ലഖ്നോ: കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് 17 വയസുള്ള പ്രമിത തിവാരിക്ക് അക്യൂട്ട് മൈനർ ലൂക്കീമിയ സ്ഥിരീകരിച്ചത്. അതോടെ അവളുടെ പഠനം അവതാളത്തിലാകുമെന്ന് പലരും വിധിയെഴുതി. എന്നാൽ രോഗത്തോട് പൊരുതി പ്രമിത ഐ.എസ്.സി പരീക്ഷയിൽ നേടിയത് മറ്റാർക്കും പകരം വെക്കാനാകാത്ത നേട്ടമാണ്. ആശുപത്രിയിൽ ചികിത്സ നടക്കുമ്പോഴും അവൾ പുസ്തകങ്ങളെ കൂടെ കൂട്ടി. അതിനു ഫലവും കിട്ടി. ഞായറാഴ്ച ഐ.എസ്.സി 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചപ്പോൾ 97.75 ശതമാനം മാർക്കാണ് ഈ മിടുക്കിക്ക് ലഭിച്ചത്.
കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്ലാസുകളായിരുന്നു കൂടുതലും. ആയിടക്കാണ് പതിവായി നടുവേദനയും ക്ഷീണവും അനുഭവപ്പെട്ടത്. മരുന്നുകൾ കഴിച്ചിട്ടും ആശ്വാസം ലഭിച്ചില്ല. തുടർന്ന് ഡോക്ടർ ചില പരിശോധനകൾക്ക് നിർദേശിച്ചു. പരിശോധനകൾക്കു ശേഷം അർബുദം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ അവസ്ഥയെ കുറിച്ച് ഡോക്ടർമാർ ബോധ്യപ്പെടുത്തി. എല്ലാമറിഞ്ഞപ്പോൾ ഹൃദയം തകർന്നതു പോലെ ആ പെൺകുട്ടിക്ക് തോന്നി. എന്നാൽ ധൈര്യം നൽകി ബിസിനസുകാരനായ പിതാവ് ഉത്കർഷ് തിവാരിയും മാതാവ് രശ്മിയും ഒപ്പം നിന്നു. എല്ലാം പഴയ പടിയാകുമെന്ന് അവർ വിശ്വസിപ്പിച്ചു.
സേഥ് എം.ആർ ജയ്പൂരിയ സ്കൂൾ വിദ്യാർഥിയാണ് വൃന്ദാവൻ കോളനിയിൽ താമസിക്കുന്ന പ്രമിത. രോഗത്തിനെതിരായ പോരാട്ടത്തിനൊപ്പം പഠനവും ഒരുമിച്ചുകൊണ്ടുപോകാൻ ഒടുവിൽ പ്രമിത തീരുമാനിച്ചു. കീമോ തെറാപ്പിക്കായി ലഖ്നോയിലെ അത്യാധുനിക സൗകര്യമുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ജനുവരിയിൽ അവൾക്ക് ബോൺ മാരോ മാറ്റിവെക്കുന്ന ശസ്ത്രക്രിയ നടത്തി. ഇപ്പോൾ രോഗത്തിന് ആശ്വാസണുണ്ട്. പൂർണ മുക്തി നേടാൻ അഞ്ചുവർഷമെടുക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞത്.
ആശുപത്രിയിൽ ചികിത്സ നടക്കുമ്പോഴാണ് ആദ്യത്തേയും രണ്ടാമത്തെയും സെമസ്റ്റർ പരീക്ഷ നടന്നത്. ഗുരുഗ്രാമിൽ അവൾക്കായി പ്രത്യേക പരീക്ഷ സെന്ററിനായി സ്കൂൾ പ്രിൻസിപ്പൽ പ്രോമിനി ചോപ്ര ഐ.എസ്.സി അധികൃതരോട് അഭ്യർഥിച്ചു.
വേദനകൾക്ക് അൽപം ശമനം തോന്നുമ്പോൾ മാത്രം പ്രമിത പുസ്തകം കൈയിലെടുത്തു. പൂർണമായി ശ്രദ്ധ കിട്ടുമെന്ന് തോന്നുന്ന നിമിഷങ്ങളിൽ പഠനം നടത്തി. അവൾക്കായി സ്കൂൾ പ്രിൻസിപ്പലും അധ്യാപിക രശ്മി സിങ്ങും പ്രത്യേക ഓൺലൈൻ ക്ലാസുകൾ നടത്തി. കൂട്ടുകാരി അപർണ ത്രിപാടിയും ഒരുപാട് സഹായിച്ചു. ചികിത്സിച്ച ഡോക്ടർമാരും പൂർണ പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.