ബർദുബൈയിലെ ഖാലിദ് ബിൻ വലീദ് റോഡിലെത്തിയാൽ ആസ്റ്റർ ജൂബിലി മെഡിക്കൽ കോംപ്ലക്സിെൻറ ബഹുനില കെട്ടിടം കാണാം. മൂന്ന് പതിറ്റാണ്ട് മുൻപ് അതൊരു ചെറിയ കെട്ടിടമായിരുന്നു. അതിനുള്ളിലെ രണ്ട് ബെഡ്റൂം അപ്പാർട്ട്മെൻറിെല അൽ റഫ ക്ലിനിക്കിൽ മലയാളികളായ േഡാക്ടർമാർ എത്തിയിട്ടുണ്ടെന്നറിഞ്ഞ പ്രവാസികൾ അവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. 10, 15 ദിർഹമായിരുന്നു പരിശോധന ഫീസ്. ഇംഗ്ലീഷും ഹിന്ദിയും അറബിയും മാത്രം സംസാരിച്ചിരുന്ന ഡോക്ടർമാരെ തങ്ങളുടെ രോഗങ്ങൾ പോലും
പറഞ്ഞ് മനസിലാക്കാൻ കഴിയാതിരുന്ന മലയാളികൾക്ക് ഏറെ ആശ്വാസമായിരുന്നു ഇൗ കുഞ്ഞുക്ലിനിക്ക്. പ്രവാസികൾ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ അങ്ങിങ്ങായി ശാഖകൾ മൊട്ടിട്ടു. വളർന്നു പന്തലിച്ച ആ ക്ലിനിക്കിെൻറ ശാഖയിൽ ഇപ്പോൾ 365ൽ പരം ആതുരാലയങ്ങളുണ്ട്. അതിെൻറ പേരാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. ഇൗ പേരിലെ 'ഡി.എം' ആയിരുന്നു ബർദുബൈയിലെ കൊച്ചുമുറിയിൽ പ്രവാസികൾക്കായി സ്റ്റതസ്കോപ്പെടുത്തതും ആസ്റ്റർ ഗ്രൂപ്പിനെ നട്ടുനനച്ച് വളർത്തിയതും. അതെ, കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രൊഫസറായി വിരമിക്കേണ്ടിയിരുന്ന ഡോ. മൂപ്പൻ എന്ന ആസാദ് മൂപ്പെൻറ ജീവിതം മാറ്റിമറിച്ചത് യു.എ.ഇ എന്ന മഹാരാഷ്ട്രവും ബർദുബൈയിലെ കൊച്ചു ക്ലിനിക്കുമാണ്. ആ കഥയെ കുറിച്ച്, യു.എ.ഇ നൽകിയ സ്നേഹത്തെ കുറിച്ച്, അൽ റഫയിൽ നിന്ന് ആസ്റ്ററിലേക്കുള്ള യാത്രയെ പറ്റി ഇൗ രാജ്യത്തിെൻറ 50ാം വാർഷികത്തിൽ ഡോ. ആസാദ് മൂപ്പൻ ഹൃദയം തുറക്കുന്നു.
ആദ്യ യാത്ര പള്ളിപ്പിരിവിന്
1987ലെ ജനുവരി മാസം. യു.എ.ഇയിൽ അന്ന് തണുപ്പ്കാലമാണ്. ഗൾഫെന്നാൽ മരുഭൂമിയാണെന്നും കൊടുംചൂടാണെന്നും കേട്ടറിഞ്ഞ് മാത്രം പരിചയമുള്ള നാലഞ്ച് ചെറുപ്പക്കാർ യു.എ.ഇയിൽ വിമാനമിറങ്ങി. കൽപകഞ്ചേരി പള്ളിയുടെ പിരിവായിരുന്നു ലക്ഷ്യം. കോഴിക്കോട് മെഡിക്കൽ കോളജിലെ അധ്യാപകനായ ആസാദ് മൂപ്പനും ഇൗ സംഘത്തിലുണ്ടായിരുന്നു. മൂന്നാഴ്ച തങ്ങണം, കുറച്ച് പണം പിരിക്കണം, ദുബൈ കാണണം, തിരിച്ചുപോകണം.. അത്രമാത്രമെ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. 'അതൊരു ചാരിറ്റി പ്രവർത്തനമായിരുന്നു. അതിെൻറ ബർക്കത്താവാം തെൻറ തുടർവിജയങ്ങൾക്ക് കാരണം'^ ഇൗ യാത്രയെ കുറിച്ച് ആസാദ് മൂപ്പന് പറയാനുള്ളത് ഇതാണ്.
