ഒന്നുമില്ലായ്മയിൽ നിന്നും വന്ന് പിന്നീട് തിളക്കമേറിയ വിജയങ്ങൾ നേടിയ ഒരുപാട് പേരുടെ കഥകൾ ഇന്ത്യൻ വ്യവസായലോകത്തിന് പറയാനുണ്ടാവും. അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ് സഹാറ ഗ്രൂപ്പിന്റെ അമരക്കാൻ സുബ്രതോ റോയ്. ചിട്ടികമ്പനിയിലൂടെയാണ് സുബ്രതോ വ്യവസായലോകത്തെ അതികായൻമാർക്കുള്ള സിംഹാസനത്തിലേക്ക് നടന്നടുത്തത്.
പക്ഷേ, ചീട്ടുകൊട്ടാരം പോലെ സുബ്രതോ റോയിയുടെ വ്യവസായ സാമ്രാജ്യം തകരുന്നതാണ് പിന്നീട് ഇന്ത്യ കണ്ടത്. പണത്തട്ടിപ്പ് വിവാദത്തിൽ സുബ്രതോ റോയി വീണപ്പോൾ രാജ്യത്ത് അന്നുണ്ടായിരുന്ന വലിയൊരു വ്യവസായ സാമ്രാജ്യം കൂടിയാണ് തകർന്നടിഞ്ഞത്. ഒടുവിൽ മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ സുബ്രതോ റോയി ജീവൻവെടിയുമ്പോൾ ഇന്ത്യൻ വ്യവസായ ലോകത്തെ സംഭവബഹുലമായ ഒരധ്യായത്തിന് കൂടിയാണ് തിരശ്ശീല വീഴുന്നത്.
സുബ്രതോ റോയ്: ഉയർച്ചയും വീഴ്ചയും
1948 ജൂൺ 10ന് ബിഹാറിലെ അരാറിയയിലായിരുന്നു സുബ്രതോ റോയിയുടെ ജനനം. ഡിപ്ലോമ പഠനം പൂർത്തിയാക്കിയ അദ്ദേഹത്തിന് പിതാവിന്റെ മരണശേഷം ജോലിക്ക് പോകേണ്ടതായി വന്നു. ലാംബ്രട്ട സ്കൂട്ടറിൽ സ്നാക്സ് വിറ്റുകൊണ്ടായിരുന്നു തുടക്കം. എന്നാൽ, ജയ ഫുഡ് പ്രൊഡക്ട്സ് എന്ന പേരിൽ റോയി തുടങ്ങിയ സ്ഥാപനം പച്ചപിടിച്ചില്ല. പിന്നീട് ഭാര്യയോടൊപ്പം മറ്റൊരു സംരംഭം തുടങ്ങിയെങ്കിലും അതും വിജയിച്ചില്ല.
1978ൽ ഗൊരഖ്പൂരിലാണ് റോയി സഹാറ ഗ്രൂപ്പിന് തുടക്കം കുറിക്കുന്നത്. ഓട്ടോറിക്ഷ തൊഴിലാളികൾ, ചായക്കടക്കാർ എന്നിങ്ങനെ തീർത്തും സാധാരണക്കാരായ ആളുകളിൽ നിന്നും സ്ഥിരവരുമാനം ഉറപ്പുനൽകി ചെറുകിട നിക്ഷേപം സ്വീകരിച്ചായിരുന്നു തുടക്കം. സഹാറ ഇന്ത്യ ഫിനാൻഷ്യൽ ലിമിറ്റഡ് എന്ന പേരിലായിരുന്നു റോയ് സ്ഥാപനം നടത്തിയിരുന്നത്. ലക്ഷക്കണക്കിന് ഏജന്റുമാരാണ് സ്ഥാപനത്തിനായി പ്രവർത്തിച്ചത്. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ സഹാറ അവരുടെ ബിസിനസ് വൈവിധ്യവൽക്കരിക്കുകയും ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായി വളരുകയും ചെയ്തു.
