കോഴിക്കോട്: ‘ഒരുകാര്യം നേടണമെന്ന് അതിയായി ആഗ്രഹിച്ചാല്‍, അതിനായി ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം ഗൂഢാലോചന നടത്തും’ -പൗലോ കൊയ്ലോയുടെ വിഖ്യാതവാചകം അന്വര്‍ഥമാക്കിയിരിക്കുകയാണ് എറണാകുളം എസ്.ആര്‍.എം റോഡില്‍ വലിയവീട്ടില്‍ ഇജാസ് എം. യൂസഫ്. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസില്‍ ഒന്നാം റാങ്കോടെ ഇജാസ് കൈയത്തെിപ്പിടിച്ചിരിക്കുന്നത് ചില്ലറ നേട്ടമല്ല. ചരിത്രത്തിലേക്കുള്ള കാല്‍വെപ്പായിരുന്നു. കാരണം, ഐ.ഇ.എസില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മലയാളിയാണ് ഇജാസ്. നമ്മുടെ കൊച്ചുകേരളത്തിലേക്ക് ഐ.ഇ.എസ് റാങ്കിന്‍െറ തിളക്കമാണ് ഇജാസ് നേടിത്തന്നത്. അതും ഐ.ഇ.എസ് പരീക്ഷയിലെ ഉയര്‍ന്ന സ്കോറുകളിലൊന്നു നേടിയാകുമ്പോള്‍ മധുരം ഇരട്ടിയാകുന്നു.
ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസ് ഇജാസിന് കുട്ടിക്കളിയായിരുന്നില്ല. വളരെ നേരത്തേ വെട്ടിവെച്ചതാണ് ജീവിതവഴി. വടുതല ചിന്മയ വിദ്യാലയത്തിലെ സ്കൂള്‍ കാലത്തെ കഠിനാധ്വാനിയായ വിദ്യാര്‍ഥിയായിരുന്നു ഇജാസ്. കേരള എഞ്ചിനീയറിങ് എന്‍ട്രന്‍സില്‍ 51ാം റാങ്കുണ്ടായിരുന്നു. ബിറ്റ്സ് പിലാനിയില്‍ ബി.ടെക് കരസ്ഥമാക്കിയതും ഉയര്‍ന്ന സ്കോറോടുകൂടി. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷനിലാണ് ബി.ടെക് നേടിയത്. കാമ്പസ് പ്ളേസ്മെന്‍റിലൂടെ ഗെയില്‍ ഇന്ത്യാ ലിമിറ്റഡില്‍ ജോലിയും നേടി. ഗേറ്റ് പരീക്ഷക്ക് ഓള്‍ ഇന്ത്യാ റാങ്ക് 26 ആയിരുന്നു. ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസായിരുന്നു എന്നും ഇജാസിന്‍െറ സ്വപ്നം. ജോലിക്കാലത്തിനിടെയായിരുന്നു തയാറെടുപ്പുകള്‍. ജോലിക്കുശേഷമുള്ള ദിവസം പൂര്‍ണമായും ഇതിനായി നീക്കിവെച്ചു. ഐ.ഇ.എസിന് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ അതിനായി അധികപഠനം വേണ്ടിവന്നു.
സാധാരണദിവസങ്ങളില്‍ നാലഞ്ച് മണിക്കൂര്‍ പഠനത്തിനായി നീക്കിവെച്ചു. ഒഴിവുദിവസങ്ങളില്‍ സമയം അതിലും കൂടും. ജോലിസമയമൊഴിച്ച് മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഇജാസ് ഐ.ഇ.എസ് എന്ന സ്വപ്നത്തെ യാഥാര്‍ഥ്യത്തിലേക്ക് ചേര്‍ത്തുവെച്ചു. ഉയര്‍ന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ആദ്യറാങ്കുതന്നെ കൈപ്പിടിയിലൊതുങ്ങുമെന്ന് കരുതിയിരുന്നില്ല. 1200ല്‍ 801 മാര്‍ക്ക് നേടിയാണ് ഇജാസ് ഒന്നാമനായത്. ഇന്‍റര്‍വ്യൂവിന് 200ല്‍ 142 മാര്‍ക്കും നേടി. ഐ.ഇ.എസില്‍ ലഭിച്ചിട്ടുള്ള മാര്‍ക്കുകളില്‍ ഉന്നത നിരയിലാണിത്.
