??????? ???????? ??????? ???? ??????????????

ചക്രങ്ങളാണ് ലോകത്ത് കണ്ടുപിടിത്തങ്ങളുടെ വേഗം കൂട്ടിയതെന്ന് ചരിത്രം. വ്യാവസായികയുഗം ലോകത്തിന്‍െറ വിധിമാറ്റിയെഴുതിയതും ചരിത്രമാണ്. അതുപോലെ ചക്രക്കസേരയില്‍ ജീവിതം വിധിമാറ്റിയെഴുതിയ കഥയാണ് ജിമിയുടേത്. അപൂര്‍വരോഗം കാലുകള്‍ തളര്‍ത്തിയപ്പോള്‍, കാരുണ്യത്തിന്‍െറ കരങ്ങളെന്ന് കരുതിയവര്‍ കൈയൊഴിഞ്ഞപ്പോള്‍, ഇച്ഛാശക്തികൊണ്ടും സുമനസ്സുകളുടെ കൈത്താങ്ങുകൊണ്ടും ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് ഈ പെണ്‍കുട്ടി. ചക്രങ്ങളിലിരുന്ന് പല വഴികളിലൂടെ ജിവിതത്തിന്‍െറ പ്രതിസന്ധികളെ തോല്‍പിച്ചുകൊണ്ടിരിക്കുകയാണ് ഈ വയനാട്ടുകാരി. ലൈഫ് ഓണ്‍ വീല്‍സ് ബൈ ജിമി എന്ന് യുട്യൂബില്‍ സെര്‍ച് ചെയ്താല്‍ ആ ജീവിതം നമുക്ക് സ്ക്രീനില്‍ കാണാം. 
‘ഇവര് കുഞ്ഞായിരുന്നപ്പോഴേ എന്‍െറ വലിയ ആഗ്രഹമായിരുന്നു അണിയിച്ചൊരുക്കി സ്കൂളില്‍ വിടാന്‍. എന്തോ ആ ഭാഗ്യം ഇപ്പോഴാ ദൈവം എനിക്കു തന്നത്; അവരു മുതിര്‍ന്നപ്പോ...’ സന്തോഷം കലര്‍ന്ന നീര്‍ത്തുള്ളികള്‍ തിളങ്ങുന്നുണ്ടായിരുന്നു ആ അമ്മയുടെ കണ്ണുകളില്‍. മേരി എന്ന് പരിചയപ്പെടുത്തിയാല്‍ വെള്ളിമാട്കുന്നില്‍ അവരെ ആരുമറിയില്ല. മറിച്ച് ജെ.ഡി.ടിയിലെ ജിമിയുടെയും സുമിയുടെയും അമ്മ എന്നു പറഞ്ഞാല്‍ പിന്നെ കൂടുതല്‍ വിവരണം ആവശ്യമില്ല. അത്രമേല്‍ പരിചിതയാണിവര്‍ ഈ നാടിന്. വയനാട്  ജില്ലയിലെ പുല്‍പ്പള്ളിയില്‍ നിന്ന് 10 കി.മീറ്റര്‍ അകലെയുള്ള കബനീഗിരിയില്‍നിന്നത്തെിയ അവരിപ്പോള്‍ കോഴിക്കോട്ടുകാരാണ്. ഈ നാടാണ് അവരുടെ സ്വപ്നങ്ങള്‍ പൂവണിയിച്ചത്. ഇനി കഥയിലേക്ക് വരാം. 