കൂടുതൽ മേഖലകളിലേക്ക് വേരുകളാഴ്ത്തുന്നു
ചിട്ടികമ്പനിയിൽ തുടങ്ങിയ സുബ്രതോ റോയ് പിന്നീട് കൂടുതൽ മേഖലകളിലേക്ക് വേരുകളാഴ്ത്തുന്നതാണ് ഇന്ത്യൻ വ്യവസായ ലോകം കണ്ടത്. രാജ്യത്തെ മാധ്യമമേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സഹാർ വൺ മീഡിയ എന്റർടൈയിൻമെന്റ് കമ്പനിക്ക് കീഴിൽ മൂന്ന് ഹിന്ദി ചാനലുകളാണ് ഉണ്ടായിരുന്നത്. ബോളിവുഡ് സിനിമകൾ നിർമിച്ച സഹാറ മൂവി സ്റ്റുഡിയോ ഡിസ്ട്രിബ്യൂഷൻ രംഗത്തും പ്രവർത്തിച്ചു.
എയർ സഹാറയെന്ന പേരിൽ ഒരു എയർലൈനും കമ്പനിക്കുണ്ടായിരുന്നു. ന്യൂയോർക്കിലെ പ്ലാസ ഹോട്ടൽ, ലണ്ടനിലെ ഗ്രോസ്വെനർ ഹൗസ് ഹോട്ടൽ എന്നിവയെല്ലാം സുബ്രതോ റോയിയുടെ ഉടമസ്ഥതയിലായിരുന്നു. 2013 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്തിരുന്നത് സഹാറയായിരുന്നു. ഹോക്കിയിലും ഫോർമുല വണ്ണിലും സഹാറക്ക് സ്പോൺസർഷിപ്പുണ്ടായിരുന്നു.
270 ഏക്കറിൽ പരന്നു കിടക്കുന്ന സഹാർ ഷേർ എന്ന അദ്ദേഹത്തിന്റെ വസതി എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. രാഷ്ട്രീയക്കാരും സിനിമതാരങ്ങളുമെല്ലാം വസതിയിലേക്ക് അതിഥികളായി എത്തുകയും ചെയ്തു. റോയിയുടെ രണ്ട് മക്കളുടേയും ആഡംബര വിവാഹവും അന്ന് വാർത്തകളിൽ ഇടംപിടിച്ചു.
വീഴ്ചയുടെ തുടക്കം
1990കളിലാണ് സഹാറയിൽ തകർച്ച തുടങ്ങുന്നത്. ഇത് മൂർധന്യാവസ്ഥയിലെത്തുന്നത് 2009ലാണ്. സഹാറ കമ്പനികളിലൊന്നിന്റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട് വിവരങ്ങൾ സെബിക്ക് സമർപ്പിച്ചപ്പോൾ നികുതിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അവർ കണ്ടെത്തുകയായിരുന്നു. പൊതുജനങ്ങളിൽ നിന്ന് ബോണ്ട് വാങ്ങിയതിലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്. ചെക്കോ ഡിമാൻഡ് ഡ്രാഫ്റ്റോ സ്വീകരിക്കുന്നതിന് പകരം പണം വാങ്ങിയായിരുന്നു ഇത്തരത്തിൽ ബോണ്ടുകൾ നൽകിയത്. എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ സഹാറയിൽ കണ്ടെത്തി.
2008ൽ നിക്ഷേപകരിൽ നിന്ന് കൂടുതൽ പണം സ്വീകരിക്കുന്നത് നിർത്താൻ സഹാറക്ക് റിസർവ് ബാങ്ക് നിർദേശം നൽകി. ഈ സമയത്ത് 20,000 കോടിയായിരുന്നു സഹാറ ഗ്രൂപ്പ് നിക്ഷേപമായി വാങ്ങിയത്. ഇതിനൊപ്പം സഹാറ പ്രൈം സിറ്റി പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിക്കുന്നത് സെബി വിലക്കിയതോടെ കമ്പനി കടുത്ത പ്രതിസന്ധിയിലേക്ക് വീണു. ഒടുവിൽ ബോണ്ടുകളിലൂടെ വാങ്ങിയ നിക്ഷേപം തിരികെ നൽകാൻ സെബി ഉത്തരവിട്ടു. ഇതിനെതിരെ സഹാറ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും 15 ശതമാനം പലിശയോടെ നിക്ഷേപകർക്ക് പണം തിരികെ നൽകാനായിരുന്നു ഉത്തരവ്. ഇതോട് കൂടി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ച സുബ്രതോ റോയിക്ക് പിന്നീടൊരിക്കലും പിന്നീടൊരിക്കലും വ്യവസായ സാമ്രാജ്യത്തിലേക്ക് പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടു വരാൻ സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.