നാഗ്പൂർ: ഒരു നേരത്തേ ആഹാരത്തിനു പോലും വകയില്ലാതെ കഷ്ടപ്പാട് അനുഭവിച്ചു വളർന്ന മഹാരാഷ്ട്രയിലെ ഗഡ്ചിറോലി ഗ്രാമത്തിലുള്ള ബാലൻ ഇന്ന് യു.എസിലെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൊണ്ട് ജീവിതം മാറ്റിമറിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഭാസ്കർ ഹലാമിയുടെ ജീവിതം. കുർഖേദ തെഹ്സിൽ എന്ന ഗ്രാമത്തിലെ ചിർചാഡി എന്ന ഗോത്രവർഗ സമുദായത്തിലാണ്.
ഹലാമി ഇപ്പോൾ യു.എസിലെ മേരിലാൻഡിലുള്ള ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ സിർനോമിക്‌സിന്റെ ഗവേഷണ വികസന വിഭാഗത്തിലെ മുതിർന്ന ശാസ്ത്രജ്ഞനാണ്. ജനിതക മരുന്നുകളിലാണ് കമ്പനി ഗവേഷണം നടത്തുന്നത്.
തന്റെ ഗ്രാമത്തിലെ ആദ്യത്തെ ശാസ്ത്ര ബിരുദധാരിയും ബിരുദാനന്തര ബിരുദധാരിയും പി.എച്ച്.ഡി നേടിയ ആളും ഹലാമി.
കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെ കുറിച്ച് അദ്ദേഹം എൻ.ഡി.ടി.വിയോടാണ് പങ്കുവെച്ചത്. ഒരു നേരം പോലും വയറ് നിറച്ച് ഭക്ഷണം കഴിച്ചിരുന്നില്ല. ആ കാലം എങ്ങനെ താണ്ടിയെന്നതിനെ കുറിച്ച് കുടുംബം ഇപ്പോൾ അദ്ഭുതത്തോടെയാണ് ഓർക്കുന്നതെന്നും 44കാരനായ ശാസ്ത്രജ്ഞൻ പറയുന്നു.
മഴക്കാലങ്ങളിൽ കഠിനപ്രയാസങ്ങളാണ് നേരിട്ടത്. കൃഷിയായിരുന്നു കുടുംബത്തിന്. മഴക്കാലമായാൽ കൃഷിയുണ്ടാകില്ല.ജോലി ഇല്ലാതെ എല്ലാവരും വീട്ടിലിരിക്കും. വിശന്നു വലയുമ്പോൾ എളുപ്പം ദഹിക്കാത്ത ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കും. കാട്ടുപൂക്കളും കായ്കനികളുമായിരുന്നു പലപ്പോഴും അത്. മുളയരി ശേഖരിച്ച് പൊടിയാക്കി പാകം ചെയ്ത് ഭക്ഷിക്കും. ആ ഗ്രാമത്തിലെ 90 ശതമാനം ആളുകളും ഇങ്ങനെയായിരുന്നു കഴിഞ്ഞിരുന്നത്.
400 മുതൽ 500 വരെ കുടുംബങ്ങളാണ് അവിടെയുണ്ടായിരുന്നത്. ഹലാമിയുടെ മാതാപിതാക്കൾ ഗ്രാമത്തിൽ വീട്ടുജോലിക്കാരായി ജോലി ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ, ഹലാമിയുടെ പിതാവ് 100കി.മി ദൂരെ ഒരു സ്കൂളിൽ ജോലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് പോയി. മൂന്ന്,നാല് മാസം കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയപ്പോൾ മാത്രമാണ് ജോലി ശരിയായ വിവരം കുടുംബം അറിഞ്ഞത്. പിന്നീട് കുടുംബത്തിന്റെ സ്ഥിതി അൽപം മെച്ചപ്പെട്ടു. സ്കൂളിലെ പാചകക്കാരനായാണ് ജോലി ലഭിച്ചത്. കസൻസൂരിലെ സ്കൂളിലായിരുന്നു ഹലാമിയുടെ പ്രാഥമിക വിദ്യാഭ്യാസം. സ്കോളർഷിപ്പോടെ പിന്നീട് സർക്കാർ സ്കൂളിൽ 10 വരെ പഠിച്ചു.
വിദ്യാഭ്യാസത്തിന്റെ മൂല്യത്തെ കുറിച്ച് അച്ഛനാണ് ഞങ്ങളെ മനസിലാക്കി തന്നത്. ഹലാമിയുടെ പിന്നാലെ സഹോദരങ്ങളും സ്കൂൾ പഠനം പൂർത്തിയാക്കി. ഗഡ്ചിറോലിയിലെ കോളജിൽ നിന്ന് സയൻസ് ബിരുദം നേടിയ ശേഷം ഹലാമി നാഗ്പൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 2003ൽ നാഗ്പൂരിലെ പ്രശസ്തമായ ലക്ഷ്മിനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൽഐടി) അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനായി.
മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ (എം.പി.എസ്.സി) പരീക്ഷ പാസായി. അപ്പോഴും ഹലാമിയുടെ ശ്രദ്ധ ഗവേഷണത്തിലായിരുന്നു. മിഷിഗൺ ടെക്‌നോളജിക്കൽ യൂനിവേഴ്‌സിറ്റിയിൽ നിന്നാണ് ഹലാമി പി.എച്ച്.ഡി നേടിയത്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മാതാപിതാക്കൾക്കാണ് ഹലാമി നൽകുന്നത്. പിന്നീട് ചിർചാടിയിൽ ഹലാമി കുടുംബത്തിനായി ഒരു വീട് നിർമിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് പിതാവ് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.