മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരായ കള്ളപ്പണ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ ഹാജരായി. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന യെസ് ബാങ്കിൽ ജെറ്റ് എയർവേസിന് 550 കോടി രൂപയുടെ ബാധ്യതയുണ്ട്. മാർച്ച് 18ന് ഹാജരാകാനായിരുന്നു നിർദേശമെങ്കിലും ബന്ധുവിെൻറ അസുഖം കാണിച്ച് ഗോയൽ ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ശനിയാഴ്ച ഹാജരാകാൻ നിർദേശിച്ചത്. യെസ് ബാങ്കിൽ വൻ ബാധ്യതയുള്ള റിലയൻസ് ഗ്രൂപ് ചെയർമാൻ അനിൽ അംബാനി, കോക്സ് ആൻഡ് കിങ്സ് കമ്പനിയുടെ പീറ്റർ കേർകർ എന്നിവരെ എൻഫോഴ്സ്മെൻറ് നേരത്തെ വിളിച്ചുവരുത്തിയിരുന്നു.
വൻതുക വായ്പയെടുത്ത കമ്പനികളിൽനിന്ന് പിൻവാതിലിലൂടെ പണം കൈപ്പറ്റി തിരിച്ചടവ് കാലാവധി അകാരണമായി നീട്ടിനൽകുകയും ക്രമേണ അവ കിട്ടാക്കടമായി മാറുകയും ചെയ്തുവെന്നാണ് റാണ കപൂറിനെതിരായ പരാതി. യെസ് ബാങ്ക് ഉടമയും ബന്ധുക്കളും ചേർന്ന് 4300 കോടി രൂപയുടെ തിരിമറി നടത്തിയെന്ന് എൻഫോഴ്സ്മെൻറ് പറയുന്നു.
10 വൻകിട വ്യവസായ സ്ഥാപനങ്ങൾ മാത്രം 34,000 കോടി രൂപയാണ് യെസ് ബാങ്കിന് നൽകാനുള്ളത്. ബാധ്യത വർധിച്ച് പ്രതിസന്ധിയിലായതോടെ യെസ് ബാങ്ക് ഇടപാടുകൾക്ക് ഈ മാസാദ്യം റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ചയാണ് ഇത് പുനരാരംഭിച്ചത്.
അതേസമയം, സർവിസ് നിർത്തിയ ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയലിനെതിരെ സമാനമായി കള്ളപ്പണ നിയമപ്രകാരം കേസ് നിലവിലുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ജെറ്റ് എയർവേസ് സർവിസ് നിർത്തിയത്.
റാണ കപൂറിനെ ചോദ്യം ചെയ്യാൻ സി.ബി.ഐ
മുംബൈ: കോർപറേറ്റ് കമ്പനികൾക്ക് കിട്ടാകടം നൽകിയതിന് കോടികൾ കൈക്കൂലി വാങ്ങിയ കേസിൽ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ ചോദ്യംചെയ്യാൻ സി.ബി.െഎക്ക് അനുമതി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്ത റാണ അവരുടെ ചോദ്യം ചെയ്യൽ അവസാനിച്ചതോടെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വെള്ളിയാഴ്ചയാണ് മുംബൈ കോടതി സി.ബി.െഎക്ക് അനുമതി നൽകിയത്.
യെസ് ബാങ്ക് സി.ഇ.ഒ ആയിരിക്കെ ഡി.എച്ച്.എഫ്.എൽ കമ്പനിക്ക് രണ്ട് ഘട്ടങ്ങളിലായി തുച്ഛമായ ഇൗടിന് 4450 കോടി രൂപ കടം നൽകിയതിന് റാണ കപൂർ 600 കോടി രൂപ കൈക്കൂലിവാങ്ങിയെന്നാണ് കേസ്. റാണയുടെ ഭാര്യയുടെയും പെൺമക്കളുടെയും പേരിലുള്ള കമ്പനി വഴിയാണ് പണം വാങ്ങിയത്. റാണയും കുടുംബവും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.