പത്ത് ഗ്രാം സ്വർണം നിക്ഷേപം എന്ന നിലയിൽ കൈയിൽവെച്ചവർക്ക് കഴിഞ്ഞവർഷമുണ്ടായ ലാഭം 714 രൂപ
സ്വർണത്തിന് പുതിയ സാമ്പത്തികവർഷം നല്ലകാലമാണോ? കഴിഞ്ഞവർഷത്തെ ക്ഷീണം മാറ്റാൻ മഞ്ഞലോഹത്തിന് ഇൗ വർഷം കഴിയുമോ? മികച്ച നിക്ഷേപ മാർഗമെന്ന ഖ്യാതി തിരിച്ചുപിടിക്കാനാകുമോ?
നിക്ഷേപകർക്കിടയിലും വ്യാപാരികൾക്കിടയിലും ഉയരുന്ന ചോദ്യങ്ങളാണിവ. 2018 കലണ്ടർ വർഷത്തിലെ ആദ്യ രണ്ടുമാസം നൽകുന്നത് ശുഭസൂചനയാണെന്ന് വ്യാപാര രംഗത്തുള്ളവർ പറയുന്നു. ഒപ്പം, നികുതി വ്യവസ്ഥയിലെ സങ്കീർണതകൾ ശുഭപ്രതീക്ഷയിൽ കരിനിഴൽ വീഴ്ത്തുേമാ എന്ന ആശങ്കയുമുണ്ട്.
നിക്ഷേപം എന്ന നിലക്ക് 2017 സ്വർണത്തിന് തിളക്കമുള്ള വർഷമായിരുന്നില്ല. പ്രതീക്ഷയനുസരിച്ച് വില ഉയർന്നില്ല എന്നതാണ് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് അകറ്റിയത്. കഴിഞ്ഞവർഷം ജനുവരിയിൽ സ്വർണവില പത്ത് ഗ്രാമിന് 27,445 രൂപയായിരുന്നു. വർഷാവസാനം ആയപ്പോൾ ഇത് 28,159 എന്ന നിലയിലേക്ക് ഉയർന്നു.
അതായത്, പത്ത് ഗ്രാം സ്വർണം നിക്ഷേപം എന്ന നിലയിൽ ഒരുവർഷം മുഴുവൻ കൈയിൽവെച്ചയാൾക്ക് വർഷാവസാനമുണ്ടായ ലാഭം 714 രൂപ മാത്രം. 2015ലെ പോലെ നഷ്ടം വന്നില്ല എന്ന് ആശ്വസിക്കാം. 2012ൽ വില കുതിച്ചുയരുന്ന കാലത്താണ് ആഭരണം എന്നതിലുപരി നിക്ഷേപം എന്ന നിലക്ക് പലരും സ്വർണത്തെ സമീപിച്ച് തുടങ്ങിയത്. സ്വർണ നാണയങ്ങളും മറ്റുമായി പലരും സമ്പാദ്യം സൂക്ഷിക്കാൻ തുടങ്ങി. പ്രവണത മനസിലാക്കിയ ജ്വല്ലറികൾ മാത്രമല്ല, ധനകാര്യ സ്ഥാപനങ്ങളും സ്വർണ നാണയ വിൽപനയുമായി അന്ന് രംഗത്തിറങ്ങി. 2012 െസപ്റ്റംബര് 14ന് സ്വർണവില റെക്കോഡ് കുറിച്ചു; ഗ്രാമിന് 3020 രൂപ എന്ന നിലയിൽ. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ കഷ്ടകാലമായിരുന്നു. 2015 ആഗസ്റ്റിൽ വില 2340 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തൊട്ടടുത്തത് വില ഉയരുന്ന വർഷമായിരുന്നു. 2016 ആഗസ്റ്റിൽ ഗ്രാമിന് 2830 രൂപ എന്ന നിലയിലെത്തി. 2017ൽ വീണ്ടും ഇടിഞ്ഞു. 2745ലേക്ക്. എന്നാൽ, പുതിയ വർഷം തുടക്കത്തിൽ 2830 എന്ന നിലയിലേക്ക് വീണ്ടും ഉയരുകയും ചെയ്തു. അമേരിക്കൻ ഡോളർ ശക്തിപ്പെടാത്തിടത്തോളം പുതിയ വർഷത്തിൽ പ്രതീക്ഷക്ക് വകയുണ്ടെന്ന നിഗമനത്തിലാണ് സ്വർണത്തെ നിക്ഷേപമായി കാണുന്നവർ.
