ന്യൂഡൽഹി: ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാൻ എക്സൈസ് തീരുവ കുറക്കില്ലെന്ന് മന്ത്രി അരുൺ ജെയ്റ്റ്ലി. സർക്കാറിലേക്ക് നികുതി അടക്കാൻ ജനങ്ങൾ കൂടുതൽ ആത്മാർഥത കാണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരത്തിൽ ദേശബോധം പ്രകടമാക്കി രാജ്യത്തോടുള്ള ചുമതല നിർവഹിക്കണം. ശമ്പളം പറ്റുന്നവരാണ് ഇപ്പോൾ നേരെചൊവ്വേ നികുതി അടക്കുന്നത്. മറ്റു മിക്ക വിഭാഗക്കാരും ശരിയായ നികുതി കൊടുക്കുന്നില്ല. ശരിയായി നികുതി അടക്കുന്നവർ, നികുതി വെട്ടിപ്പുകാരുടെ ഭാരംകൂടി വഹിക്കേണ്ട സ്ഥിതിയുണ്ട്. അതുകൊണ്ട് രാഷ്ട്രീയ നേതാക്കളും അഭിപ്രായം സ്വരൂപിക്കുന്നവരുമൊക്കെ നികുതി വെട്ടിപ്പിനെതിരായ നിലപാട് സ്വീകരിക്കണമെന്നാണ് തെൻറ അഭ്യർഥന -ജെയ്റ്റ്ലി പറഞ്ഞു.
സർക്കാർ വിചാരിച്ചാൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 25 രൂപ കുറക്കാൻ സാധിക്കുമെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ജെയ്റ്റ്ലിയുടെ വിശദീകരണം. കെണിയുള്ള നിർദേശമാണ് ചിദംബരം മുന്നോട്ടു വെക്കുന്നതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. അേദ്ദഹം ധനമന്ത്രിയായിരുന്ന കാലത്ത് അങ്ങനെയൊന്നും വില കുറച്ചില്ല. വലിയ കടക്കെണിയിലേക്ക് ഇന്ത്യയെ തള്ളിവിടുന്നതാണ് ഇത്തരം നിർദേശങ്ങൾ.
എക്സൈസ് തീരുവ കുറക്കുന്നത് സർക്കാറിെൻറ പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കും. ഇന്ധന നികുതിയാണ് പ്രധാന വരുമാന മാർഗം. അതിനെ ആശ്രയിക്കുന്ന രീതി മാറണമെങ്കിൽ ശരിയായ നികുതി വിഹിതം സത്യസന്ധമായി അടക്കാൻ ജനങ്ങൾ തയാറാകണം. സാമ്പത്തിക അച്ചടക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. അത് പാളിപ്പോകാൻ അനുവദിക്കില്ല.
നല്ല സാമ്പത്തിക സ്ഥിതിയുള്ളപ്പോൾ മാത്രമാണ് ഉപയോക്താക്കൾക്ക് ഇളവുകൾ നൽകാൻ കേന്ദ്രസർക്കാറിന് സാധിക്കുക. മൊത്ത ആഭ്യന്തര വരുമാനത്തിൽ നികുതിയുടെ അനുപാതം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എണ്ണവില അസാധാരണമായി ഉയർന്നതു വഴി സംസ്ഥാന സർക്കാർ അധികവരുമാനം നേടുന്നതായും ധനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് വർഷമാണ് എന്നത് കണക്കാക്കാതെ ധനക്കമ്മി 3.3 ശതമാനമായി കുറച്ചു കൊണ്ടുവരാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് ഇതിനിടെ, ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ പറഞ്ഞു.
ഇന്ധനവിലയുടെ ഘടന
പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ (ലിറ്ററിന് ഡൽഹിയിൽ തിങ്കളാഴ്ചത്തെ വിലയുടെ അടിസ്ഥാനത്തിൽ)
ഡീലർമാരിൽനിന്ന് ഇൗടാക്കുന്ന വില (എക്സൈസ് നികുതിക്കും വാറ്റിനും പുറമെ): 37.02, 39.96
എക്സൈസ് നികുതി: 19.48, 15.33
ഡീലർ കമീഷൻ (ശരാശരി): 3.62, 2.52
വാറ്റ് (ഡീലർ കമീഷെൻറ വാറ്റ് ഉൾപ്പെടെ): 16.23, 9.97
ചില്ലറ വിൽപ്പന വില: 76.35, 67.78
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.