അജ്മാനിൽ പിരിവിനെത്തിയപ്പോഴാണ് ഡോ. അലിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മെഡിക്കൽ കോളജിൽ മൂന്ന് ബാച്ച് സീനിയറായി പഠിച്ച അലിയാണ് ആസാദ് മൂപ്പനെ യു.എ.ഇയിലെ ആതുരസേവനത്തിലേക്ക് ആദ്യമായി ക്ഷണിക്കുന്നത്. അലിയുടെ ക്ലിനിക്ക് കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശമുണ്ടെന്നും ഒപ്പം കൂടാൻ താൽപര്യമുണ്ടോ എന്നുമായിരുന്നു ചോദ്യം. അതുവരെ ഗൾഫ് ജീവിതത്തെ കുറിച്ച് ആലോചിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. അന്ന് മെഡിക്കൽ കോളജിൽ അഞ്ച് വർഷം വരെ ലീവെടുക്കാൻ അവസരമുണ്ടായിരുന്നതിനാൽ നാട്ടിലെത്തി ഭാര്യയോടും കുടുംബത്തോടും ആലോചിച്ചു. മനസില്ലാ മനസോടെയാണെങ്കിലും അവർ സമ്മതിച്ചു. രണ്ട് വർഷം ഗൾഫിൽ നിൽക്കണം, ഫോറിൻ കാറുമായി നാട്ടിൽ വരണം.. ഇതെല്ലാമായിരുന്നു സ്വപ്നങ്ങൾ. അലിയുടെ വിസിറ്റ് വിസയിൽ ഷാർജയിലാണ് വിമാനമിറങ്ങിയത്.
വൈകാതെ അബൂദബിയിലെത്തി ലൈസൻസ് പരീക്ഷയിൽ പെങ്കടുത്തു. മുൻപ് മെഡിക്കൽ കോളജിൽ പഠിപ്പിച്ച കാർഡിയോളജിസ്റ്റ് ഡി.വി. നായർ ആയിരുന്നു ഗവ. ഹോസ്പിറ്റലിലെ കാർഡിയോളജി ഡിപാർട്ട്മെൻറ് തലവൻ. അവിടെയായിരുന്നു ഇൻറർവ്യൂ. ഇതെല്ലാം പൂർത്തിയാക്കി അജ്മാനിൽ പ്രാക്ടീസ് തുടങ്ങാനിരിക്കുേമ്പാഴാണ് ഡോ. അലിയുടെ ചോദ്യം 'ആസാദിന് ദുബൈയിൽ പോയി സ്വന്തമായി ക്ലിനിക്ക് തുടങ്ങിക്കൂേട'. ഞെട്ടലോടെയാണ് ഇൗ ചോദ്യം ശ്രവിച്ചത്. ഡോ. അലിയോടൊപ്പം ക്ലിനിക്ക് തുടങ്ങാനെത്തിയ താൻ എങ്ങിനെയാണ് ദുബൈയിൽ സ്വന്തം ക്ലിനിക്ക് തുടങ്ങുന്നതെന്നായിരുന്നു ആേലാചന. വേണ്ട എന്ന് പല തവണ മനസ് പറഞ്ഞെങ്കിലും ഡോ. അലി വീണ്ടും നിർബന്ധിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിെൻറ സ്നേഹപൂർവമായ നിർബന്ധത്തിന് വഴങ്ങിയാണ് ദുബൈയിലെത്തിയത്. ഇതായിരുന്നു ടേണിങ് പൊയൻറ്. ഇൗ അലിയാണ് ഇപ്പോൾ കോഴിക്കോട് മിംസിെൻറ ചെയർമാൻ.