മാലാഖമാരെ പോലുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ പിറന്നപ്പോള്‍ മേരിയും ഭര്‍ത്താവ് ജോണും സന്തോഷിച്ചു. കുഞ്ഞുങ്ങളുടെ കളിചിരിയിലൂടെ അവര്‍ ലോകം കണ്ടു. മൂത്തവള്‍ ജിമി മിടുക്കിയായിരുന്നു. പാടത്തും പറമ്പിലും ഓടിനടന്നിരുന്ന കൊച്ച് പൊടുന്നനെ തെന്നിവീഴാന്‍ തുടങ്ങി. ആദ്യമൊക്കെ പതിയെ എഴുന്നേറ്റ് നടന്നിരുന്ന അവള്‍ പിന്നെ വീണിടത്തുനിന്ന് എഴുന്നേല്‍ക്കാതായി. തെന്നി വീണാല്‍ ആരെങ്കിലും പിടിച്ചെഴുന്നേല്‍പിക്കണം. കയറ്റം കയറാനോ പടികള്‍ കയറാനോ വയ്യാതായി. അഞ്ചു വയസ്സായതേയുള്ളൂ. സ്കൂളില്‍ ചേര്‍ക്കാറായ പ്രായം. ജൂണിലെ പെരുമഴക്കാലത്ത് മറ്റു കുട്ടികള്‍ വര്‍ണക്കുടകള്‍ ചൂടി കലപിലകൂട്ടി സ്കൂളിലേക്ക് പോകുന്നത് അവള്‍ കൊതിയോടെ നോക്കിനിന്നു. പിന്നെ ആശ്വസിച്ചു. എങ്ങനെ പോയാലും എനിക്കും പഠിക്കണം. അവളെയും സ്കൂളില്‍ ചേര്‍ത്തു. വീട്ടിലിരുന്നായിരുന്നു പഠനം. ചെറിയ ക്ളാസുകളില്‍ അമ്മ സഹായിച്ചു. പരീക്ഷ എഴുതാന്‍ മാത്രം സ്കൂളിലത്തെും. ഇതിനിടെ കാണാവുന്ന ഡോക്ടര്‍മാരെയെല്ലാം കണ്ടുകഴിഞ്ഞിരുന്നു ആ മാതാപിതാക്കള്‍. 
മസ്ക്കുലര്‍ ഡിസ്ട്രോഫി എന്ന അപൂര്‍വരോഗമായിരുന്നു അവളെ പിടികൂടിയത്. മെഡിക്കല്‍ സയന്‍സില്‍  ആ രോഗത്തിന് മരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. രണ്ടാംക്ളാസുകാരിയായ മകളെയും കൊണ്ടവര്‍ ബംഗളൂരുവിലെ നിംഹാന്‍സിലത്തെി. അവിടെ ടെസ്റ്റുകള്‍ വിധിയെഴുതി. ഡി.എന്‍.എ യിലെ അപാകതകള്‍ മൂലമുണ്ടാകുന്ന അസുഖമാണിത്. ചികിത്സ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ ഇരുന്നിട്ട് എഴുന്നേല്‍ക്കാന്‍  കഴിയുമായിരുന്നു അവള്‍ക്ക്.  ചികിത്സ കഴിഞ്ഞതോടെ അതും ചെയ്യാന്‍ കഴിയാതായി.  ഓടിനടന്നിരുന്ന കുട്ടിയുടെ ജീവിതം വീടിന്‍െറ നാലുചുവരുകള്‍ക്കുള്ളില്‍ ചക്രക്കസേരയില്‍ ഒതുങ്ങി.  
 പ്രതീക്ഷ കൈവിട്ടില്ല. എട്ടു വര്‍ഷം ചികിത്സ തുടര്‍ന്നു. ഫലമില്ലാതായപ്പോള്‍ നിര്‍ത്തി. ഈ കാലത്തിനിടക്ക് അവളുടെ പഠിത്തം മുടങ്ങാതെ അവര്‍ ശ്രദ്ധിച്ചു. എല്ലാ വര്‍ഷാന്ത പരീക്ഷയും വീട്ടിലിരുന്ന് പഠിച്ച് അവള്‍ നന്നായി എഴുതി. നല്ല മാര്‍ക്കോടെ വിജയിച്ചു. ഹൈസ്കൂളിലത്തെിയപ്പോള്‍  അധ്യാപകര്‍ സംശയമുള്ള കാര്യങ്ങള്‍ വീട്ടിലത്തെി പറഞ്ഞുകൊടുക്കും. ചിലപ്പോള്‍ മനസ്സിലാകാത്ത ഭാഗങ്ങള്‍ കൂട്ടുകാരുടെ അടുത്ത് എഴുതി വിടും. അവരും സഹായിച്ചു. 
മധുസാര്‍, സോമന്‍സാര്‍, ബീനടീച്ചര്‍ ജീവിതം ചക്രക്കസേരയിലൊതുങ്ങിപ്പോകാതെ സഹായിച്ച പ്രിയപ്പെട്ട അധ്യാപകര്‍.
