യു.പി.എസ്.സി പോലുള്ള മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഒരു സുപ്രഭാതത്തിൽ ഇരുന്ന് പഠനം തുടങ്ങിയാൽ മതിയാകില്ല. വർഷങ്ങളുടെ കഠിനപ്രയത്നം തന്നെ വേണ്ടി വരും. പലരും വീടുവിട്ട് മറ്റ് നഗരങ്ങളിൽ ചേക്കേറിയാണ് പരീക്ഷക്ക് തയാറെടുക്കുന്നത്.
രാജസ്ഥാനിലെ പാരി ബിഷ്നോയ് ഐ.എ.എസ് നേടിയതും അങ്ങനെ കഠിനമായി അധ്വാനിച്ചാണ്. രാജസ്ഥാനിലെ ബികാനീർ ആണ് പാരിയുടെ ജൻമനാട്.
അവരുടെ പിതാവ് മണിറാം ബിഷ്നോയ് അഭിഭാഷകനായിരുന്നു. അമ്മ സുശീല ബിഷ്നോയ് പൊലീസ് ഉദ്യോഗസ്ഥയും.
ഡൽഹി യൂനിവേഴ്സിറ്റിക്കു കീഴിലെ ഇന്ദ്രപ്രസ്ഥ വനിത കോളജിലായിരുന്നു പാരിയുടെ കോളജ് പഠനം. അജ്മീറിലെ എം.ഡി.എസ് യൂനിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദവം സ്വന്തമാക്കി.
ബിരുദം നേടിയതിനു ശേഷമാണ് പാരി ബിഷ്നോയ് സിവിൽ സർവീസിനെ കുറിച്ച് ചിന്തിച്ചത്. അതിലേക്കുള്ള തയാറെടുപ്പ് എന്ന രീതിയിൽ പാരി ആദ്യം ചെയ്തത് മൊബൈൽ ഫോൺ ഉപയോഗം അവസാനിപ്പിച്ചതാണ്. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തു. മറ്റൊന്നിലും ശ്രദ്ധിക്കാതെ പഠനത്തിൽ മാത്രം മുഴുകി ഒരു സന്യാസിയെ പോലെ ജീവിച്ചുവെന്നാണ് മകളുടെ പരീക്ഷ കാലത്തെ കുറിച്ച് സുശീല പറയുക.
സിവിൽ സർവീസ് പരീക്ഷ വിജയിക്കുക എന്നതായിരുന്നു പരമപ്രധാന ലക്ഷ്യം. മൂന്നാമത്തെ ശ്രമത്തിൽ, 2019ലാണ് പാരി സിവിൽ സർവീസ് പാസായത്. അഖിലേന്ത്യ തലത്തിൽ 30 ആയിരുന്നു റാങ്ക്. സിക്കിമിലെ ഗ്യാങ്ടോക്കിൽ സബ്ഡിവിഷനൽ ഓഫിസറാണ് ഇപ്പോൾ പാരി. കേന്ദ്രപെട്രോളിയം ആൻഡ് ഗ്യാസ് മന്ത്രാലയത്തിൽ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു നേരത്തേ. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും സജീവമാണ് പാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.