ഫറൂഖ് കോളജിൽ ഒപ്പം പഠിച്ച സുഹൃത്തുക്കളും നാട്ടുകാരും കാര്യമായി സഹായിച്ചിരുന്നു. സി. മുഹമ്മദ്, പോസ്റ്റാഫിസിലെ റഹീം, മജീദ്, മുഹമ്മദ് കുട്ടി, മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഹംസ, നാട്ടുകാരനായ യാഹൂ, ബന്ധു ഷംസുദ്ദീൻ തുടങ്ങിയവരെല്ലാം ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചു. ഫാർമസിസ്റ്റായിരുന്ന നാട്ടികക്കാരൻ അബ്ദു റഹ്മാൻ നൽകിയ പ്രചോദനം ചെറുതല്ല. ബർദുബൈയിലെ ആസ്റ്റർ ജൂബിലി മെഡിക്കൽ സെൻററിനടുത്ത് ക്ലിനിക്കിനുള്ള സ്ഥലമെല്ലാം കാണിച്ച് തന്ന് ഒപ്പം നിന്നത് അബ്ദുറഹ്മാനാണ്. അങ്ങിനെ 1987 ഡിസംബർ 11നാണ് അൽ റഫാ ക്ലിനിക്ക് എന്ന പേരിൽ ആദ്യ ക്ലിനിക്ക് ബർദുബൈയിൽ തുറന്നത്. ഡോ. മുഹമ്മദുമായി ചേർന്ന് ഒരുമിച്ചായിരുന്നു തുടക്കം. പിന്നീട് പീഡിയാട്രീഷനായ ഡോ. സെയ്ദ് ജോയിൻ ചെയ്തു. അഞ്ച് പേരാണ് ക്ലിനിക്കിലുണ്ടായിരുന്നത്. കിട്ടുണ്ണി സർക്കസ് പോലൊയിരുന്നു അന്നത്തെ ക്ലിനിക്ക് എന്ന് ഡോ. മൂപ്പൻ പറയുന്നു. ശീട്ട് കൊടുക്കുന്നതും ചികിത്സിക്കുന്നതും മരുന്ന് നൽകുന്നതും പണം വാങ്ങുന്നതുമെല്ലാം നമ്മൾ തന്നെ. ലൈസൻസിങിനായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വന്നു. മലയാളികൾ നൽകിയ സ്നേഹമായിരുന്നു എല്ലാത്തിനും പ്രചോദനം.
Oasis of peace and prosperity in the middle of the desert... യു.എ.ഇയെ കുറിച്ച് ഡോ. ആസാദ് മൂപ്പെൻറ ഹൃദയത്തിൽനിന്ന് വരുന്ന വാക്കുകൾ ഇതാണ്. മരുഭൂമിയുടെ നടുവിൽ അവസരങ്ങളുടെ അക്ഷയഖനി തീർക്കുന്ന യു.എ.ഇയെ അനുഭവിച്ചറിഞ്ഞയാളുടെ ഉള്ളിൽ നിന്ന് വരുന്ന വാക്കുകളാണിത്.
