കഴിഞ്ഞ മൺസൂൺ സീസണിൽ കേരളം നേടിയത് 8392.11 കോടി രൂപയുടെ വിദേശവരുമാനം; എങ്ങനെയെന്നല്ലേ; കേരളത്തിൽ മഴ ആസ്വദിക്കാനെത്തിയെ വിദേശ വിനോദ സഞ്ചാരികളിൽനിന്ന്. കേരളത്തിെൻറ മഴയാസ്വദിക്കാൻ കഴിഞ്ഞ വർഷം എത്തിയത് 10,91,870 വിദേശ ടൂറിസ്റ്റുകളാണ്. ഇതിൽ 70,000 പേർ സൗദിയിൽനിന്ന് മാത്രവും. അതിന് മുമ്പ് 10,000 കോടിവരെ കാലവർഷകാലത്ത് വിദേശ വിനോദ സഞ്ചാരികളിൽനിന്ന് നേടിയ ചരിത്രവുമുണ്ട്.
വിദേശ വിനോദ സഞ്ചാരികളിൽനിന്ന് സംസ്ഥാനത്തെ ടൂറിസം മേഖലക്ക് പ്രതിവർഷം 25,000 കോടിവരെ വരുമാനമുണ്ടെന്നാണ് കണക്ക്. ഇതിൽ 40 ശതമാനവും മൺസൂൺ കാലത്താണ് ലഭിക്കുന്നത്. അറബ് വിനോദ സഞ്ചാരികളാണ് മുഖ്യമായും ഇത്തരത്തിൽ എത്തുന്നത്. മൺസൂൺ സീസണിൽ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകർഷിക്കാനായി ഇത്തവണ ‘കം ഔട്ട് ആൻഡ് പ്ലേ’ എന്ന കാമ്പയിന് തുടക്കം കുറിച്ചതായി ടൂറിസം ഡയറക്ടർ പി. ബാലകിരൺ വിശദീകരിക്കുന്നു. ‘ട്രക്കിങ്, ആയുർവേദ മസാജുകൾ, റിവർ റാഫ്റ്റിങ് തുടങ്ങി നിരവധി ഇനങ്ങളാണ് മൺസൂൺ ടൂറിസത്തിെൻറ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. 2005ലാണ് മൺസൂൺ ടൂറിസത്തിെൻറ സാധ്യത കേരളം തിരിച്ചറിയുന്നത്. അന്നുമുതൽ പ്രത്യേക പ്രചാരണങ്ങളും ആരംഭിച്ചു. ഫലവുമുണ്ടായി. മൂന്നാറിലെ മലനിരകളിലും ആലപ്പുഴയിലെ കായലിലുമെല്ലാം മഴപെയ്തിറങ്ങുന്നത് കാണാൻ ധാരാളം വിദേശ സഞ്ചാരികൾ എത്തുകയും ചെയ്തിരുന്നു.
എന്നാൽ, കഴിഞ്ഞ ഏതാനുംവർഷങ്ങളായി മൺസൂൺ ടൂറിസത്തിെൻറ കാര്യത്തിൽ തിരിച്ചടികളും നേരിട്ടിരുന്നു. 2015ൽ കാലവർഷം പിഴച്ചത് ടൂറിസത്തെയും ബാധിച്ചു. മൺസൂൺ കാലത്ത് കേരളത്തിലെത്തിയവർക്ക് കാണാൻ കഴിഞ്ഞത് കടുത്ത വെയിലും ചൂടുമാണ്. 2016ലാകെട്ട വിവിധയിനം പനികളെക്കുറിച്ചുള്ള പ്രചാരണങ്ങൾ തിരിച്ചടിയായി. പക്ഷിപ്പനി, പന്നിപ്പനി, ചിക്കൻഗുനിയ, ഡെങ്കി, കുരങ്ങുപനി എന്നിങ്ങനെ വിവിധയിനം പനികളെ സംബന്ധിച്ച വാർത്തകളും പ്രചാരണങ്ങളും ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു.
2017ൽ ജി.എസ്.ടിയുടെ അനിശ്ചിതത്വവും പാരയായി. മൺസൂൺ ടൂറിസം ഏറ്റവും സജീവമായ ജൂലൈയിലായിരുന്നു ജി.എസ്.ടിയും അവതരിച്ചത്. അതോടെ, 28 ശതമാനംവരെ ജി.എസ്.ടി ചുമത്തിയത് പാരയായി. ഇക്കുറി മഴ ചതിക്കില്ലെന്നും പനി വില്ലനാകില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ടൂറിസം സംരംഭകർ.
