ശിഹാബ്‌ തങ്ങൾ സിവിൽ സർവിസ്‌ അക്കാദമിക്ക്‌ അഭിമാന നിമിഷം; രണ്ടുപേർ സിവിൽ സർവിസ് നേടി

തിരുവനന്തപുരം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നജീബ് കാന്തപുരം എം.എൽ.എ നടപ്പാക്കുന്ന ‘ക്രിയ’ (KREA) വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിക്ക് അഭിമാന നേട്ടം. ഈ വർഷത്തെ യു.പി.എസ്.സി പരീക്ഷയെഴുതിയ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവിസ് അക്കാദമിയുടെ ഭാഗമായ രണ്ടു പേർക്ക് തിളക്കമാർന്ന വിജയം. കാസർകോട് സ്വദേശിനി കാജൽ രാജു 910ാംറാങ്കും, വയനാട് സ്വദേശിനി ഷെറിൻ ഷഹാന 913ാം റാങ്കും നേടി.

ഇക്കഴിഞ്ഞ ജനുവരി 24, 25 തീയതികളിൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവിസസ് സംഘടിപ്പിച്ച പേഴ്സണാലിറ്റി ടെസ്റ്റിൽ പങ്കെടുത്തവരാണ് ഇരുവരും. ഇന്റർവ്യൂ കഴിയുന്നതുവരെ ഇവർക്ക് ആവശ്യമായ പരിശീലനങ്ങളും നിർദേശങ്ങളും അക്കാദമി നൽകിയിരുന്നു.

പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സർവിസ് അക്കാദമി പൂര്‍ണമായും സൗജന്യമായാണ് സിവില്‍ സര്‍വിസ് തല്‍പരരായ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യങ്ങളോടെയുള്ള പരിശീലനം നല്‍കുന്നത്. കാസകോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴു ജില്ലകളില്‍ നിന്നുള്ള വിദ്യാഥികളാണ് ‍അക്കാദമിയില്‍ പഠിക്കുന്നത്. ഈ മാസം 28ന് നടക്കുന്ന യു.പി.എസ്.സി പരീക്ഷയിൽ നിലവിലെ ബാച്ചിലെ 100 പേർ പരീക്ഷ എഴുതാൻ ഒരുങ്ങുകയാണ്.

അടുത്ത ബാച്ചിലേക്കുള്ള അപേക്ഷ ഓൺലൈനായി ക്ഷണിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://www.kreaprojects.com ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യാം.

ഇപ്പോൾ സിവിൽ സർവിസ് പരീക്ഷ പാസായ കാജൽ രാജുവും ഷെറിൻ ഷഹാനയും ഉൾപ്പെടുന്ന ഉദ്യോഗാർഥികൾക്കായി തിരുവനന്തപുരത്ത് ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസസ് അക്കാദമി സംഘടിപ്പിച്ച പേഴ്സണാലിറ്റി ടെസ്റ്റിൽ മുൻ ചീഫ് സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഡയറക്ടറും മുന്‍ യു.പി.എസ്.സി അംഗവുമായ കെ. ജയകുമാര്‍, സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരായ കേന്ദ്ര സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കാശ്മീരില്‍ നിന്നുള്ള ഷാ ഫൈസല്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ‍ഡയറക്ടര്‍ ജാഫര്‍ മാലിക്, നാഷണല്‍ അക്കാദമി ഫോര്‍ ഇന്ത്യന്‍ റെയില്‍വെസ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ മേനോന്‍, വിഘ്നേശ്വരി, കെ.എസ് അഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പെരിന്തൽമണ്ണയിലെ സിവിൽ സർവിസ് അക്കാദമിയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന മുഹൂർത്തമാണെന്നും നിലവിലെ റിസൾട്ട് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജ്ജം പകരുമെന്നും നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ ചികിത്സയിലുള്ള ഷെറിൻ ഷഹാനയെ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഡോക്ടർ ഖലീൽ, അക്കാദമി കോഡിനേറ്റർ ഇർഷാദ് അലി എന്നിവർ ബൊക്കെ നൽകി അനുമോദിച്ചു. കാജൽ രാജുവിന്റെ വിജയം നജീബ് കാന്തപുരം എം.എൽ.എ തിരുവനന്തപുരത്ത് കാജലിനൊപ്പം കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

എം.എൽ.എയുടെ ഫേസ്ബുക്​ പോസ്റ്റ്:

ഐ.എ.എസിലേക്ക്‌ രണ്ടു പേർ❤️❤️

പെരിന്തൽമണ്ണ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സിവിൽ സർവിസ്‌ അക്കാദമിക്ക്‌ ഇത്‌ അഭിമാന നിമിഷം.

കാജൽ രാജു

രാജ്യത്തിന്റെ പരമോന്നത സർവ്വീസിലേക്ക്‌ അക്കാദമിയുടെ ഇന്റർവ്യു കോച്ചിങ്ങിലൂടെ കടന്നു വന്ന രണ്ട്‌ മിടുക്കർ ഇടം നേടിയിരിക്കുന്നു. കാസർകോട്‌ ജില്ലക്കാരി കാജൽ രാജുവും വയനാട്‌ സ്വദേശി ഷെറിൻ ശഹാനയും.

ഷെറിൻ ശഹാന

ഈ ദൗത്യത്തിൽ ഞങ്ങൾക്കൊപ്പം പങ്കു ചേർന്ന മുൻ ചീഫ്‌ സെക്രട്ടറി കെ.ജയകുമാർ സാർ, എല്ലാ തിരക്കുകളും മാറ്റി വെച്ച്‌ ഞങ്ങൾക്കൊപ്പം നിന്ന ഐ.എ.എസ്‌ ഉദ്യോഗസ്ഥരായ ജാഫർ മാലിക്‌,ഷാ ഫൈസൽ , അഞ്ജു കെ.എസ്‌, വിഗ്നേശ്വരി, എന്നിവർക്ക്‌ പ്രത്യേക നന്ദി....

ക്രിയയുടെ യാത്ര സഫലമാകുന്നു.

Full View
Tags:    
News Summary - HYDERALI SHIHAB THANGAL ACADEMY FOR CIVIL SERVICES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.