തിരുവനന്തപുരം: സ്കൂൾകാലം മുതൽ ആഗ്രഹിച്ചൊരു സ്വപ്നം 24ാം വയസ്സില്‍ എത്തിപ്പിടിച്ചതിന്‍റെ സന്തോഷത്തിലാണ് തിരുവനന്തപുരം തിരുമല ഉദയഗിരി നഗർ പുളിമൂട്ടിൽ വീട്ടിൽ ഫാബി റഷീദ്. സിവിൽ സർവിസ് പരീക്ഷയിൽ ആദ്യശ്രമത്തില്‍തന്നെ 71ാം റാങ്ക് ഫാബി നേടിയപ്പോൾ ഞെട്ടിയത് നാട്ടുകാരും ബന്ധുകളും മാത്രമല്ല, സ്വന്തം വീട്ടുകാർ കൂടിയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍തന്നെ സിവില്‍ സര്‍വിസായിരുന്നു ഫാബിയുടെ സ്വപ്നം.
കുട്ടിക്കാലത്ത് വലുതാകുമ്പോൾ എന്താകണമെന്ന് അധ്യാപകർ ചോദിക്കുമ്പോൾ ഫാബിയുടെ ഉത്തരം പെട്ടെന്നായിരുന്നു 'കലക്ടർ'. എന്തുകൊണ്ട് സിവിൽ സർവിസ് എന്ന മറുചോദ്യത്തിന് ആദ്യമൊന്നും കൃത്യമായി ഉത്തരം പറയാൻ ഫാബിക്ക് കഴിഞ്ഞില്ല. പക്ഷേ, പിന്നീട് അവൾ തന്നെ ഒരു ഉത്തരം കണ്ടെത്തി.
മാനസികമായി എനിക്ക് സംതൃപ്തി നല്‍കുന്നത് സാമൂഹിക സേവനത്തിലാണ്. പ്ലസ് ടുവിന് ശേഷം സയന്‍സിനോട് താൽപര്യമുണ്ടായിരുന്നതിനാല്‍ തിരുവനന്തപുരം ഐസറിലായിരുന്നു ഡിഗ്രിയും പി.ജി പഠിച്ചത്. പഠിക്കാന്‍തന്നെ ധാരാളം ഉണ്ടായിരുന്നതിനാല്‍ അക്കാലത്തൊന്നും സിവില്‍ സര്‍വിസിനായി പരിശീലിച്ചിരുന്നില്ല. എന്നാല്‍, പരീക്ഷക്ക് ആവശ്യമായ പത്രവായനയും അനുബന്ധ വായനയും കൃത്യമായി നടത്തിയിരുന്നു. അതില്‍ ഒരിക്കലും മുടക്കം വരുത്തിയില്ല.
പഠനം കഴിഞ്ഞതും സിവില്‍ സര്‍വിസ് കോച്ചിങ്ങിലേക്ക് തിരിയുകയായിരുന്നു-ഫാബി പറയുന്നു. 2022 ജൂണ്‍ മുതലാണ് സിവിൽ സർവിസിനായി തയാറെടുത്ത് തുടങ്ങിയത്. സയന്‍സ് പഠിച്ചുവന്നതിനാൽ സിവില്‍ സര്‍വിസിലെ വിഷയങ്ങളെല്ലാം ഒന്ന് ചുറ്റിച്ചു. പക്ഷേ, ഫാബി വിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ സർവിസ് അക്കാദമിയിൽ ചേർന്ന് പഠനം ആരംഭിച്ചു. തുടക്കത്തിൽ കുറഞ്ഞത് 10 മണിക്കൂര്‍ വീതമെങ്കിലും പഠിക്കാന്‍ ശ്രമിച്ചിരുന്നു.
ആയുർവേദ ഡോക്ടറായ എസ്.എം. റഷീദും ഇ.എസ്.ഐ ഡയറക്ടറായിരുന്നു മാതാവ് ഡോ.എം. ബീനത്തും കട്ട സപ്പോർട്ടുമായി കൂടെ നിന്നതോടെ ഫാബി സ്വപ്നനേട്ടം രണ്ടുവർഷംകൊണ്ട് കൈയെത്തിപ്പിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.