'യു.എ.ഇയിൽ എത്തിയകാലം തുടങ്ങി കേൾക്കുന്നതാണ് എണ്ണയുടെ കാലം കഴിഞ്ഞെന്ന്. കുടിക്കാൻ വെള്ളം ശുചീകരിച്ചെടുക്കണം, മണ്ണില്ല, മണൽ മാത്രം, ജനങ്ങളില്ല.. ഇതെല്ലാം കാലാകാലങ്ങളായി കേട്ടുപോന്നവയാണ്. ഇവയിൽ പലതും ശരിയായിരിക്കാം. എന്നിട്ടും ഇവിടെ അത്ഭുതം സൃഷ്ടിക്കണമെങ്കിൽ വലിയ കഴിവ് വേണം. ഒന്നുമില്ലായ്മയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മജീഷ്യൻമാരാണ് യു.എ.ഇ ഭരണാധികാരികൾ. അവരുടെ ദീർഘവീക്ഷണമാണ് 50 വർഷംകൊണ്ട് ഇന്നത്തെ യു.എ.ഇയെ സൃഷ്ടിച്ചെടുത്തത്' -ആസാദ് മൂപ്പെൻറ വാക്കുകൾ. ശൈഖ് റാശിദിെൻറ കാലമാണ് കൂടുതലും ഒാർമയിലുള്ളത്. അവരുടെയെല്ലാം കാഴ്ചപ്പാടുകളുടെ ഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. നമ്മുടെ രാജ്യത്ത് എല്ലാം ഉണ്ടെങ്കിലും ഇതുപോലുള്ള നേതാക്കൾ ഇല്ലാത്തതുകൊണ്ടാകാം വികസനം കുറയുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെയും അവസരങ്ങളുടെയും വികസനത്തിെൻറയും കാര്യത്തിൽ ദുബൈയുമായി കംപയർ ചെയ്യാൻ കഴിയുന്നത് സിംഗപ്പൂരാണ്. ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് എല്ലാ സാഹചര്യവും ദുബൈയിലുണ്ട്. ലൈസൻസിങ് പോലുള്ളവയെല്ലാം അതിവേഗം നടക്കും. സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാനും നടപടികൾക്കും ഓൺലൈൻ സംവിധാനമുണ്ട്. ആരോഗ്യമേഖലക്ക് യു.എ.ഇ നൽകുന്ന പ്രാധാന്യം ചെറുതല്ല. യൂനിവേഴ്സൽ ഇൻഷ്വറൻസ് സ്കീം തന്നെ ഉദാഹരണം. ഇൻഷ്വറൻസ് നൽകൽ തൊഴിലുടമയുടെ ഉത്തരവാദിത്വമാക്കി മാറ്റിയതോടെ എല്ലാവർക്കും ചികിത്സ ലഭ്യമാകുന്ന തലത്തിലേക്ക് എത്തി എന്നും അദ്ദേഹം പറയുന്നു.
മുൻ കാലങ്ങളിൽ യു.എ.ഇയിൽ സംരംഭം തുടങ്ങണമെങ്കിൽ സ്വദേശികൾക്ക് നിശ്ചിത ശതമാനം ഷെയർ വേണമെന്ന നിബന്ധനയുണ്ടായിരുന്നു. അന്ന് ദുബൈ പോർട്ടിെൻറ പേഴ്സനൽ മാനേജരായ ജമാൽ മാജിദ് ഖൽഫാൻ ബിൻ താനിയായിരുന്നു റഫ ക്ലിനിക്കിെൻറ സ്പോൺസർ. പണം മുടക്കിയത് ആസാദ് മൂപ്പനാണെങ്കിലും ക്ലിനിക്കും സാമ്പത്തീക ഇടപാടുകളുമെല്ലാം ജമാലിെൻറ പേരിലായിരുന്നു. അതുകൊണ്ട് തന്നെ, സ്പോൺസർ പാലംവലിച്ചാൽ ഏത് വമ്പനും നിലംപൊത്തുന്ന കാലമായിരുന്നു. ഒരിക്കൽ ആസാദ് മൂപ്പനോട് ജമാൽ പറഞ്ഞു^ 'ഇതിൽ എേൻറതായി ഒന്നുമില്ല. എല്ലാം ഡോക്ടറുടേതാണ്. അതിനാൽ, ഉടൻ തന്നെ ഒരു കരാർ ഉണ്ടാക്കണം. എല്ലാം ഡോക്ടറുടേതാണെന്ന് എഴുതിവെക്കണം'. ആശ്ചര്യത്തോടെയാണ് ഇൗ വാക്കുകൾ കേട്ടത്. ഇതാണ് ഇമാറാത്തികളുടെ സ്നേഹം. 51 ശതമാനം ഒാഹരി പങ്കാളത്തിമുള്ള ഒരാൾക്ക് എന്തും ചെയ്യാമെന്നിരിക്കെ ഇൗ നിലപാട് സ്വീകരിച്ച ജമാലിെൻറ പ്രവൃത്തി യു.എ.ഇയുടെ സംസ്കാരമാണ് വെളിപ്പെടുത്തുന്നതെന്നാണ് ആസാദ് മൂപ്പെൻറ അഭിപ്രായം.
