മങ്കട: ലോകത്തിലെ ഏറ്റവും വലിയ സുസ്ഥിര നേതൃത്വ പരിശീലന പദ്ധതിയിലേക്ക് മങ്കട സ്വദേശിനി സഫാന ഷംന തെരഞ്ഞെടുക്കപ്പെട്ടു. യു.പി.ജി സസ്റ്റൈനബിലിറ്റി ലീഡർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് അവസരം ലഭിച്ചത്. 159 രാജ്യങ്ങളിൽ നിന്ന് 6553 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
130ഓളം പാനലിസ്റ്റുകൾ അപേക്ഷകരുടെ വിവരങ്ങൾ അവലോകനം ചെയ്ത ശേഷം തെരഞ്ഞെടുത്ത അഞ്ഞൂറ് പേരിലാണ് സഫാനയും ഉൾപ്പെട്ടത്. പരിസ്ഥിതി സുസ്ഥിരത, സാമൂഹിക സ്ഥിരത എന്നിവ നടപ്പിലാക്കുക എന്ന ആശയത്തോടെ ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുനൈറ്റഡ് പീപ്പിൾ ഗ്ലോബൽ നടത്തുന്ന പ്രാഥമിക പരിശീലനത്തിലാണ് സഫാന പങ്കെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 'സുസ്ഥിര വികസനം' എന്ന ആശയത്തിൽ ഒമ്പത് ആഴ്ചയിലെ ക്ലാസുകൾ നൽകുകയും തങ്ങളുടെ രാജ്യങ്ങളിൽ പരിശീലന പരിപാടികൾക്കുള്ള പിന്തുണയും നൽകും.
സമൂഹത്തിൽ നടപ്പിലാക്കാൻ പോകുന്ന സുസ്ഥിര പ്രോജക്ടിനെ കുറിച്ചുള്ള ആശയവും, ഒപ്പം ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സഹിതമാണ് അപേക്ഷ നൽകിയത്.
ലിംഗ സമത്വം, പൊതു സമൂഹത്തിൽ നടപ്പിലാക്കേണ്ട അവബോധം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകൾ എന്നിവയാണ് അപേക്ഷയിൽ സഫാന സമർപ്പിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡുമുള്ള സഫാന, എം.എസ്.എഫ് ഹരിത മലപ്പുറം ജില്ല ട്രഷററാണ്. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റിയാസാണ് ഭർത്താവ്. മകൻ: അബ്സി നഹ്യാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.