ചിലര്‍ കളിയാക്കി. ചിലര്‍  സഹതാപത്തോടെ നോക്കി. ഒന്നിനും കഴിയാത്ത കുട്ടികളെ എന്തിനു പഠിപ്പിക്കുന്നു എന്നായിരുന്നു അവരുടെ ചോദ്യം. സ്റ്റീല്‍ പാത്രങ്ങളും ടീസ്പൂണും ലെന്‍സായി ഉപയോഗിച്ചും ചെമ്പരത്തിപ്പൂക്കള്‍ ലിറ്റ്മസ് പേപ്പറായി ഉപയോഗിച്ചും സയന്‍സിന്‍െറ ബാലപാഠങ്ങള്‍ അമ്മ പറഞ്ഞുകൊടുത്തു. അങ്ങനെ 10ാംക്ളാസും നല്ല മാര്‍ക്കോടെ വിജയിച്ചു. സെന്‍റ്തോമസ് പെരിക്കല്ലൂര്‍ കബനിഗിരി നിര്‍മലാ ഹൈസ്കൂള്‍ മുള്ളന്‍കൊല്ലി സെന്‍റ്മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 
അതിനിടക്ക് അനിയത്തി സുമിയുമത്തെി. അവള്‍ക്കും അസുഖം വരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്ന് ശ്രദ്ധിക്കാന്‍ തുടങ്ങി. അവളിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അവളെ സ്കൂളില്‍ എടുത്തുകൊണ്ടുപോയി വിടും. ഏഴാംക്ളാസ് വരെ വലിയ കുഴപ്പമില്ലാതെ പോയി. പതിയെ അവളുടെ ലോകവും വീല്‍ചെയറിലായി. പിന്നീട് വീട്ടിലിരുന്നായി പഠനം. എങ്കിലും ഇടക്ക് ക്ളാസില്‍ പോകും. 10ാംക്ളാസു വരെ അത്തുടര്‍ന്നു. 
10ാംക്ളാസിനു ശേഷം ജിമി പ്ളസ്ടുവിനു ചേര്‍ന്നു. വീട്ടിലിരുന്ന് പഠിക്കുന്നതിനാല്‍ ലാബ് പരീക്ഷണങ്ങളൊക്കെ പ്രയാസമാവുമെന്ന് കണ്ട് ഹ്യുമാനിറ്റീസ് വിഷയമെടുത്തു. വര്‍ഷത്തില്‍ ഒരിക്കലാണ് അവള്‍ പുറത്തിറങ്ങുക; പരീക്ഷയുള്ള ദിവസങ്ങളില്‍. ജിമി എപ്പോഴും പറയും. ‘അമ്മേ, എന്നും പരീക്ഷയായിരുന്നേല്‍ എത്ര നന്നായേനെ, പുറത്തുപോവാല്ളോ...’
പ്ളസ്ടുവും കഴിഞ്ഞു. നല്ല മാര്‍ക്കുള്ളതിനാല്‍ അടുത്തുള്ള കോളജില്‍ പ്രവേശവും കിട്ടി. ഒരു മാനേജ്മെന്‍റ് കോളജായിരുന്നു. പ്രവേശ ദിവസം കോളജില്‍ റഗുലറായി വന്ന് പഠിക്കാന്‍ പറ്റില്ളെന്നു പറഞ്ഞപ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ക്ക് പഠിക്കാനുള്ളതാണ് പ്രൈവറ്റ് സ്റ്റഡിയെന്ന് പറഞ്ഞ് മടക്കിയയച്ചു. ഇടക്ക് കോളജില്‍ വരാമെന്നു പറഞ്ഞിട്ടുപോലും പ്രിന്‍സിപ്പല്‍ സമ്മതിച്ചില്ല. പിന്നീട് ആദ്യസെമസ്റ്റര്‍  കഴിയാറായപ്പോള്‍ നിര്‍ബന്ധിച്ച് ടി.സി തന്ന് പറഞ്ഞുവിട്ടു. പരീക്ഷ പോലും എഴുതാന്‍ സമ്മതിച്ചില്ല. നാട്ടില്‍ സ്വകാര്യകോളജുകളൊന്നുമില്ല. പഠിക്കാന്‍ മറ്റു വഴികളില്ളെന്നറിഞ്ഞ് വിഷമിച്ചുനിന്നപ്പോള്‍ മുമ്പ് സ്വകാര്യ കോളജ് നടത്തിയിരുന്ന ഫാദര്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രൈവറ്റ് കോഴ്സുകളെ കുറിച്ച് പറഞ്ഞു. വീട്ടിലിരുന്ന് പഠിക്കാന്‍ പറ്റുമെന്ന് പറഞ്ഞ അദ്ദേഹം സര്‍വകലാശാലയില്‍ പോയി രജിസ്റ്റര്‍ ചെയ്തു.  