യു.എ.ഇ മണ്ണിൽ വളർന്ന് പന്തലിച്ച്
ബിസിനസ് കുടുംബത്തിൽ നിന്ന് വന്ന ഡോ. മൂപ്പെൻറ രക്തത്തിലും ബിസിനസിെൻറ അംശം അലിഞ്ഞു ചേർന്നിരുന്നു. അതുകൊണ്ടാണ് പുതിയ ക്ലിനിക്കിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഫാർമസിസ്റ്റായ അബ്ദുറഹ്മാനൊപ്പം ചേർന്ന് അൽ റഫ ഫാർമസി തുടങ്ങി. അഞ്ച് വർഷം കഴിഞ്ഞപ്പോൾ അൽ റഫ പോളി ക്ലിനിക്ക് തുറന്നു. ഗൾഫ് യുദ്ധത്തിെൻറ സമയത്ത് ആശങ്കയുണ്ടായിരുന്നെങ്കിലും ഇത് അവസരമായിരുന്നുവെന്നാണ് ആസാദ് മൂപ്പെൻറ അഭിപ്രായം. അന്ന് ദുബൈയിൽ മൂന്ന് സർക്കാർ ആശുപത്രി മാത്രമാണുളളത്. ഇൗ സമയത്ത് പല നാടുകളിൽ നിന്നുമുള്ളവർ സുരക്ഷിതസ്ഥാനം എന്ന നിലയിൽ യു.എ.ഇയിൽ എത്തിയത് ഏറെ ഉപകാരപ്പെട്ടു. കരക്കടുക്കാൻ കഴിയാതെ നടുക്കടലിലായിരുന്ന കപ്പലുകളിൽ പോയി ചികിത്സിക്കാനുള്ള അവസരവും ലഭിച്ചു.
15 വർഷത്തിനിടെ ഏഴെട്ട് ഫാർമസിയും ക്ലിനിക്കും തുറന്നു. വിദേശ രാജ്യങ്ങളിലേക്കും ശൃംഖല വ്യാപിപ്പിച്ചു. 90കളുടെ മധ്യത്തിലാണ് കേരളത്തിൽ ആശുപത്രി തുറക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. അങ്ങിനെയാണ് 2001ൽ കോഴിക്കോട് മിംസ് പിറവിയെടുക്കുന്നത്.
കൊച്ചിയിലാണ് ആസ്റ്റർ എന്ന പേരിൽ ആശുപത്രി തുടങ്ങിയത്. 2005ൽ യു.എ.ഇയിൽ കിടത്തിചികിത്സയുള്ള ആശുപത്രിയും തുടങ്ങി. മൻഖൂലിലെ ഇൗ ആശുപത്രിയിൽ 20 ബെഡുകളാണുണ്ടായിരുന്നത്. 2008ൽ സ്വദേശികളെയും ഇംഗ്ലീഷുകാരെയും ലക്ഷ്യമിട്ട് മെഡ്കെയർ ആശുപത്രി തുടങ്ങി. ആശുപത്രികളുടെ എണ്ണം കൂടിയപ്പോൾ പ്രൈവറ്റ് ഇക്യുറ്റി പാർട്നേഴ്സ് ഫണ്ട് ചെയ്ത് തുടങ്ങി. അതോടെയാണ് ആസ്റ്റർ എന്ന ബ്രാൻഡിങ് വന്നത്. ആസ്റ്റർ എന്ന പേരിൽ ഗൾഫിലെ ആദ്യ ആശുപത്രി ഒമാനിലായിരുന്നു. ഇപ്പോൾ ലോകമൊട്ടുക്കും അറിയപ്പെടുന്ന വമ്പൻ ശൃംഖലയായി ആയി ആസ്റ്റർ ഗ്രൂപ്പ് വളർന്നിരിക്കുന്നു.
