''അത്രയേറെ ആഗ്രഹിച്ചിരുന്നു, അതിനാൽ പിന്നാലെതന്നെ കൂടുകയായിരുന്നു. ഒടുവിൽ കിട്ടി. ഇനി കേരള കാഡറിൽ ലഭിക്കുമോയെന്നതാണ് ആശങ്ക'' -സിവിൽ സർവിസ് പരീക്ഷയിൽ 40ാം റാങ്ക് സ്വന്തമാക്കിയ അശ്വതി ശ്രീനിവാസിെൻറ വാക്കുകൾക്ക് സന്തോഷവേഗം.
സിവിൽ സർവിസെന്ന സ്വപ്നം കൈപ്പിടിയിലൊതുങ്ങിയ വിവരം കൊല്ലം കടപ്പാക്കട സ്വദേശിനിയായ അശ്വതി അറിയുന്നത് കോട്ടയം ബേക്കർ ഹില്ലിലെ സഹോദരിയുടെ വീട്ടിലിരുന്നാണ്. കോട്ടയം ഭാരത് ഹോസ്പിറ്റലിലെ പതോളജിസ്റ്റാണ് സഹോദരി ഡോ. അപർണ. ഇതോടെ ഇവർക്കൊപ്പമായി ആഘോഷം.
എം.ബി.ബി.എസ് പൂർത്തിയാക്കിയതോടെയാണ് സിവിൽ സർവിസ് മോഹം അശ്വതിക്കൊപ്പം ചേരുന്നത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് കയറിയെങ്കിലും തുടർന്നില്ല. 2017 മുതൽ കോച്ചിങ്ങിന് പോയിത്തുടങ്ങി. മൂന്നുതവണ ശ്രമിച്ചെങ്കിലും ആ മോഹത്തിലേക്ക് പിടിച്ചുകയറാനായില്ല. ഒടുവിൽ നാലാംതവണ 40ാം റാങ്കെന്ന മികച്ച നേട്ടം. സംസ്ഥാനതലത്തിൽ മൂന്നാമതാണ്.
മാർച്ചിലായിരുന്നു അഭിമുഖം. നല്ല ടെൻഷനുണ്ടായിരുന്നു. ഒടുവിൽ എല്ലാം ശരിയായല്ലോ. സിവില്‍ സര്‍വിസിെൻറ മൂല്യം നന്നായി അറിയാം, നാടിനും നാട്ടുകാര്‍ക്കും ഗുണം പകരുന്ന സേവനങ്ങള്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ -അശ്വതി പറഞ്ഞു.
കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ കടപ്പാക്കട ഭാവന നഗർ മുല്ലശ്ശേരിൽ പി. ശ്രീനിവാസെൻറയും കാസർകോട് സി.പി.സി.ആർ.ഐ മുൻ ഗവേഷക ഡോ. എസ്. ലീനയുടെയും മകളാണ്. കാസർകോട് നവോദയയിലും കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു അശ്വതിയുടെ സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം ശ്രീഗോകുലം മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.