എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഐ.എ.എസ് ഓഫിസറാകുന്നത് സ്വപ്നം കണ്ടു; നാലാമത്തെ ശ്രമത്തിൽ സിവിൽ സർവീസ് നേട്ടം

കഠിനമായ പരിശ്രമത്തിന് ഒടുവിൽ ലഭിക്കുന്ന വിജയത്തിന് മധുരവും തിളക്കവും ഏറും. വിജയത്തിലേക്ക് എളുപ്പവഴികളില്ല എന്നത് എല്ലാവർക്കുമറിയാം. കഠിനാധ്വാനം ചെയ്യാനുള്ള മനസും ജീവിതത്തിലെ വെല്ലുവിളികൾ നേരിടാനുള്ള കഴിവുമുണ്ടെങ്കിൽ ആർക്കും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. സമാന രീതിയിൽ നേട്ടത്തിന്റെ നെറുകയിലെത്തിയ ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. ആർക്കും പ്രചോദനമായ ഒരു ജീവിതകഥ കൂടിയാണ് തിരുവനന്തപുരം സ്വദേശി എസ്. അശ്വതിയുടെത്. നിർമാണ മേഖലയിൽ ജോലിചെയ്യുകയാണ് അശ്വതിയുടെ പിതാവ്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തോടു ​പൊരുതി യു.പി.എസ്.സി പരീക്ഷയിൽ അശ്വതി നേടിയെടുത്തത് 481 ാം റാങ്കാണ്. 2020ലായിരുന്നു അത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഐ.എ.എസ് എന്ന മോഹം അശ്വതിയുടെ ഉള്ളിൽ കൂടുകെട്ടിയത്. ഈ ആഗ്രഹം മനസിലിട്ടു തന്നെയാണ് തിരുവനന്തപുരത്തെ ഗവ.ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിൽ ചേർന്നത്. കമ്പ്യൂട്ടർ എൻജിനീയറിങ്ങിലായിരുന്നു പഠനം. അവസാന വർഷം പഠിക്കുമ്പോൾ 2015ൽ കൊച്ചി ടി.സി.എസിൽ ജോലി ലഭിച്ചു. എന്നാൽ  മുഴുവൻ സമയവും സിവിൽ സർവീസിന് തയാറെടുക്കാനായി 2017ൽ അശ്വതി ജോലിയു​പേക്ഷിച്ചു. വൈകാതെ തിരുവനന്തപുരത്തെ സ്വകാര്യ സിവിൽ സർവീസ് അക്കാദമിയിൽ ചേർന്ന് പഠനം തുടങ്ങി. ആദ്യത്തെ മൂന്നുതവണയും അശ്വതിക്ക് പ്രിലിമിനറി കടക്കാനായില്ല. നിരാശയുണ്ടായെങ്കിലും പിൻമാറാൻ അശ്വതി തയാറായില്ല. നാലാമത്തെ ശ്രമത്തിൽ മികച്ച വിജയവും കൂടെ പോന്നു.  

സിവിൽ സർവീസ് കടമ്പ കടക്കുന്നതിനായി എഴുത്ത് പരിശീലനത്തിലും പരമാവധി ഉള്ളടക്കം മെച്ചപ്പെടുത്തലിലും ശ്രദ്ധകേന്ദ്രീകരിച്ചുവെന്നും അതുവഴി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നന്നായി അവതരിപ്പിക്കാൻ സാധിച്ചുവെന്നും അശ്വതി പറയുന്നു. വിജയത്തിന്റെ ക്രെഡിറ്റ് അച്ഛൻ പ്രേംകുമാറിനാണ് മകൾ നൽകുന്നത്. മകളെ കുറിച്ച് അഭിമാനിക്കുന്നുവെന്ന് പറയുന്ന ഈ പിതാവ്, കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു അശ്വതിയെന്നും അവളുടെ വിജയത്തിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു. അശ്വതിയുടെ ഇളയ സഹോദരൻ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. അമ്മ ശ്രീലത വീട്ടമ്മയും.

481ാം റാങ്ക് ലഭിച്ച അശ്വതിക്ക് ഇന്ത്യൻ റെവന്യൂ സർവീസിലാണ് ജോലി ലഭിച്ചത്. അപ്പോഴും ഐ.എ.എസ് എന്ന സ്വപ്നം അശ്വതി ഉപേക്ഷിക്കുന്നില്ല.  

Tags:    
News Summary - Meet daughter of construction labourer who quit job, cleared UPSC exam on fourth attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.