തിരുവനന്തപുരം: കെട്ടിട ഉടമ വാടക കരാർ രജിസ്റ്റർ ചെയ്യുമ്പോൾ ജി.എസ്.ടി നൽകുന്ന തുകക്കുകൂടി സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തണമെന്ന പാലക്കാട് ജില്ല രജിസ്ട്രാറുടെ ഉത്തരവ് വിവാദമാകുന്നു. പാലക്കാട് സബ് രജിസ്ട്രാർ ഒാഫിസിൽ 2017 ഒക്ടോബർ 10ന് രജിസ്റ്റർ ചെയ്ത 15 വർഷത്തേക്കുള്ള വാടക കരാറിന് 10,96,640 രൂപ ശരാശരി വാർഷിക പാട്ടം കണക്കാക്കി 1,76,200 രൂപയുടെ മുദ്രപ്പത്രത്തിൽ എഴുതി പെൻഡിങ് ആധാരമാക്കി രജിസ്റ്റർ ചെയ്ത കരാർ ഉടമ്പടിക്കാണ് ജില്ല രജിട്രാർ വിവാദ ഉത്തരവിറക്കിയത്. വാടകക്കാരൻ എട്ട് ശതമാനം നിരക്കിൽ ജി.എസ്.ടി നൽകണമെന്നും അപ്രകാരം നൽകുന്ന തുകക്ക് കൂടി സ്റ്റാമ്പ് ഡ്യൂട്ടി നൽകണമെന്നുമാണ് ഉത്തരവിലുള്ളത്.
15 വർഷത്തേക്കുള്ള വാടകത്തുകയായി കെട്ടിട ഉടമക്ക് വാടകക്കാരൻ നൽകുന്ന 29,60,941രൂപക്ക് എട്ട് ശതമാനം നിരക്കിൽ 2,36,876 രൂപ ജി.എസ്.ടി നൽകണമെന്നാണ് ജില്ല രജിസ്ട്രാർ ഉത്തരവിൽ പറയുന്നത്.
പ്രതിമാസം 67,770 രൂപ വാടകക്ക് നൽകുന്ന കെട്ടിടം 15 വർഷം വാടകക്ക് നൽകുമ്പോൾ ജി.എസ്.ടി നൽകുന്ന തുക കൂടി കണക്കാക്കി 4,13,040 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായി വേണമെന്നാണ് ജില്ല രജിസ്ട്രാർ കണ്ടെത്തിയിരിക്കുന്നത്. ഇത് പ്രകാരം 2,36,840 രൂപ വാടക കരാർ രജിസ്ട്രാർ ചെയ്തതിൽ കുറവുണ്ടെന്നും പിഴയായി 1000 രൂപയും ഉൾപ്പെടെ പണം അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം ഈടാക്കുമെന്നും ജില്ല രജിസ്ട്രാരുടെ ഉത്തരവിലുണ്ട്.
വാടകക്കാരൻ എട്ട് ശതമാനം നിരക്കിൽ ജി.എസ്.ടി ഏത് കണക്കിലാണെന്നാണ് അടയ്ക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമല്ല. 28,18, 12, അഞ്ച് ശതമാനം നിരക്കിലാണ് ജി.എസ്.ടി നികുതി ഈടാക്കുന്നത്. പാലക്കാട് ജില്ല രജിസ്ട്രാറുടെ ജി.എസ്.ടി കണക്കാക്കുന്ന ഉത്തരവിനെ ചോദ്യംചെയ്ത് ആധാരം എഴുത്ത് യൂനിയൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.