12 വർഷം മുൻപ് പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങുേമ്പാൾ ഡോ. ആസാദ് മൂപ്പൻ പറഞ്ഞ വാക്കുകൾ ഇതാണ്^ 'എെൻറ ജീവിതത്തിൽ നാല് അവകാശികളാണുള്ളത്. ഭാര്യയും മൂന്ന് മക്കളും. ഇനിമുതൽ ഞാൻ ഒരു അവകാശിയെ കൂടിചേർക്കുന്നു. ഇവിടെയുള്ള പാവപ്പെട്ടവരാണവർ. എെൻറ വരുമാനത്തിെൻറ 20 ശതമാനം വിഹിതം അവർക്കുള്ളതായിരിക്കും'.
ഇത് വെറുംവാക്കായിരുന്നില്ല. ട്രസ്റ്റ് രൂപവത്കരിച്ചാണ് ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിന് പുറമെ ആസ്റ്റർ വൊളൻറിയേഴ്സ് വഴിയുള്ള സേവനവും ലഭ്യമാക്കുന്നു.
അടുത്ത അഞ്ച് വർഷം ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യം. 140 കോടി ജനങ്ങളുള്ള ഇന്ത്യയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തും. ആശുപത്രികളും ഫാർമസികളും ലാബും തുടങ്ങും. ജി.സി.സിയിലും വിവിധ പദ്ധതികളുണ്ട്.
ഡിജിറ്റൽ ട്രാൻസ്െഫാർമേഷനാണ് മറ്റൊരു പ്രധാന പദ്ധതി. ഡോക്ടറെ നേരിട്ടെത്തി കണ്ട് പരിശോധന നടത്തി മരുന്ന് വാങ്ങുന്നവർക്ക് സമയ ലാഭം ഉണ്ടാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിലവിൽ അര ദിവസം കൊണ്ട് ഒരു രോഗി ചെയ്യുന്ന ജോലികൾ അര മണിക്കൂറിനുള്ളിൽ തീർക്കാൻ കഴിയും. ഇൗ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ആസ്റ്റർ ഗ്രൂപ്പും ആസാദ് മൂപ്പനും.
വിജയരഹസ്യം
വിജയ രഹസ്യം എന്താണെന്ന് ചോദിച്ചാൽ ആസാദ് മൂപ്പൻ മൂന്ന് വിരലുകൾ ഉയർത്തും. 'മൂന്ന് 'പി' ആണ് വിജയരഹസ്യം. പീപ്പിൾ, പീപ്പിൾ, പീപ്പിൾ'. അതെ, തെൻറ വിജയത്തിെൻറ മുഴുവൻ ക്രെഡിറ്റും അദ്ദേഹം നൽകുന്നത് ജീവനക്കാർക്കാണ്. ദൈവകടാക്ഷം കഴിഞ്ഞാൽ ജീവനക്കാരുടെ ആത്മാർഥതയാണ് തന്നെ ഇൗ നിലയിൽ എത്തിച്ചതെന്ന് അദ്ദേഹം പറയും. 'യുദ്ധം ചെയ്യുന്നത് സൈനീകരാണെങ്കിലും ക്രെഡിറ്റ് കമാൻഡർക്ക് പോകുന്നത് പോലെയാണ് ജീവനക്കാരുടെ കാര്യം. 20000ഒാളം ജീവനക്കാരാണ് വിജയത്തിെൻറ കാരണക്കാർ. അവരുടെ കുടുംബങ്ങളുടെ ജീവിതത്തെ ഏതെങ്കിലും രീതിയിൽ സ്പർശിക്കാൻ കഴിയുന്നത് മഹാഭാഗ്യമാണ്. 'വി വിൽ ട്രീറ്റ് യു' എന്ന ആസ്റ്ററിെൻറ ആപ്തവാക്യം യഥാർഥത്തിൽ രോഗികളെ മാത്രം ഉദ്ദേശിച്ചല്ല, ജീവനക്കാരെ ഉദ്ദേശിച്ചാണ്. അവർ നൽകുന്ന സ്നേഹത്തിനും സേവനത്തിനും ഇനിയും കൂടുതൽ തിരിച്ചുകൊടുക്കേണ്ടിയിരിക്കുന്നു എന്നും ആസാദ് മൂപ്പൻ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.