ബുദ്ധിമുട്ടുകള്‍ തുടരുകയായിരുന്നു. ബി.എ ഹിസ്റ്ററിക്കാണ് രജിസ്റ്റര്‍ ചെയ്തത്. ഏതു പുസ്തകം വാങ്ങണമെന്നോ സിലബസ് എന്തെന്നോ പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നു. പരീക്ഷ എന്നാണെന്നു പോലും അറിയിക്കില്ല. പത്രത്തില്‍ പരീക്ഷയെ കുറിച്ച് അറിയിപ്പ് കണ്ട് പരീക്ഷാസെന്‍ററില്‍ അന്വേഷിക്കുമ്പോള്‍ അധികൃതര്‍ കൈമലര്‍ത്തും. എങ്ങനെയൊക്കെയോ രണ്ടുവര്‍ഷം കഴിഞ്ഞു. തുടര്‍ന്ന് പഠിക്കാനാവാതെ ബുദ്ധിമുട്ടി. ഇക്കാര്യങ്ങളൊക്കെ അവരുടെ ബന്ധു മുഖേന അറിഞ്ഞ് തോട്ടത്തില്‍ ടെക്സ്റ്റെയില്‍സ് ഉടമ റഷീദ് വിളിച്ചു. പഠിക്കാനുള്ള പുസ്തകങ്ങള്‍ സംഘടിപ്പിച്ചുകൊടുത്തു. എന്നാലും, തടസ്സങ്ങളൊഴിഞ്ഞില്ല. അപ്പോഴേക്കും സുമി പ്ളസ്ടു കഴിഞ്ഞു. ചേച്ചിയുടെ ബുദ്ധിമുട്ടുകളോര്‍ത്ത് അവള്‍ തുടര്‍ന്ന് പഠിക്കുന്നില്ളെന്ന് തീരുമാനിച്ചു. സാമ്പത്തിക ബുദ്ധിമുട്ടും താങ്ങാനായില്ല. റഷീദ് ഒരിക്കല്‍ കൂടി ഇവരെ വിളിച്ചു. രണ്ടുപേര്‍ക്കും കോഴിക്കോട് വന്ന് പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചു. ഒരുപാടാഗ്രഹമുണ്ട് എന്നായിരുന്നു  ചോദ്യത്തിന് ഞങ്ങളുടെ മറുപടിയെന്ന് സുമി പറയുന്നു. എന്നാല്‍ അമ്മയില്ലാതെ അവര്‍ക്ക് ഒന്നിനും കഴിയില്ല. മൂന്നുപേര്‍ക്ക് കോഴിക്കോട് വന്ന് താമസിക്കാനുള്ള വകയില്ല. അതിനാല്‍ വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല. ആ നല്ല മനുഷ്യന്‍ അവരെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നു. 
ജെ.ഡി.ടിയിലെ മാനേജ്മെന്‍റുമായി ഞങ്ങളുടെ കാര്യം സംസാരിച്ചിരുന്നു. അവര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. താമസമുള്‍പ്പെടെ. അതിനു മുമ്പ് കൂടുതല്‍ സൗകര്യത്തിന് നഗരത്തിലെ മറ്റൊരു കോളജില്‍ അഡ്മിഷനായി അദ്ദേഹം ചെന്നിരുന്നുവെങ്കിലും അത്തരം കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമില്ളെന്നു പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. ജെ.ഡി.ടി ആയി പിന്നീട് അവരുടെ ലോകം. സഹതപിക്കുന്ന കണ്ണുകള്‍ക്കപ്പുറം സഹായിക്കുന്ന ഏറെ പേരെ അവര്‍ അവിടെ കണ്ടു. മാനേജിങ് ഡയറക്ടര്‍ സി.പി. കുഞ്ഞുമുഹമ്മദ് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തു. 
