അധ്യാപക കുടുംബത്തിൽ പിറന്ന്, സർക്കാർ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ബത്തേരി നായ്ക്കട്ടി സ്വദേശിക്ക് സിവിൽ സർവിസ് പരീക്ഷയിൽ 542ാം റാങ്ക്. നാലാം ശ്രമത്തിലാണ് നായ്ക്കട്ടി തേർവയൽ ഫിർദൗസ് മഹലിൽ എൻ.എ. ഹസ്സൻ ഉസൈദ് അഭിമാന നേട്ടം കൈവരിച്ചത്. നേരത്തേ രണ്ടുതവണ അഭിമുഖ പരീക്ഷ വരെ എത്തിയിരുന്നു. ഒന്നാംതരം മുതൽ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ മലയാളം മീഡിയത്തിലായിരുന്നു പഠനം.
അന്നു മുതലേ മനസ്സിൽ സിവിൽ സർവിസ് എന്ന സ്വപ്നം മൊട്ടിട്ടിരുന്നു. പൊതുവിദ്യാലയങ്ങളിലെ അധ്യാപകരായ മാതാപിതാക്കൾ മകനെ സർക്കാർ സ്കൂളുകളിൽതന്നെ പഠിപ്പിച്ചു. പിതാവ് എൻ.കെ. അസ്സൈൻ നായ്ക്കട്ടി എ.എൽ.പി സ്കൂൾ പ്രധാനാധ്യാപകനാണ്. മാതാവ് സൈനബ ചേനക്കൽ മുത്തങ്ങ ജി.എൽ.പി.എസ് പ്രധാനാധ്യാപികയും.
കൂടാതെ, സഹോദരൻ മുഹമ്മദ് ഉനൈസും സഹോദര ഭാര്യ ഹസ്നയും അധ്യാപികമാരാണ്. നായ്ക്കട്ടി എ.എൽ.പി.എസ്, മാതമംഗലം ജി.എച്ച്.എസ്, മൂലങ്കാവ് ജി.എച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് ബി.ടെക് പൂർത്തിയാക്കി സ്വകാര്യ കമ്പനികളിൽ രണ്ടുവർഷം പ്ലാനിങ് എൻജിനീയറായി പ്രവർത്തിച്ചു. ഇതിനിടെയാണ് ജീവിതത്തിൽ സമൂഹത്തിന് പ്രയോജനപ്പെടുന്ന, പ്രചോദനാത്മകമായ എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം തോന്നുന്നത്. ഇതിനു പറ്റിയത് സിവിൽ സർവിസാണെന്ന് തിരിച്ചറിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു.
തിരുവനന്തപുരം കേരള അക്കാദമിയിൽ ആറു മാസത്തെ സിവിൽ സർവിസ് പഠനത്തിന് ചേർന്നു. തുടർന്ന് രണ്ടുവർഷം അമൃത സിവിൽ സർവിസ്, എൻലൈറ്റ് ഐ.എ.എസ് അക്കാദമി എന്നിവിടങ്ങളിൽ അധ്യാപക പരിശീലകനായി.
ഇതിനിടെയായിരുന്നു പരീക്ഷക്കുള്ള പഠനവും തയാറെടുപ്പുകളും. കേന്ദ്ര സായുധ പൊലീസ് സേന പരീക്ഷയിൽ 20ാം റാങ്ക് നേടിയിട്ടുണ്ട്. ഇത്തവണ റാങ്ക് പ്രതീക്ഷിച്ചിരുന്നതായും ഏറെ സന്തോഷമുണ്ടെന്നും ഹസ്സൻ പറഞ്ഞു.
ഐ.പി.എസ്, ഐ.എഫ്.എസ് എന്നിവയിൽ ഏതെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അങ്ങനെയെങ്കിൽ ഇന്ത്യൻ ഫോറിൻ സർവിസ് തിരഞ്ഞെടുക്കാനാണ് താൽപര്യമെന്നും ഹസ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.