷേപ പദ്ധതികള്‍ പെന്‍ഷന്‍ ലക്ഷ്യമിട്ട് നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുപോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുക. ആകെ ലഭ്യമായ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുക സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എളുപ്പവുമല്ല. ഇനി എല്ലാ കടമ്പകളും കടന്ന് സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാമെന്ന് കരുതിയാല്‍ തന്നെ ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളോടും വന്‍കിട നിക്ഷേപകരോടും മത്സരിച്ച് ഈ കടപ്പത്രങ്ങള്‍ നേടുക അത്ര എളുപ്പവുമല്ല.

10 വര്‍ഷത്തേക്കു വരെ ലഭ്യമായ ബാങ്ക് നിക്ഷേപങ്ങളായിരുന്നു സാധാരണക്കാരായ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്ന നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്ന്. ഒപ്പം ഭാവി ആവശ്യങ്ങള്‍ക്കായി ഒരു തുക സമാഹരിക്കുന്നതിന് 10 വര്‍ഷം വരെ കാലാവധിയുള്ള ബാങ്ക്, പോസ്റ്റ് ഓഫിസ് റിക്കറിങ് നിക്ഷേപ പദ്ധതികളും സാധാരണക്കാര്‍ കാര്യമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതില്‍ 10 വര്‍ഷ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തന്നെ നിരുത്സാഹപ്പെടുത്തുകയാണ്. ഏത് ബാങ്കെടുത്താലും ഇത്തരം നിക്ഷേപത്തിന്‍െറ പലിശ നിരക്ക് രണ്ട് -മൂന്ന് വര്‍ഷത്തെ നിക്ഷേപ പദ്ധതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞത് അര ശതമാനമെങ്കിലും കുറവായിരിക്കും.

സമ്പാദ്യത്തിന് ഏറ്റവും മികച്ച മാര്‍ഗമെന്ന് സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്ന റിക്കറിങ് നിക്ഷേപ പദ്ധതിയുടെ പലിശക്ക് ആദായ നികുതി ചുമത്തിയതോടെ പല നിക്ഷേപകരും ഈ നിക്ഷേപ പദ്ധതികള്‍ ഇടക്കുതന്നെ അവസാനിപ്പിക്കുകയാണ്. 10 വര്‍ഷം വരെ കാലാവധിയുണ്ടായിരുന്ന ദേശീയ സമ്പാദ്യ പദ്ധതി സര്‍ട്ടിഫിക്കറ്റുകളായിരുന്നു ദീര്‍ഘകാല സുരക്ഷിത നിക്ഷേപങ്ങള്‍ക്ക് മറ്റൊരു ആശ്രയം. എന്നാല്‍, ഇതും നിര്‍ത്തലാക്കി. ഏതൊരാള്‍ക്കും നിക്ഷേപിക്കാവുന്ന പി.എഫ് പദ്ധതിയായ പബ്ളിക് പ്രൊവിഡന്‍റ് ഫണ്ടാണ് (പി.പി.എഫ്) നിലവില്‍ അവശേഷിക്കുന്ന ദീര്‍ഘകാല സുരക്ഷിത നിക്ഷേപ പദ്ധതികളില്‍ ഒന്ന്. തുടക്കത്തില്‍ 15 വര്‍ഷവും പിന്നീട് അഞ്ചുവര്‍ഷം വീതം നീട്ടാവുന്നതുമാണ് ഈ പദ്ധതിയുടെ കാലാവധി.

എന്നാല്‍, ഈ പദ്ധതിക്കും അധികം ആയുസ്സ് ഇല്ളെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഒടുവിലത്തെ ബജറ്റില്‍ ഇ.പി.എഫ് നിക്ഷേപങ്ങള്‍ പിഴിയാന്‍ ശ്രമിച്ച ധനമന്ത്രി വൈകാതെ പി.പി.എഫിനെയും ലക്ഷ്യമിട്ടേക്കും. 3.5 കോടി നിക്ഷേപകരേഉള്ളൂവെങ്കിലും ഇ.പി.എഫ്് നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത് സംഘടിത തൊഴിലാളികളുടെ ശക്തിമൂലമാണ്. ഇ.പി.എഫ് നിക്ഷേപകരെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഗുണകരമാണെങ്കിലും സംഘടിത ശക്തിയുടെ അഭാവം പി.പി.എഫിന് തിരിച്ചടിയാവും. ഈ പദ്ധതിയുടെ പലിശനിരക്ക് നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാറാണെന്നതും തിരിച്ചടിയാണ്. നിക്ഷേപകരെ പിന്തിരിപ്പിക്കാന്‍ പദ്ധതിയുടെ പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിലവില്‍ വര്‍ഷം തോറുമാണ് പി.പി.എഫിന്‍െറ പലിശ കണക്കാക്കുന്നത്. ഇത് മൂന്നുമാസം കൂടുമ്പോള്‍ ആക്കാന്‍ ഏറക്കുറെ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ ഇടക്കിടെ നിരക്ക് കുറയാനുള്ള സാഹചര്യം ഒരുങ്ങും. ഇത്തരത്തിലുണ്ടാവുന്ന ചെറിയ കുറവ് പോലും കനത്ത നഷ്ടം വരുത്തിവെക്കുമെന്നതിനാല്‍ നിക്ഷേപകര്‍ പദ്ധതിയില്‍നിന്ന് പിന്മാറുകയും ചെയ്യും.