ഏതു കോഴ്സ് പഠിക്കണമെന്ന് ചോദിച്ചപ്പോള്‍ എന്തും പഠിക്കാന്‍ തയാറാണെന്ന് അവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. അദ്ദേഹം ബാച്ചിലര്‍ ഓഫ് മള്‍ട്ടീമിഡിയ കമ്യൂണിക്കേഷന്‍ എന്ന കോഴ്സിനെ കുറിച്ചു പറഞ്ഞു.  വലിയ പ്രയാസമില്ലാതെ പഠിക്കാം. കാലിക്കറ്റ് സര്‍വകലാശാലയിലെ ബിരുദ പഠനം ഡിസ്കണ്ടിന്യൂ ചെയ്ത് ജിമി ജെ.ഡി.ടിയില്‍ ബി.എം.എം.സിക്കു ചേര്‍ന്നു; ഒപ്പം സുമിയും. 
ആദ്യമായിട്ടായിരുന്നു ജിമി ഒരു ക്ളാസിലിരുന്ന് പഠിക്കുന്നത്. ‘സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു ശങ്കിച്ചിരുന്നു ഞാന്‍. ജെ.ഡി.ടിയെ കുറിച്ചുതന്നെ ഞങ്ങള്‍ ആദ്യായി കേള്‍ക്കുകയായിരുന്നു. വിശാലമായ ലോകമായിരുന്നു ഞങ്ങളെ സംബന്ധിച്ച് അത്’ -ജിമി പറയുന്നു. സഹപാഠികള്‍ മുതല്‍ പ്രിന്‍സിപ്പല്‍ വരെ അവരെ സഹായിച്ചു. അവരവര്‍ക്ക് പ്രിയപ്പെട്ടവരായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. അമ്മ മേരിക്ക് ഹോസ്റ്റല്‍ വാര്‍ഡനായി ജോലി നല്‍കി. പഠനത്തിനാവശ്യമായ പുസ്തകങ്ങളും ലാപ്ടോപ്പുകളും നല്‍കി. കൂടാതെ ഇലക്ട്രോണിക് വീല്‍ചെയറും. അതിനിടെ ബി.എം.എം.സിക്ക് ഒന്നാംറാങ്കും ജിമിയെ തേടിയത്തെി. ഒരുപാട് പേര്‍ അഭിനന്ദനം ചൊരിഞ്ഞു. അഞ്ചുവര്‍ഷമായ അവര്‍ ഈ കലാലയത്തിന്‍െറ തുടിപ്പാണ്. വെറുതെയിരിക്കുമ്പോള്‍ നന്നായി പെയിന്‍റ് ചെയ്യും ഈ മിടുക്കികള്‍. അമ്മ പഠിപ്പിച്ച ശീലമാണത്. ‘ഞങ്ങളുടെ ജീവിതത്തിന്‍െറ ഭാഗമാണീ സ്ഥാപനം. ഗവേഷണമൊക്കെയായി ഇനിയും പഠിക്കാനാണ് ആഗ്രഹം. ഒപ്പം ജോലിക്ക് ശ്രമിക്കണം’-ജിമി പറയുന്നു. ‘സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള സ്വപ്നങ്ങളേ കാണാറുള്ളൂ. മറ്റുള്ളവരെപ്പോലല്ലല്ളോ ഞങ്ങള്‍. അതിനാല്‍ നടക്കാന്‍ സാധ്യതയുള്ള സ്വപ്നങ്ങളേ ഞങ്ങള്‍ക്കുള്ളൂ. ഇതുവരെ ദൈവം കൈപിടിച്ചു നടത്തി. തുടര്‍ന്നും അങ്ങനെയായിരിക്കുമെന്ന് വിശ്വാസമുണ്ട്.’ -സുമി പറഞ്ഞുനിര്‍ത്തി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.