22ാം വയസിൽ ആദ്യ ശ്രമത്തിൽ ഐ.എ.എസ്; അതും കോച്ചിങ് ക്ലാസിൽ പോകാതെ; ചന്ദ്രജ്യോതി സിങ്ങിന്റെ പഠന രഹസ്യം അറിയാം

സിവിൽ സർവീസ് എന്ന കടമ്പ കടക്കാൻ ഒരൊറ്റ ദിവസത്തെയോ മാസത്തേയോ തയാറെടുപ്പല്ല, വർഷങ്ങളുടെ കഠിന തപസ്യ തന്നെ വേണം. സിവിൽ സർവീസിൽ ഉന്നത റാങ്കുകൾ നേടിയവരുടെ പഠന രീതികളും ജീവിതവും പലർക്കും വഴിവിളക്കാണ്. എത്രതന്നെ തയാറെടുത്താലും വളരെ ചുരുക്കം പേർക്ക് മാത്രമേ ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് ലഭിക്കാറുള്ളൂ. അത്തരത്തിൽ സിവിൽ സർവീസിന് തയാറെടുക്കുന്നവർക്ക് പ്രചോദനമാണ് ചന്ദ്രജ്യോതി സിങ്ങിന്റെ ജീവിതം. 

ആദ്യശ്രമത്തിൽതന്നെ ഐ.എ.എസ് സ്വന്തമാക്കിയ മിടുക്കി. പഞ്ചാബിലെ സൈനിക കുടുംബത്തിലാണ് ചന്ദ്രജ്യോതി സിങ് ജനിച്ചത്. റിട്ട. സൈനിക ഓഫിസർ കേണൽ ദൽബാറ സിങ്, ലഫ്. കേണൽ മീൻ സിങ് ദമ്പതികളുടെ മകളാണ് ചന്ദ്ര. സൈനിക കുടുംബമായതിനാൽ വളരെ ചിട്ടയാർന്ന ജീവിത രീതിയായിരുന്നു കുട്ടിക്കാലം മുതൽ ചന്ദ്രക്ക്. മാതാപിതാക്കൾ ചെറുപ്പം മുതലേ സ്ഥിരോത്സാഹത്തിന്റെയും അർപ്പണബോധത്തിന്റെയും മൂല്യങ്ങൾ ചന്ദ്രയിൽ വളർത്തി

സ്കൂളിലെയും കോളജിലെയും മികച്ച വിദ്യാർഥിനികളിലൊരാളായിരുന്നു ചന്ദ്ര. 10ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 10 ആയിരുന്നു ആ മിടുക്കിയുടെ സി.ജി.പി.എ. 12ാം ക്ലാസിൽ 95.4 ശതമാനമായിരുന്നു മാർക്ക്. തുടർന്ന് 2018ൽ ഡൽഹി യൂനിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ഹിസ്റ്ററി ഓണേഴ്സ് ബിരുദവും നല്ല മാർക്കിൽ വിജയിച്ചു. ബിരുദ പഠനത്തിനു ശേഷമാണ് ചന്ദ്ര സിവിൽ സർവീസിന് തയാറെടുത്തത്. ഒറ്റവർഷത്തെ ചിട്ടയായ പഠനം കൊണ്ട് 22ാം വയസിൽ ആരും കൊതിക്കുന്ന നേട്ടം ചന്ദ്രയെ തേടിയെത്തി. യു.പി.എസ്.സി പരീക്ഷയിലെ അഖിലേന്ത്യ തലത്തിൽ 28ാം റാങ്കിന്റെ നേട്ടം. 22ാമത്തെ വയസിലാണ് ചന്ദ്ര ഐ.എ.എസ് ഓഫിസറായത്.

ദിവസവും ഒന്നുരണ്ട് മണിക്കൂറുകൾ പത്രങ്ങൾ വായിച്ച് കുറിപ്പുകൾ തയാറാക്കുമായിരുന്നു. ചരിത്രമായിരുന്നു ഐഛിക വിഷയം. ആഴ്ചയിലൊരിക്കൽ റിവിഷൻ നടത്തും. മോക് ടെസ്റ്റുകൾ പരിശീലിച്ചു. ഇതാണ് തന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചതെന്നും ചന്ദ്ര​ജ്യോതി പറയുന്നു.

 

Tags:    
News Summary - Meet Chandrajyoti Singh, who cracked UPSC At 22 in first attempt without coaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.