നിലവില്‍ സുകന്യ സമൃദ്ധി നിക്ഷേപ പദ്ധതിയാണ് ചെറുകിട നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായി തുടരുന്നത്. ഇത് പക്ഷേ, 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഉപയോഗപ്പെടൂ. മാത്രമല്ല കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ പദ്ധതിയില്‍ നിക്ഷേപം നടത്താനും കഴിയില്ല.
രാജ്യത്തിനും നിക്ഷേപകര്‍ക്കും ഏറെ ഗുണകരമായ ചെറുകിട സുരക്ഷിത നിക്ഷേപ പദ്ധതികളോട് എന്താണ് ഇത്ര വിരക്തി എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇതിന് ഉത്തരം തേടുമ്പോള്‍ ചെന്നത്തെുക ധനകാര്യ സേവന മേഖലകളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ സജീവമായ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ താല്‍പര്യങ്ങളിലാണ്. ചെറുകിട നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തുക എന്നത് മാത്രമല്ല സര്‍ക്കാര്‍ നയങ്ങളില്‍ സമീപകാലത്ത് വന്നിട്ടുള്ള മാറ്റം. ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള അസുരക്ഷിത നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന സമീപനവും സര്‍ക്കാര്‍ തീരുമാനങ്ങളില്‍നിന്ന് വ്യക്തമാണ്. കാലാകാലങ്ങളായി ഏറെ സുരക്ഷിതമായ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ മുടക്കിയിരുന്ന ഇ.പി.എഫ് നിക്ഷേപങ്ങളില്‍ ഒരു ഭാഗം കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഓഹരി വിപണികളിലേക്ക് തിരിച്ചുവിടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. ഇങ്ങനെ തിരിച്ചുവിടപ്പെട്ട കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം ഇപ്പോള്‍ റിലയന്‍സ് കാപിറ്റല്‍, എച്ച്.ഡി.എഫ്്.സി, ഐ.സി.ഐ.സി.ഐ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ കൈയിലാണ്.

സമീപകാലത്ത് കാര്യമായ ആദായനികുതി ഇളവ് അനുവദിക്കപ്പെട്ട നിക്ഷേപ പദ്ധതി ദേശീയ പെന്‍ഷന്‍ പദ്ധതിയാണ് (എന്‍.പി.എസ്). ഈ പദ്ധതിയിലെ 50,000 രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഓരോ വര്‍ഷവും അധിക നികുതി ഇളവ് ലഭിക്കും. എന്നാല്‍, ഈ പദ്ധതിയിലെ നിക്ഷേപങ്ങള്‍ ഏത് നിരക്കില്‍ വളരുമെന്നോ നിക്ഷേപകര്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എത്ര തുക പെന്‍ഷന്‍ ലഭിക്കുമെന്നോ ഒരു തീര്‍ച്ചയുമില്ല. മറ്റൊന്നുകൂടി ഈ നിക്ഷേപങ്ങള്‍ പരിപാലിക്കുന്നതും റിലയന്‍സ് കാപിറ്റല്‍, എച്ച്.ഡി.എഫ്്.സി, ഐ.സി.ഐ.സി.ഐ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളാണ്. ഇത്തരം സ്ഥാപനങ്ങളുടെ ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍നിന്ന് ലഭിച്ച പരിതാപകരമായ നേട്ടങ്ങള്‍ മൂലം നിക്ഷേപകരുടെ വിശ്വാസ്യത പാടെ ഇല്ലാതാവുകയും ഇവര്‍ക്ക് പ്രതീക്ഷിച്ച ലാഭം ഉണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതിനിടയിലാണ് സര്‍ക്കാര്‍ നികുതി ഇളവുകള്‍ അനുവദിച്ച് നിക്ഷേപങ്ങള്‍ ലഭ്യമാക്കാന്‍ അവസരം ഒരുക്കുന്നത്.

ഇ.പി.എഫ് നിക്ഷേപത്തിന് നികുതി ചുമത്താന്‍ തീരുമാനിക്കുക വഴിയും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത് ധനവിപണിയിലെ കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഇ.പി.എഫ് തുകയെ നികുതിയില്‍നിന്ന് രക്ഷിക്കാന്‍ നിക്ഷേപകര്‍ക്ക് ചെയ്യാനാവുന്ന ഏക മാര്‍ഗം ആ പണം ഉപയോഗിച്ച് പെന്‍ഷന്‍ വാങ്ങുകയെന്നതാണ്. ഈ പെന്‍ഷന്‍ വാങ്ങേണ്ടതും റിലയന്‍സ് കാപിറ്റല്‍, എച്ച്.ഡി.എഫ്്.സി, ഐ.സി.ഐ.സി.ഐ ഉള്‍പ്പെടെയുള്ള സ്വകാര്യ ധനകാര്യ സേവന സ്ഥാപനങ്ങളില്‍നിന്നും സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളെ പോലെ തന്നെ പ്രവര്‍ത്തിക്കുന്ന ചില പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമാണ്. ഇ.പി.എഫ് പദ്ധതികളിലെ തുകക്ക് പുറമെ എന്‍.പി.എസിലെ നിക്ഷേപങ്ങളില്‍ ഒരു ഭാഗവും ഒഴുകുന്നത് ഓഹരി വിപണിയിലേക്കാണ്. ഇവിടെയും കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ വിജയിക്കുമ്പോള്‍ തുലാസിലാവുന്നത് സാധാരണക്കാര്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് സമാഹരിക്കുന്ന നിക്ഷേപങ്ങളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.