ഇന്ത്യയിൽ ചതിച്ചത് ജി.എസ്.ടി
2016 നവംബർ എട്ടിലെ നോട്ട് നിരോധന ആഘാതത്തിൽ നിന്ന് തിരിച്ചുകയാറാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു 2017ൽ സ്വർണ വിപണി തുടങ്ങിയത്. വർഷത്തിെൻറ ആദ്യപകുതിയിൽ പ്രതീക്ഷക്ക് അനുസരിച്ച ചലനങ്ങൾ വിപണിയിലുണ്ടാവുകയും ചെയ്തു. എന്നാൽ, രണ്ടാം പകുതിയിൽ ജി.എസ്.ടി ചതിച്ചു. ജി.എസ്.ടി നടപ്പാക്കിയ ജൂലൈ ഒന്നിന് മുമ്പുവരെ സ്വർണത്തിന് 1.2 ശതമാനം മാത്രമായിരുന്നു വിൽപന നികുതി. അതുതന്നെ നൽകാൻ പലരും മടിച്ചു. നികുതി ഒഴിവാക്കുന്നതിനായി മിക്ക ഉപഭോക്താക്കളും ബില്ല് ഇല്ലാതെ സ്വർണം വാങ്ങുന്നത് ശീലമാക്കുകയും ചെയ്തിരുന്നു. ജി.എസ്.ടി വന്നതോടെ സ്വർണ നികുതി ഒറ്റയടിക്ക് ഇരട്ടിയിലേറെയായി.
മൂന്ന് ശതമാനമാണ് സ്വർണത്തിന്മേലുള്ള ജി.എസ്.ടി. ഇത് കൂടാതെ, രണ്ടുലക്ഷം രൂപക്കും മറ്റും സ്വർണം വാങ്ങുന്നവർ പാൻ നമ്പർ, പണത്തിെൻറ ഉറവിടം സംബന്ധിച്ച രേഖ തുടങ്ങിയവ നൽകുകയും വേണം. ഇതോടെ സ്വർണ വിപണി വീണ്ടും മങ്ങി. ഉറവിടം വ്യക്തമാക്കൽ, പാൻ നമ്പർ നൽകൽ പോലുള്ള നിബന്ധനകൾ ചെറുകിട, ഇടത്തരം ഉപഭോക്താക്കളെ സ്വർണ വിപണിയിൽ നിന്ന് അകറ്റി. ചെറുകിട വ്യാപാരികളെയാണ് ഇത് ഏറെ വലച്ചത്. ഇന്ത്യയിലെ മൊത്തം സ്വർണ വിപണിയുടെ മൂന്നിൽ രണ്ടുഭാഗവും ചെറുകിട സ്വർണ വ്യാപാരികൾ വഴിയാണ് എന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വിശദീകരിക്കുന്നത്. ഇതൊക്കെയായിട്ടും 2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സ്വർണാഭരണ വിൽപനയിൽ 12 ശതമാനത്തിെൻറ വർധനവുണ്ടായി എന്നാണ് കണക്ക്.
െചെന കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇൗ വർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 700^800 ടൺ ആയിരിക്കുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഇത് 727 ടൺ ആയിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ കണക്കിൽ പ്രതിവർഷ ശരാശരി സ്വർണ ഉപഭോഗം 840 ടൺ ആയിരുന്നു. ജി.എസ്.ടി നിരക്കിൽ കാര്യമായ മാറ്റം വിപണി പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഇൗ വർഷം ആഭരണ വിൽപനയിൽ 10 ശതമാനത്തിെൻറയെങ്കിലും വർധന പ്രതീക്ഷിക്കുന്നുണ്ട്.
