മുംബൈ: മലയാളിയായ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥൻ രാജിവെച്ചു. പാലക്കാട് നൂറണി സ്വദേശിയാണ ഇദ്ദേഹം. ജൂണിൽ വിരമിക്കാനിരിക്കെ ആരോഗ്യ പ്രശ്നങ്ങ ൾ ചൂണ്ടിക്കാട്ടിയാണ് രാജി. മാനസിക സമ്മർദത്തെ തുടർന്ന് വിശ്രമ ജീവിതത്തിന് ഡോക്ടർമാർ നിർദേശിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ റിസർവ് ബാങ്കിൽനിന്നുള്ള മൂന്നാമത്തെ രാജിയാണിത്.
റിസർവ് ബാങ്കിലെ കേന്ദ്ര സർക്കാറിെൻറ ഇടപെടലുകളെ രൂക്ഷമായി വിമർശിച്ചിരുന്ന ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യ കഴിഞ്ഞ ജൂണിലാണ് രാജിവെച്ചത്. സമ്പദ് ഘടന കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ബാങ്കിങ് നിയമകാര്യങ്ങളിൽ വിദഗ്ധനായ വിശ്വനാഥിെൻറ രാജി ഏറെ ചർച്ചയായിട്ടുണ്ട്. നാലു പതിറ്റാണ്ട് നീണ്ട സേവനം അവസാനിപ്പിച്ച് ഇൗ മാസം 31 അദ്ദേഹം റിസർവ് ബാങ്കിെൻറ പടിയിറങ്ങും.
മുൻ റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പട്ടേലിെൻറ വലംകൈയും റിസർവ് ബാങ്കിെൻറ അധികവരുമാനം കേന്ദ്ര സർക്കാറിന് നൽകുന്നതിനെ ശക്തമായി എതിർത്തയാളുമാണ് വിശ്വനാഥൻ. ഉൗർജിത് പട്ടേലിന് ശേഷം റിസർവ് ബാങ്ക് ഗവർണറാകുമെന്ന് കരുതപ്പെട്ടിരുന്നു.
1981ൽ റിസർവ് ബാങ്കിലെത്തിയ വിശ്വനാഥൻ ബാങ്കിങ് നിയമാവലിയിലെ അവസാനവാക്കായി മാറിയിരുന്നു. 2016ലാണ് മൂന്നു വർഷത്തേക്ക് ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്. ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായതിനു ശേഷം കഴിഞ്ഞ ജൂണിൽ കാലാവധി നീട്ടി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.