ബി.സി അഞ്ചാം നൂറ്റാണ്ടു മുതൽ പണ്ഡിതൻമാരുടെ തലവേദനയായ സംസ്കൃത വ്യാകരണ പ്രശ്നത്തിന് ഉത്തരം കണ്ടെത്തി 27 കാരനായ പി.എച്ച്.ഡി വിദ്യാർഥി. കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി പി.എച്ച്.ഡി വിദ്യാർഥിയായ ഋഷി അതുൽ രാജ്പോപത് ആണ് 2500 വർഷം മുമ്പ് ജീവിച്ചിരുന്ന സംസ്കൃത പണ്ഡിതൻ പാണിനി എഴുതിയ വ്യാകരണ പ്രശ്നത്തിന്റെ ചുരുളഴിച്ചത്.
മറ്റ് വ്യകാരണങ്ങളുടെ ഉപയോഗത്തിനായി പാണിനി പഠിപ്പിച്ച നിയമമാണ് കീറാമുട്ടിയായി നിലകൊണ്ടത്. പരസ്പര വിരുദ്ധങ്ങളായ രണ്ട് തുല്യ നിയമങ്ങൾ ഒരുമിച്ച് വരുമ്പോൾ വ്യാകരണത്തിന്റെ സീരിയൽ ഓർഡർ പ്രകാരം ഉപയോഗിക്കണമെന്നായിരുന്നു ഇതിനെ പണ്ഡിതർ വ്യാഖ്യാനിച്ചിരുന്നത്. ഇത് പലപ്പോഴും വ്യകരണത്തെറ്റുകൾ സൃഷ്ടിച്ചു. ഈ വ്യാഖ്യാനം രാജ്പോപത് തള്ളിക്കളഞ്ഞു.
ഒരു വാക്കിന്റെ ഇടതും വലതും വ്യകാരണ നിയമം ഉപയോഗിക്കേണ്ടി വരുന്ന കാര്യമാണ് അദ്ദേഹം ഉദ്ദേശിച്ചത്. അങ്ങനെ വരുമ്പോൾ വാക്കിന്റെ വലതുഭാഗത്ത് വ്യാകരണം ഉപയോഗിക്കണമെന്നാണ് പാണിനി വ്യക്തമാക്കിയതെന്നും പാണിനിയുടെ ഭാഷാനിയമത്തിൽ നിന്ന് വ്യകരണത്തെറ്റില്ലാത്ത വാക്കുകൾ മാത്രമാണ് പുറത്തു വന്നിട്ടുള്ളതെന്നും ഋഷി പറഞ്ഞു.
'എനിക്ക് കേംബ്രിഡ്ജിൽ 'യൂറേക്കാ' നിമിഷമുണ്ടായി. ഈ പ്രശ്നം പരിഹരിക്കാനുള്ള ഒമ്പതു മാസം നീണ്ട പരിശ്രമത്തിനൊടുവിൽ ഞാൻ ഉദ്യമം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എനിക്ക് ഒന്നും കിട്ടിയില്ല. അതിനാൽ ഞാൻ ഒരു മാസത്തേക്ക് പുസ്തകങ്ങളെല്ലാം അടച്ചുപൂട്ടി, വേനൽ, നീന്തൽ, സൈക്ലിങ്, പാചകം, പ്രാർഥന, ധ്യാനം തുടങ്ങിയവയിൽ സന്തോഷം കണ്ടെത്താൻ തുടങ്ങി. ശേഷം ഞാൻ ഇഷ്ടമില്ലാതെ തന്നെ, ജോലിയിലേക്ക് തിരിച്ചു. മിനിട്ടുകൾക്കുള്ളിൽ, പേജുകൾ മറിച്ചുകൊണ്ടിരിക്കെ തന്നെ, ഈ പാറ്റേൺ മനസിലേക്ക് വന്നുകൊണ്ടിരിന്നു' - ഋഷി ഇൻഡിപെൻഡന്റിനോട് പറഞ്ഞു.
തുടർന്ന് ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം രണ്ടു വർഷം സമയം ചെലവഴിച്ചു. തന്റെ വിദ്യാർഥി ഈ പ്രശ്നത്തിന്റെ ചുരുളഴിച്ചുവെന്ന് പ്രഫ. വെർഗ്യാനി പറഞ്ഞു. വർഷങ്ങളായി പണ്ഡിതൻമാരെ കറക്കുന്ന പ്രശ്നത്തിന് അസാധാരണമായ പരിഹാരം അദ്ദേഹം നിർദേശിച്ചിരിക്കുന്നു. ഇത് സംസ്കൃത പഠനത്തെ കൂടുതൽ എളുപ്പമാക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മാത്രമുള്ള ഭാഷയാണ് സംസ്കൃതം. 25,000 ആളുകളോളം മാത്രമാണ് സംസ്കൃതം സംസാരിക്കുന്നവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.