നികുതി വർധിച്ചു; കള്ളക്കടത്തും
ഇന്ത്യയിൽ സ്വർണത്തിെൻറ വിൽപന നികുതിയും ഇറക്കുമതിച്ചുങ്കവും ഉയർന്ന് നിൽക്കുന്നതിനാൽ കള്ളക്കടത്ത് സമീപകാലത്തായി വർധിച്ചിരിക്കുകയാണ്. 2013ന് ശേഷമാണ് കള്ളക്കടത്ത് പ്രവണത ഗണ്യമായി വർധിച്ചതെന്നാണ് വിലയിരുത്തൽ. 2013ൽ സ്വർണത്തിന് 10 ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയ ശേഷമാണിത്. സ്വർണ കള്ളക്കടത്ത് നിരുത്സാഹപ്പെടുത്തുന്നതിനായി ഇറക്കുമതിച്ചുങ്കം ആറ് ശതമാനമെങ്കിലുമാക്കി കുറക്കണമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള ചർച്ചയിലും സ്വർണ വ്യാപാരി സംഘടന പ്രതിനിധികൾ ധനമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. പക്ഷേ, പരിഗണിക്കപ്പെട്ടില്ല. 2016ൽ 120 ടൺ സ്വർണം രാജ്യത്തേക്ക് നികുതിവെട്ടിച്ച് അനധികൃതമായി കൊണ്ടുവന്നിട്ടുണ്ടെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ കണക്ക്.
രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം ദിനേന്താറും കള്ളക്കടത്ത് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടുണ്ട്. ഇതോടെ കള്ളക്കടത്ത് സംഘങ്ങൾ ബദൽ മാർഗങ്ങൾ തേടി. ഡൽഹിയിൽ ശ്രദ്ധയിൽപെട്ടത് ചൈനക്കാരെ ഉപയോഗിച്ചുള്ള കള്ളക്കടത്താണ്. നാലുകിലോ സ്വർണം ബാറുകളാക്കി പോക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിനാണ് ചൈന പൗരൻ പിടിയിലായത്. നേരിട്ട് സ്വർണക്കടത്ത് ബുദ്ധിമുട്ടായതോടെ മ്യാന്മറിലെത്തിച്ച് അതിർത്തികടത്തി ട്രെയിൻ മാർഗം സ്വർണം കടത്തുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇറക്കുമതി തീരുവ വെട്ടിച്ച് സ്വർണം ഇന്ത്യയിലെത്തിച്ച് ജി.എസ്.ടിയും വെട്ടിച്ച് ആഭരണങ്ങളാക്കി വിൽപന നടത്തുന്ന സംഘങ്ങളും ഏറെയാണ്.
സ്വർണക്കള്ളക്കടത്തിന് നിലവിലുള്ള പിഴ ശിക്ഷ തീരെ അപര്യാപ്തമാണ്. അതിനാലാണ് കള്ളക്കടത്തിന് പിടിയിലാകുന്നവർ പിഴയടച്ച് രക്ഷപ്പെട്ടശേഷം വീണ്ടും ഇത് ആവർത്തിക്കുന്നത്. ഇൗ സാഹചര്യത്തിൽ പാസ്പോർട്ട് പിടിച്ചെടുക്കുക എന്നതാണ് ഫലപ്രദമായ വഴിയെന്ന് കസ്റ്റംസ് വിദേശ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. തുടർച്ചയായി കള്ളക്കടത്ത് കേസുകളിൽപെടുന്നവർക്ക് പാസ്പോർട്ട് പിടിച്ചെടുക്കലിന് മുന്നോടിയായുളള കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.