ന്യൂഡൽഹി: ഗുജറാത്തിലെ ഉരുളകിഴങ്ങ് കർഷകർക്കെതിരെ കേസ് കൊടുക്കാൻ തീരുമാനിച്ച നിമിഷത്തെ പെപ്സികോ ഇന്ത് യ ഇപ്പോൾ പഴിക്കുന്നുണ്ടാവണം. കാരണം കേസിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലുയർന്ന "ബോയ്കോട്ട് പെപ്സികോ" കാമ്പയിൻ ആഗോള കുത്തക ഭീമന് അത്രത്തോളം വെല്ലുവിളിയാണ് ഇപ്പോൾ ഉയർത്തുന്നത്. പെപ്സികോയുടെ ന്യൂയാർക്കിലെ ആസ്ഥാനത്ത് ഇന്ത്യയിലെ സംഭവങ്ങളിൽ ആശങ്കയുയർന്ന് കഴിഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകാനാണ് പെപ്സികോയുടെ ദുബൈയിലെ എഷ്യ-പസഫിക് ഓഫീസിനോട് അവർ നിർദേശിച്ചിരിക്കുന്നത്.
പെപ്സികോ ഇന്ത്യക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നായിരുന്നു ഇതേ കുറിച്ചുള്ള ചോദ്യത്തിന് കമ്പനി വക്താവിൻെറ മറുപടി. എന്നാൽ, ന്യൂയാർക്കിലെ കമ്പനിയുടെ ആഗോള ആസ്ഥാനത്ത് നിന്നും ദുബൈയിലെ ഏഷ്യ-പസഫിക് ഓഫീസിൽ നിന്നും പ്രശ്നം പരിഹരിക്കാനായി സമ്മർദമുണ്ടയോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. കർഷകർ പെപ്സികോ ലേയ്സിൽ ഉപയോഗിക്കുന്ന ഉരുളകിഴങ്ങിൻെറ കൃഷി ഉപേക്ഷിക്കുകയാണെങ്കിൽ കേസിൽ നിന്ന് പിന്മാറാമെന്നാണ് കമ്പനി ഇപ്പോൾ വ്യക്തമാക്കുന്നത്. കടുത്ത സമ്മർദ്ദം പെപ്സികോ ഇന്ത്യക്ക് മുകളിലുണ്ടെന്നാണ് ഈ നിലപാട് മാറ്റം തെളിയിക്കുന്നത്.
രാഷ്ട്രീയപാർട്ടികൾ ഒരുപോലെ പെപ്സികോയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയതും കമ്പനിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അമേരിക്കൻ വിപണിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ പെപ്സികോയ്ക്ക് നിലവിൽ കഴിയുന്നില്ല. അതുകൊണ്ട് ഇന്ത്യൻ വിപണി കമ്പനിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഇതും നിലപാടിൽ നിന്നും പിന്നാക്കം പോകാൻ പെപ്സികോയെ പ്രേരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.