ന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയ ശേഷമുള്ള ആദ്യ പൊതുബജറ്റിൽ കൂടുതൽ നികുതി പരിഷ്കരണം വരും. നികുതി വല വിപുലപ്പെടുത്തും. പരോക്ഷ നികുതിക്കു പുറമെ പ്രത്യക്ഷ നികുതി സമ്പ്രദായത്തിലും പൊളിച്ചെഴുത്ത് ഉണ്ടായേക്കും.
ആദായനികുതി ഇൗടാക്കുന്നത് അവസാനിപ്പിച്ച് ഇടപാടു നികുതി ഏർപ്പെടുത്താനുള്ള ചർച്ച നടന്നിരുന്നു. പേരാക്ഷ നികുതി ഏകീകരിച്ച് ജി.എസ്.ടി കൊണ്ടുവന്ന സർക്കാർ, ഇൗ മാറ്റത്തിലേക്കുള്ള ചുവടുവെപ്പുകൾ നടത്തിയേക്കുമെന്ന് സൂചനയുണ്ട്. വരുമാനത്തിന് നികുതി ഇൗടാക്കുന്നതിൽനിന്ന് വ്യത്യസ്തമായി ധനവിനിമയത്തിന് നികുതിയെന്ന ആശയമാണത്.
ഇപ്പോൾ രണ്ടു ശതമാനം ആളുകളാണ് ആദായനികുതിദായകർ. ചരക്കുകളുടെ ക്രയവിക്രയമെന്ന പോലെ ഒാരോ പണമിടപാടിനും നികുതി ഏർപ്പെടുത്തിയാൽ ആദായനികുതിതന്നെ വേണ്ടെന്നുവെക്കാം. അതിലേക്കുള്ള പ്രാരംഭ നീക്കങ്ങൾക്കാണ് സർക്കാർ ഒരുങ്ങുന്നത്.
അടുത്ത പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പ്രത്യക്ഷ നികുതി മേഖലയിലും സ്വന്തം മുദ്ര പതിപ്പിക്കണമെന്ന താൽപര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്. മാന്ദ്യത്തിനിടയിൽ, വിവിധ സർക്കാർ പദ്ധതികൾക്ക് കൂടുതൽ വരുമാനം കിട്ടാനുള്ള വഴി തേടുകയുമാണ് സർക്കാർ. നികുതിവല വിപുലപ്പെടുത്തുേമ്പാൾതന്നെ നികുതിയൊഴിവ് പരിധി രണ്ടരയിൽനിന്ന് മൂന്നു ലക്ഷമായി ഉയർത്തുക, ദേശീയ പെൻഷൻ പദ്ധതിക്ക് കൂടുതൽ നികുതിയിളവ് നൽകുക, തെറ്റായ വിവരം നൽകി ആദായനികുതി റീഫണ്ട് നേടുന്നതിന് കനത്ത പിഴ ചുമത്തുക തുടങ്ങിയ നിർദേശങ്ങൾ സർക്കാറിനു മുന്നിലുണ്ട്.
രാജ്യാന്തര കസ്റ്റംസ് ദിനേത്താടനുബന്ധിച്ച് നടന്ന ചടങ്ങിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി കൂടുതൽ മേഖലകളിലേക്ക് നികുതി വിപുലപ്പെടുത്തുന്നതിെൻറ വ്യക്തമായ സൂചന നൽകി. ചുരുങ്ങിയ സമയത്തിനുള്ളിൽ ജി.എസ്.ടി സമ്പ്രദായം ക്രമപ്പെടുത്താൻ കഴിഞ്ഞത് നികുതി വല വിപുലപ്പെടുത്താനും കൂടുതൽ യുക്തിസഹമാക്കാനും അവസരം നൽകുന്നതായി അദ്ദേഹം പറഞ്ഞു. ജി.എസ്.ടി നിരക്കുകൾ കൂടുതൽ ഇളവു ചെയ്തേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആദായ നികുതിയുടെ അടിത്തറ കൂടുതൽ വിപുലപ്പെടുത്താൻ സാധിക്കും. ആദായ നികുതി ഇൗടാക്കുന്ന വിഭാഗങ്ങൾക്ക് കൂടുതൽ നികുതി ചുമത്തുന്നതാണ് പരമ്പരാഗത രീതി. ആ രീതിയിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ബജറ്റ് അത്ര ജനകീയമാകണമെന്നില്ല എന്ന മുന്നറിയിപ്പ് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.