കൊച്ചി: ചെറിയ ഇടവേളക്കുശേഷം ഇന്ധനവില വീണ്ടും ഉയരങ്ങളിലേക്ക്. കഴിഞ്ഞ അഞ്ചുമാസ ത്തെ കൂടിയ നിരക്കിലാണ് പെട്രോൾ, ഡീസൽ വിലകൾ. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇനിയും വില ഗണ്യമായി ഉയരുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 75.11രൂപയും ഡീസലിന് 72.16 രൂപയുമാണ് വ്യാഴാഴ്ചത്തെ വില. കൊച്ചിയിൽ യഥാക്രമം 74.94, 70.15 രൂപയും കോഴിക്കോട്ട് 75.13, 70.43 രൂപയുമാണ് വില.ഈ വർഷം ജനുവരി ഒന്നിനുശേഷം പെട്രോളിന് 3.29 രൂപയും ഡീസലിന് 4.09 രൂപയും കൂടി. ഒക്ടോബറിൽ പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയിലുമെത്തിയിരുന്നു.
എന്നാൽ, പിന്നീട് താഴ്ന്നുതുടങ്ങിയ വിലകൾ ജനുവരിയിൽ യഥാക്രമം 71.82 രൂപയും 67.41 രൂപയുമായി.
തുടർന്ന്, ഓരോ മാസവും വില ഉയരുകയായിരുന്നു. കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്ന ഈ മാസം 23ന് കൃത്യം ഒരാഴ്ച മുമ്പ് വില വീണ്ടും നേരിയ തോതിൽ കുറഞ്ഞുതുടങ്ങി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വ്യാഴാഴ്ചയാണ് വില ഉയർന്നുതുടങ്ങിയത്. വ്യാഴാഴ്ച പെട്രോളിന് ഏഴ് പൈസയും ഡീസലിന് ഒമ്പത് പൈസയും വർധിച്ചു.
അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയും ഡോളർ-രൂപ വിനിമയ നിരക്കുമാണ് ഇന്ധനവില നിശ്ചയിക്കാൻ ആധാരമാക്കുന്നത്. എന്നാൽ, എണ്ണവില കുറഞ്ഞാലും ഇന്ധനവില കുറക്കാൻ മടിക്കുന്ന എണ്ണക്കമ്പനികൾ എണ്ണവിലയിലെ നേരിയ വർധനയുടെ മറവിൽ പലപ്പോഴും ഇന്ധനവില കുത്തനെ ഉയർത്തുന്ന സ്ഥിതിയാണ്.
70.04 ആണ് വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം. അസംസ്കൃത എണ്ണ ബാരലിന് 74.53 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.