‘നിപ’ പേടിയിൽ സംരംഭകർ
ഇൗ സീസണിൽ ടൂറിസം സംരംഭകർ ഭയപ്പെടുന്നത് ‘നിപ’ വൈറസിനെയാണ്. ആഭ്യന്തര വിനോദ സഞ്ചാരികൾ കേരളത്തിലേക്ക് ഏറ്റവുമധികം എത്തുന്ന സീസണുകളിൽ ഒന്നാണ് വേനലവധിക്കാലം. ആഭ്യന്തര വിനോദ സഞ്ചാര സീസൺ കാലത്ത് തന്നെയാണ് നിപ വൈറസ് ബാധ പ്രത്യക്ഷപ്പെട്ടതും. അതോടെ കേരളത്തിലേക്കുള്ള യാത്ര പലരും റദ്ദാക്കി. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 10 ശതമാനത്തിെൻറ ഇടിവ് ഇക്കുറിയുണ്ടായതായാണ് വിനോദസഞ്ചാര സംരംഭകർ പറയുന്നത്.
വടക്കൻ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബുക്കിങ്ങാണ് കാര്യമായി ഇടിഞ്ഞത്. നിപ വൈറസ് വ്യാപനം നിയന്ത്രണാധീനമായെന്ന വാർത്തകൾ ആശ്വാസം പകരുന്നതിനിടെയാണ് വീണ്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇത് ടൂറിസം മേഖലയിൽ വീണ്ടും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇത് വാർത്തയായ സ്ഥിതിക്ക് വിദേശ വിനോദസഞ്ചാരികളുടെ ഒഴുക്കിനെ ബാധിക്കുമോ എന്നാണ് ആശങ്ക.
വില്ലനായി ‘നെഗറ്റിവ് റിവ്യൂ’
വിനോദ സഞ്ചാര രംഗത്ത് കേരളത്തിെൻറ മുഖ്യ എതിരാളി ‘നെഗറ്റിവ് റിവ്യൂ’. ടൂറിസം സൈറ്റുകളിലെ റിവ്യൂ വായിച്ച് സന്ദർശിക്കേണ്ട രാജ്യങ്ങൾ തിരഞ്ഞെടുക്കുന്ന രീതി പതിവായ കാലത്താണ് കേരളത്തിന് പാരയായി നെഗറ്റിവ് റിവ്യൂകൾ പ്രത്യക്ഷപ്പെടുന്നത്. വിദേശ വനിതയുടെ മരണം മുതൽ നിപ വൈറസ്വരെ ഇത്തരം വിരുദ്ധ വിശകലനങ്ങൾക്ക് വിഷയമാകുന്നുമുണ്ട്. മുൻ വർഷങ്ങളിലും നെഗറ്റിവ് റിവ്യൂ വില്ലനായിരുന്നു. കേരളത്തിലെ തെരുവുകൾക്ക് വൃത്തിയില്ല, െതരുവ് നായ് ശല്യം തുടങ്ങിയവയും വിരുദ്ധ വിശകലനങ്ങളായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം ജൂണിൽ കൊച്ചിയിൽ നടന്ന ഇൻറര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ടൂറിസം ടെക്‌നോളജി (ഐ.സി.ടി.ടി^2017) സമൂഹ മാധ്യമങ്ങളിലെ എതിർ പ്രചാരണങ്ങളെപ്പറ്റി വിശദമായി ചർച്ച നടത്തിയിരുന്നു. വാട്‌സ്ആപ്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വൈബ്‌സൈറ്റിലെ ഉള്ളടക്കം, യൂട്യൂബ് തുടങ്ങിയവയിൽകൂടിയുള്ള പ്രതിരോധമായിരുന്നു അന്ന് മുഖ്യ ചർച്ച വിഷയം.
റിവ്യൂ വെബ്‌സൈറ്റുകള്‍ നിരീക്ഷിച്ച് ആവശ്യമായ ഇടപെടൽ നടത്തി നിഷേധാത്മകമായ സമീപനങ്ങൾ തിരുത്തിയില്ലെങ്കിൽ വിനോദസഞ്ചാരികളുടെ എണ്ണം കുറയുമെന്ന ആശങ്ക സംരംഭകർക്കുണ്ട്. ലാത്വിയൻ വനിതയുടെ കൊലപാതകം മുതൽ വിദേശികൾക്ക് നേരെയുള്ള കൈയേറ്റങ്ങൾവരെ സൈറ്റുകളിൽ ചർച്ചയാകുന്നുണ്ട്. ഇത് വിദേശ സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കും. ചെറിയ കാര്യങ്ങളില്‍പോലും മോശം വിശകലനം ഉണ്ടായാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് സംരംഭകരുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.