വിവാദങ്ങളും ഉല്‍പന്നങ്ങളുമായി വിപണിയില്‍ ചൈന നിറയുന്നു

സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് കോഴിമുട്ട വാങ്ങുമ്പോള്‍ വീട്ടമ്മമാര്‍ ഇപ്പോള്‍ രണ്ടുവട്ടം കുലുക്കി നോക്കും. ‘ചൈനയിട്ട മുട്ട’യാണോ എന്നറിയാന്‍. അരിവാങ്ങുമ്പോള്‍ കടക്കാരന്‍ അറിയാതെ ഒന്ന് കൊറിച്ചുനോക്കും, ചൈനയില്‍നിന്നുള്ള പ്ളാസ്റ്റിക് അരിയാണോ എന്നറിയാന്‍....‘ചൈന മുട്ടയും’ ‘ചൈന അരി’യുമെല്ലാം വെറും പ്രചാരണം മാത്രമാണെന്നറിഞ്ഞിട്ടും പൂര്‍ണമായി തള്ളിക്കളയാന്‍ മടിക്കുകയാണ് കേരളത്തിലെ വീട്ടമ്മമാര്‍. അതേസമയം, നമ്മുടെ വിപണിയില്‍ ചൈനീസ് നിര്‍മിതമല്ലാത്ത ഉല്‍പന്നങ്ങള്‍ കണ്ടുകിട്ടാന്‍ പ്രയാസമാണുതാനും. അടുത്ത ദിവസങ്ങളിലായി ചൈന വീണ്ടും വിപണിയില്‍ നിറയുകയാണ്, വിവാദങ്ങളിലൂടെ. ഉല്‍പന്നങ്ങളിലൂടെ നേരത്തേതന്നെ വിപണിയില്‍ ചൈന നിറഞ്ഞുനില്‍ക്കുകയാണ് താനും. 
കളിക്കോപ്പ് മുതല്‍ മൊബൈല്‍ വരെ
എറണാകുളം മാര്‍ക്കറ്റില്‍ കളിക്കോപ്പ് തേടിയിറങ്ങിയാല്‍ ‘മെയ്ഡ് ഇന്‍ ചൈന’ എന്ന് രേഖപ്പെടുത്താത്ത ഉല്‍പന്നങ്ങള്‍ കണ്ടത്തൊന്‍ ദിവസം മുഴുവന്‍ അലയേണ്ടിവരും. കളിക്കോപ്പ് മുതല്‍ ഓരോരുത്തരും പോക്കറ്റില്‍വെക്കുന്ന വില കൂടിയ മൊബൈല്‍ ഫോണ്‍ വരെ ചൈനീസ് നിര്‍മിതമായി മാറിയിരിക്കുകയാണ്. കൊച്ചിയില്‍ മാസന്തോറും ചൈനയില്‍ പോയി ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് മടങ്ങുന്ന വ്യാപാരികള്‍ നിരവധിയാണ്. 
കളിക്കോപ്പിന്‍െറയും മൊബൈലിന്‍െറയും കച്ചവടം മാത്രമല്ല, ഇന്ത്യയിലെ ആഘോഷങ്ങളും ചൈനക്കാരന് കൊയ്ത്താണ്. കേരളത്തില്‍ വിഷു എത്തുമ്പോള്‍ കണിക്കൊന്നയും ക്രിസ്മസിന് ചൈനീസ് നക്ഷത്രം മുതല്‍ ഉണ്ണിയേശുവും പുല്‍ക്കൂടും വരെയും ചൈനയില്‍നിന്ന് എത്തും. ഉത്തരേന്ത്യയിലെ ദീപാവലിക്ക് അലങ്കാര വിളക്കുകള്‍ മുതല്‍ ചെരാതുകള്‍വരെ ചൈന എത്തിക്കും. ടയര്‍, ഇരുമ്പ് ഉല്‍പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, സമ്മാനങ്ങള്‍ എന്നുവേണ്ട നിത്യോപയോഗത്തില്‍ പലവട്ടം നമ്മള്‍ ചൈനീസ് നിര്‍മിത വസ്തുക്കള്‍ വാങ്ങി വിപണി നിറക്കുന്നതിന്‍െറ പ്രതിഫലനവും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും കാണാം. 
ഇന്ത്യയും ചൈനയും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2000ല്‍ 290 കോടി ഡോളറായിരുന്നത് 2015 എത്തിയപ്പോഴേക്കും 7160 കോടി ഡോളറായി വളര്‍ന്നു. ഇതില്‍ സിംഹഭാഗവും ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന ഉല്‍പന്നങ്ങളാണ്. പത്തുവര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതി 25 ശതമാനം മാത്രം വര്‍ധിച്ചപ്പോള്‍  ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി അഞ്ചിരട്ടിയായാണ് വര്‍ധിച്ചത്. കോടി ബില്യന്‍ ഡോളറിന്‍െറ യന്ത്രോപകരണങ്ങളും 9.4 ബില്യന്‍ ഡോളറിന്‍െറ വളവും 120 കോടി ഡോളറിന്‍െറ സ്റ്റീല്‍ ഉല്‍പന്നങ്ങളുമാണ് ചൈനയില്‍നിന്ന് ഇന്ത്യയിലത്തെിയത്. ഇന്ത്യയില്‍ വിറ്റഴിയുന്ന സ്മാര്‍ട് ഫോണുകളില്‍ 40 ശതമാനവും ചൈനീസ് നിര്‍മിതമാണെന്നാണ് കണക്ക്. ഇതിനൊക്കെ പുറമെ ഇന്ത്യയില്‍ വിവിധ രംഗങ്ങളില്‍ മുതല്‍മുടക്കാനും ചൈന ഒരുങ്ങിയിട്ടുണ്ട്. ഇലക്ട്രോണിക്സ് നിര്‍മാണരംഗം, ഓണ്‍ലൈന്‍ വ്യാപാരം, റിയല്‍ എസ്റ്റേറ്റ് രംഗം, റോഡ് നിര്‍മാണം തുടങ്ങിയവയില്‍ മുതല്‍മുടക്കാനാണ് ചൈന താല്‍പര്യം  പ്രകടിപ്പിച്ചിരിക്കുന്നതും. 
പ്രതിഷേധവുമായി ബഹിഷ്കരണ ആഹ്വാനം
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം പതിവായതോടെയാണ് ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനവും ശക്തമായത്. പാകിസ്താനെ പിന്തുണക്കുന്ന രാജ്യമാണ് ചൈനയെന്നും അതിനാല്‍, അവരുടെ ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് ഫലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് എതിരായ നീക്കമാണെന്നുമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ശക്തമായത്. പാക്കിസ്താനെ സഹായിക്കുന്ന ചൈനക്കെതിരെ ‘സാമ്പത്തിക യുദ്ധമായി’ ഉല്‍പന്ന ബഹിഷ്കരണം നടത്തണമെന്നായിരുന്നു പ്രചാരണം. ദീപാവലി ആഘോഷിക്കുന്നതിന് ചൈനീസ് നിര്‍മിത അലങ്കാര വിളക്കുകളും വിഗ്രഹങ്ങളും പടക്കങ്ങളും ഉപയോഗിക്കരുതെന്നും ആഹ്വാനമുയര്‍ന്നു. വിശ്വഹിന്ദു പരിഷത് മുതല്‍ ബാബാ രാംദേവ് വരെ ഇത്തരം ആഹ്വാനങ്ങളുമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിച്ചാല്‍ പകരമെന്ത് എന്ന മറുചോദ്യമാണ് വ്യാപാരസമൂഹത്തില്‍നിന്ന് ഉയര്‍ന്നത്. ദേശസ്നേഹമില്ലാഞ്ഞിട്ടല്ളെന്നും പക്ഷേ, വില്‍പനക്ക് ചൈനീസ് ഉല്‍പന്നങ്ങളല്ലാതെ മറ്റൊന്നുമില്ളെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ, ഉല്‍പന്ന ബഹിഷ്കരണമല്ല, ഇന്ത്യന്‍ നിര്‍മിതി വര്‍ധിപ്പിക്കുക എന്നതാണ് പ്രധാനമെന്നും അഭിപ്രായമുയര്‍ന്നു. 
അതിനിടയിലാണ് ചൈനീസ് മുട്ടയും അരിയും വിറ്റഴിക്കുന്നു എന്ന പ്രചാരണം കേരളത്തിലും ചില മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ മുട്ടക്ക് നിലവിലുള്ള വില കണക്കാക്കിയാല്‍ രാസവസ്തുക്കളുപയോഗിച്ച് ഈ വിലക്ക് കൃത്രിമ മുട്ടയുണ്ടാക്കി വില്‍ക്കാനാവില്ളെന്ന് ശാസ്ത്രലോകം തെളിവ് നിരത്തി സമര്‍പ്പിച്ചെങ്കിലും ‘മുട്ടപ്പേടി’ പൂര്‍ണമായി മാറിയിട്ടില്ളെന്ന് വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നു. അരിയുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. 

