2024ലെ ജെ.ഇ.ഇ ഫലം ഫെബ്രുവരി 13നാണ് പ്രഖ്യാപിച്ചത്. പരീക്ഷയിൽ 100മാർക്ക് ലഭിച്ച മിടുക്കൻമാരിൽ ഒരാളാണ് ബംഗളുരുവിലെ ആദിത്യ കുമാർ. രാജസ്ഥാനിലെ കോട്ടയിലായിരുന്നു ജെ.ഇ.ഇക്കായി ആദിത്യ കുമാറിന്റെ പരിശീലനം. ഒറ്റക്കായിരുന്നില്ല ആദിത്യയുടെ അമ്മയും കൂടെയുണ്ടായിരുന്നു. പഠനസമ്മർദം താങ്ങാനാകാതെ കോട്ടയിലെ വിദ്യാർഥികൾ ഒന്നൊന്നായി ജീവനൊടുക്കുന്ന വാർത്തകളറിഞ്ഞാണ് അമ്മയും കൂടെ പോയത്.
ആസ്ട്രോഫിസിക്സും ആസ്ട്രോണമിയുമായിരുന്നു ആദിത്യയുടെ പ്രിയപ്പെട വിഷയങ്ങൾ. എട്ടാംക്ലാസ് മുതൽ ഇതിന്റെ പിന്നാലെയാണ് ആദിത്യ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ജൂനിയർ സയൻസ് ഒളിമ്പ്യാഡിന്റെ ഭാഗമായി കോട്ട സന്ദർശിച്ചു. അവിടത്തെ അധ്യാപകരുമായും വിദ്യാർഥികളുമായും സംവദിക്കാൻ അവസരം ലഭിച്ചു. അങ്ങനെയാണ് എൻജിനീയറിങ് മേഖലയിലേക്ക് താൽപര്യം മാറുന്നത്. നിരവധി സ്കോളർഷിപ്പുകളും ആദിത്യ സ്വന്തമാക്കിയിരുന്നു.
ജെ.ഇ.ഇക്കായി പ്രത്യേകം ഷെഡ്യൂൾ ചെയ്ത പഠനരീതിയൊന്നും ആദിത്യക്ക് ഉണ്ടായിരുന്നില്ല. നേരത്തേ എഴുന്നേൽക്കുമായിരുന്നു. അതിരാവിലെ മാത്തമാറ്റിക്സ് പഠിക്കുന്നത് ഗുണകരമാണെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്യുന്നതെന്ന് ആദിത്യ പറയും. ഏതാണ്ട് രാവിലെ 11 ഓടെ കണക്കിന്റെ പുസ്തകം അടച്ചുവെച്ച് ആദിത്യ തിയറി പുസ്തകങ്ങൾ തുറക്കും. അങ്ങനെ തിയറിയും പ്രാക്ടിക്കലുമായി പഠനം മുന്നേറി. തനിക്കും സ്ട്രസ് വേണ്ടുവോളമുണ്ടായിരുന്നുവെന്നും ഈ മിടുക്കൻ സമ്മതിക്കുന്നു. സമ്മർദം കൂടി വരുമ്പോൾ പുസ്തകങ്ങൾ മാറ്റി വെച്ച് നടക്കാനിറങ്ങും. അല്ലെങ്കിൽ അമ്മയോട് സംസാരിക്കും. ബാഡ്മിന്റൺ കളിക്കും. അതുമല്ലെങ്കിൽ സുഹൃത്തുക്കളോട് സംസാരിക്കും. അതോടെ പഴയ ഊർജം വീണ്ടെടുക്കും.
പരീക്ഷകാലത്ത് ആത്മവിശ്വാസം നഷ്ടമാകുന്ന വിദ്യാർഥികളുണ്ട്. അത് വലിയ വെല്ലുവിളിയാണ്. നമ്മളിൽ തന്നെ വിശ്വാസമുണ്ടാവുകയാണ് ആദ്യം വേണ്ടത്. കഴിയുന്ന രീതിയിൽ നന്നായി പഠിക്കുക. നന്നായി പരീക്ഷ എഴുതാൻ സാധിക്കുമെന്ന് സ്വയം വിശ്വസിപ്പിക്കുക.-ആദിത്യ പറയുന്നു.
കോട്ടയിൽ തനിക്ക് ഏറെ തുണയായത് അമ്മയുടെ സാന്നിധ്യമാണെന്നു പറയാനും ആദിത്യ മറന്നില്ല. നമുക്ക് വയ്യ എന്ന് തോന്നുമ്പോൾ കൂടെ ആരെയെങ്കിലുമൊക്കെ ഉണ്ടാകണം.
''മകന് വേണ്ടി വർക് ഫ്രം ഹോം ആയിമാറി. ഭർത്താവ് ജോലിക്കു പോയി. സമയാസമയങ്ങളിൽ അദ്ദേഹം ഞങ്ങളെ കാണാനെത്തി. ആദിത്യ ഞങ്ങളുടെ ഏകമകനാണ്. അതിനാൽ അവന് വേണ്ട് ഞാൻ കോട്ടയിലേക്ക് മാറി. അവനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിച്ചു. കോട്ടയിലെ വാർത്തകളൊക്കെ ഞങ്ങളെ അസ്വസ്ഥരാക്കിയിരുന്നു.''-ആദിത്യയുടെ അമ്മ പറയുന്നു. ഇെ.ഇ.ഇ അഡ്വാൻസ്ഡിൽ ഉന്നത സ്കോർ ആണ് ഇനി ആദിത്യയുടെ ലക്ഷ്യം. ബോംബെ ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.