ന്യൂഡൽഹി: ഫ്ലിപ്കാർട്ട്, ആമസോൺ, സ്നാപ്ഡീൽ തുടങ്ങിയ ഒാൺലൈൻ വ്യാപാരസ്ഥാപനങ്ങൾ ചരക്കു സേവന നികുതിയിനത്തിൽ കൂടുതൽ ഇൗടാക്കിയ തുക ഉപഭോക്താക്കൾക്ക് തിരിച്ചുനൽകിയോ എന്ന കാര്യം അന്വേഷിക്കണമെന്ന് ‘ദേശീയ കൊള്ളലാഭവിരുദ്ധ അതോറിറ്റി’ (നാഷനൽ ആൻറി പ്രോഫിറ്റീറിങ് അതോറിറ്റി) ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. സെൻട്രൽ ബോർഡ് ഒാഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിലെ ഒാഡിറ്റ് വിഭാഗത്തിനാണ് അതോറിറ്റി നിർദേശം നൽകിയത്. ഫ്ലിപ്കാർട്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.
ഒാൺലൈൻ കമ്പനികളിൽനിന്ന് സാധനങ്ങൾ വാങ്ങാനായി ഒാർഡർ നൽകുന്ന സമയത്ത് ഇൗടാക്കിയ ചരക്കു സേവന നികുതി ഉപഭോക്താവിന് ലഭ്യമാകുന്ന കാലയളവിൽ കുറഞ്ഞതുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. ഒാർഡർ നൽകുന്ന സമയത്ത് അധിക നികുതിയടക്കമാണ് ഉപഭോക്താവ് സാധനങ്ങൾക്ക് വിലയായി നൽകുന്നത്.
ഇത്തരത്തിൽ അധികമായി നികുതിയിനത്തിൽ ഇൗടാക്കിയ പണം ഉപഭോക്താക്കൾ തിരികെ നൽകണമെന്നാണ് ചട്ടം.
ഇത്തരം കമ്പനികൾ ഇത് കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിേശാധിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പരിശോധന റിപ്പോർട്ട് അതോറിറ്റിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. കഴിഞ്ഞ നവംബർ 15ന് 200ഒാളം നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറക്കാൻ കേന്ദ്ര ധനമന്ത്രി ചെയർമാനായ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചതിനെ തുടർന്നാണ് പരാതി ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.