വില ഉയരുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ നിര്‍മാണ രംഗം
ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് ഭീഷണിയായി മാറിയ ‘ചൈനാ കടന്നുകയറ്റം’ താമസിയാതെ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ഉല്‍പന്ന രംഗത്തുള്ളവര്‍. കുറഞ്ഞ വിലക്ക് ചൈനീസ് ഉല്‍പന്നങ്ങള്‍ വിപണി പിടിച്ചതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിയാതാവുകയും നിരവധി കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്തു. എന്നാല്‍, പുതിയ സാഹചര്യത്തില്‍, ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വില കൂടുമെന്നാണ് സൂചന. തൊഴിലാളികളുടെ ശമ്പളവര്‍ധനവും ഉല്‍പാദനച്ചെലവ് വര്‍ധിച്ചതുമെല്ലാം കാരണം ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിക്കുകയാണ്. ആഗോളവിപണിയില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു ആവശ്യക്കാര്‍ കുറയുകയും ചെയ്തു. ആഗോള തലത്തില്‍ ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറച്ച് പ്രവര്‍ത്തനങ്ങള്‍ യന്ത്രവത്കരിച്ചു. ഉല്‍പന്നങ്ങളുടെ വില കൂട്ടാതെ ഇനി പിടിച്ചുനില്‍ക്കാനാവില്ല എന്നാണ് കമ്പനികള്‍ പറയുന്നത്. 2010 മുതല്‍ 2015വരെയുള്ള അഞ്ചുവര്‍ഷം ചൈനയില്‍ ഉല്‍പാദന ചെലവില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നില്ല. എന്നാല്‍, ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഉല്‍പാദന ചെലവ് കുത്തനെ വര്‍ധിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇവിടെ നിന്ന് കയറ്റിയയക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാതെ കഴിയില്ളെന്നാണ് ചൈനീസ് കമ്പനികളുടെ ഭാഷ്യം. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഉല്‍പാദകര്‍. 
 

Tags:    
News Summary - chineese import increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.