ജീവിതം അക്കാദമിക നേട്ടങ്ങൾക്കും അപ്പുറമാണെന്ന് 2021 ലെ നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച മൃണാൾ കുട്ടെരിയും കാർത്തിക ജി നായരും. ന്യൂഡൽഹി എയിംസിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്.
പരീക്ഷയിൽ ഉന്നത വിജയം നേടിയ ശേഷം പ്രമുഖ കോളജിൽ പ്രവേശനം നേടിയവരാണ് ഇവർ. ഇപ്പോൾ അവരുടെ മറ്റ് താത്പര്യങ്ങൾ കണ്ടെത്തുകയും അതിനായി സമയം മാറ്റിവെക്കുകയുമാണ്. മൃണാൾ കോളജിലും പുറത്തും സാംസ്കാരിക പരിപാടികളിൽ സജീവമാണിപ്പോൾ. കാർത്തികക്കാണെങ്കിൽ എയിംസിൽ പഠനത്തിന് ചേർന്നപ്പോൾ അവളുടെ നൃത്തത്തോടുള്ള താത്പര്യവും പുനരുജ്ജീവിപ്പിച്ചപോലെയാണ്. ഇരുവരും അക്കാദമിക പഠനങ്ങൾക്കപ്പുറം മറ്റ് സാധ്യതകൾ തേടുകയാണ്.
പ്രവേശന പരീക്ഷക്ക് മുമ്പ് ജീവിതം പഠനം മാത്രമായിരുന്നു. ഇപ്പോൾ പഠനത്തോടൊപ്പം ഒറ്റക്ക് ജീവിക്കുമ്പോഴുള്ള അടിസ്ഥാന കടമകൾ, മുതിർന്നവരുടെ ഉത്തരവാദിത്തങ്ങൾ എന്നിവയെല്ലാം ഒരുമിച്ചുകൊണ്ടുപോവുകയാണെന്ന് കാർത്തിക പറഞ്ഞു.
നീറ്റിന് തയ്യാറെടുക്കുന്നത് ഒരു ഓട്ടമത്സരമായിരുന്നു, എയിംസിൽ മത്സരമില്ല, പകരം സമാന ചിന്താഗതിക്കാരായ ആളുകൾ പരസ്പര സഹകരണത്തോടെ, കാര്യങ്ങൾ നന്നായി ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്ന് മൃണാൾ പറഞ്ഞു.
ജീവിതം ആസ്വദിക്കാൻ പഠിക്കുക എന്ന പാഠമാണ് എയിംസിലെ ആദ്യ വർഷം തന്നെ പഠിപ്പിച്ചതെന്ന് കാർത്തിക പറഞ്ഞു. തന്റെ ഏറ്റവും വലിയ പഠനം പരാജയം സ്വീകരിക്കുക എന്നതായിരുന്നെന്ന് മൃണാളും കൂട്ടിച്ചേർത്തു.
'കോളജിൽ 'നല്ല' അല്ലെങ്കിൽ 'മോശം' വിദ്യാർഥിയാണെന്ന മുൻവിധികളൊന്നുമില്ല, അത് കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിനും തെറ്റുകൾ വരുത്താനും ധൈര്യം നൽകി. ഒരു സംഭവത്തിനും ഒരാളുടെ ബാക്കി ജീവിതത്തെ തടസ്സപ്പെടുത്താനാകില്ല. ഈ സമ്മർദ്ദം ഒഴിവാക്കിയത് എന്റെ ജീവിത തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ധൈര്യമുള്ളവനാക്കിയെന്നും മൃണാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.