പിതാവ് വലിയവീട്ടില്‍ മുഹമ്മദ് യൂസഫ്, ഇജാസിന്‍െറ എട്ടാം വയസ്സില്‍ മരിച്ചശേഷം മാതാവായിരുന്നു എല്ലാ പിന്തുണയും. ഇ.എസ്.ഐ ഡിസ്പെന്‍സറിയില്‍ ഡോക്ടറായ ഉമ്മ കെ.എ. താഹിറ പകര്‍ന്നുകൊടുത്ത ഇച്ഛാശക്തിയാണ് ഇജാസിന് മുതല്‍ക്കൂട്ടായത്. ന്യൂഡല്‍ഹി എയിംസില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അനുജന്‍ ഫവാസ് എം. യൂസഫും സ്വപ്നങ്ങള്‍ക്ക് വഴികാട്ടി. ബംഗളൂരു ഗെയില്‍ ഇന്ത്യാ ലിമിറ്റഡില്‍ സീനിയര്‍ എന്‍ജിനീയറാണ് ഇജാസിപ്പോള്‍.
എന്‍ജിനീയര്‍മാര്‍ക്ക് കേന്ദ്രസര്‍വിസില്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന പദവികളാണ് ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസിലുടെ കൈയിലൊതുങ്ങുന്നത്. മെട്രോമാന്‍ ഇ. ശ്രീധരന്‍ ഐ.ഇ.എസുകാരനാണെന്നത് അധികം പേര്‍ക്കറിയില്ല. നമ്മുടെ കുട്ടികള്‍ക്ക് ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസിനെക്കുറിച്ച് വേണ്ടത്ര ബോധ്യമില്ളെന്നാണ് ഇജാസിന്‍െറ അഭിപ്രായം. രണ്ടു ലക്ഷത്തിലേറെപ്പേര്‍ നിലവില്‍ പരീക്ഷയെഴുതുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ മത്സരപരീക്ഷയെന്നാണ് ഐ.ഇ.എസ് വിലയിരുത്തപ്പെടുന്നത്. മൂന്നു ദിവസങ്ങളിലായാണ് പരീക്ഷ. യു.പി.എസ്.സി തന്നെയാണ് ഐ.ഇ.എസ് പരീക്ഷ നടത്തുന്നത്. എഴുത്തുപരീക്ഷക്കുശേഷം സിവില്‍ സര്‍വിസിന് സമാനമായി ഇന്‍റര്‍വ്യൂവും ഉണ്ടാകും.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കുക. എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് സുഗമമായി കൈപ്പിടിയിലൊതുക്കാവുന്നതേയുള്ളൂ ഐ.ഇ.എസ് എന്നാണ് ഇജാസിന്‍െറ പക്ഷം. നമ്മുടെ നാട്ടിലെ കുട്ടികള്‍ കഴിവില്‍ ഒട്ടും പിന്നിലല്ല. എന്നാല്‍, ഇത്തരം അവസരങ്ങളെക്കുറിച്ച് ധാരണയില്ലാതെ പോകുന്നതാണ് പ്രശ്നം. കിട്ടാന്‍ പ്രയാസമാണ് എന്നുകരുതി നാം വേണ്ടെന്നുവെക്കുകയാണ് പലതും. കഠിനാധ്വാനവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഐ.ഇ.എസ് കിട്ടാക്കനിയല്ളെന്ന് സ്വന്തം അനുഭവം ചൂണ്ടിക്കാണിച്ച് ഇജാസ് സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.