കൊച്ചി: കർണാടക തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ടർമാരെ കൈയിലെടുക്കാൻ കേന്ദ്രസർക്കാർ രഹസ്യ ഇടപെടലിലൂടെ പിടിച്ചുനിർത്തിയ ഇന്ധനവില വൈകാതെ ഉയരുമെന്ന് സൂചന. സർവകാല റെക്കോഡിലെത്തിയശേഷം 12 ദിവസമായി ഒരേ നിലയിൽ തുടരുന്ന പെട്രോൾ, ഡീസൽ വിലകൾ കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉയർന്നുതുടങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പെട്രോൾ, ഡീസൽ വിലകൾ ഏപ്രിൽ 23ന് സർവകാല റെക്കോഡിലെത്തിയിരുന്നു.
എന്നാൽ, 24 മുതൽ നിരക്കിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒപെക് രാജ്യങ്ങൾ ഉൽപാദനം വെട്ടിക്കുറച്ചതിെൻറ പേരിൽ അസംസ്കൃത എണ്ണവില ഉയർന്നത് ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ ഒാരോ ദിവസവും 20 മുതൽ 50 പൈസ വരെ ഉയർത്തിയിരുന്നത്. ഇൗ വർഷം ജനുവരി ഒന്നിനുശേഷം പെട്രോൾ ലിറ്ററിന് 4.84 രൂപയും ഡീസലിന് 6.65 രൂപയും വർധിച്ചിട്ടുണ്ട്.
എന്നാൽ, ഏപ്രിൽ 24നുശേഷം അസംസ്കൃത എണ്ണവിലയിൽ പലതവണ ഏറ്റക്കുറച്ചിലുണ്ടായിട്ടും ഇന്ധനവിലയെ ബാധിക്കാത്തതാണ് കർണാടക തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിെൻറ രാഷ്ട്രീയ ഇടപെടൽ ഇക്കാര്യത്തിലുണ്ടെന്ന സംശയം ബലപ്പെടുത്തുന്നത്. ഇൗ മാസം 12നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. ഇത് കഴിയുന്നതുവരെ ഇന്ധനവില ഉയർത്തരുതെന്ന് എണ്ണക്കമ്പനികൾക്ക് കേന്ദ്രത്തിെൻറ രഹസ്യ നിർദേശമുണ്ടെന്നാണ് സൂചന.
ശനിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 74.87 ഡോളറാണ്. ഏപ്രിൽ 24ന് ബാരലിന് 74.71 ഡോളറായിരുന്ന എണ്ണവില തുടർന്നുള്ള ദിവസങ്ങളിൽ കയറിയും ഇറങ്ങിയും 75.17 ഡോളർ വരെയെത്തിയെങ്കിലും പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരുകയായിരുന്നു. വില കൂട്ടരുതെന്ന് കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കർണാടകയിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഇൗ നടപടിയെന്നും പ്രതിപക്ഷം ആരോപിച്ചെങ്കിലും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ നിഷേധിക്കുകയായിരുന്നു.
എന്നാൽ, ഏപ്രിൽ 24 വരെ ആഗോള വിപണിയിലെ എണ്ണവിലയുടെ ചുവടുപിടിച്ച് ഇന്ധനവില അതത് ദിവസങ്ങളിൽ ഉയർത്തിയിരുന്ന നടപടി മരവിപ്പിച്ചതിന് കേന്ദ്രത്തിനും എണ്ണക്കമ്പനികൾക്കും വ്യക്തമായ വിശദീകരണമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.