കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ദിവസവും 250 ഗ്യാസ് സിലിണ്ടറുകൾ ചുമന്നു; ജോലി കഴിഞ്ഞും തളരാതെ പഠിച്ച് ഗഗൻ നേടിയെടുത്തു ഐ.ഐ.ടി പ്രവേശനം

സാഹചര്യങ്ങൾ അനുകൂലമായിട്ടും പല കാരണങ്ങൾ കൊണ്ട് മത്സര പരീക്ഷകളിൽ പിന്തള്ളപ്പെട്ടു പോകുന്ന ഒരുപാടുപേരുണ്ട് നമുക്ക് ചുറ്റിലും. എന്തൊക്കെ വെല്ലുവിളികളുണ്ടെങ്കിലും ലക്ഷ്യം നേടിയെടുക്കുമെന്ന വാശിയുണ്ടെങ്കിൽ പ്രതിബന്ധങ്ങൾ ആർക്കു മുന്നിലും വഴിമാറും. അങ്ങനെയൊരു കഥയാണ് ഐ.ഐ.ടിയിൽ പ്രവേശനം നേടിയ ഗഗന്റേത്. ഐ.ഐ.ടിയിൽ പ്രവേശനം നേടുക എന്നതായിരുന്നു തന്റെ ജീവിത ലക്ഷ്യമെന്ന് ഗഗൻ ആ വിഡിയോയിൽ പറയുകയുണ്ടായി. വലിയ നേട്ടത്തിലേക്കെത്താൻ ഗഗൻ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് ഒരു യൂട്യൂബ് വിഡിയോ വഴിയാണ് ലോകമറിഞ്ഞത്.

അലിഗഢിലെ അ​ത്രൊലി എന്ന ചെറിയ ഗ്രാമത്തിലാണ് ഗഗൻ ജനിച്ചത്. ദാരിദ്ര്യം പിടിച്ച ചുറ്റുപാടിലാണ് വളർന്നത്.

വീട്ടിലെ ആറുമക്കളിൽ ഒരാളായിരുന്നു ഗഗൻ. ഗഗന്റെ പിതാവ് ഒരു ഗ്യാസ് ഏജൻസിയുടെ ഗോഡൗണിലെ കാവൽക്കാരനായിരുന്നു. പിതാവിനെ സഹായിക്കാൻ ഗഗനും മൂത്ത സഹോദരനും പതിവായി ജോലിക്കു പോകും. ഗ്യാസ് സിലിണ്ടർ ചുമക്കുകയാണ് ജോലി. 250 സിലിണ്ടർ ചുമന്നാൽ കൂലിയായി ദിവസം 350 രൂപ കിട്ടും. ജോലി കഴിഞ്ഞുള്ള സമയം ഗഗൻ പഠനത്തിനായി മാറ്റിവെച്ചു. ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണെങ്കിലും ഒടുവിൽ ഗഗൻ രാജ്യത്തെ മുൻനിര ഐ.ഐ.ടികളിലൊന്നിൽ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്. ഈ വർഷത്തെ ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 5286 ആണ് ഗഗ​ന്റെ റാങ്ക്. തന്റെ കുടുംബമോ സമുദായമോ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നില്ലെന്നും ഗഗൻ പറയുന്നുണ്ട്. പല കുടുംബങ്ങളിലെയും കുട്ടികളെ പോലെ ഗഗനും വീട്ടുകാരെ സഹായിക്കാൻ ജോലിക്ക് പോയി.

കുട്ടിയായിരിക്കുമ്പോൾ തന്നെ ഗഗൻ ജോലിക്കുപോയിത്തുടങ്ങി. എന്നാൽ അതൊരിക്കലും പഠനത്തിന് തടസ്സമാകരുതെന്നും ആ മിടുക്കന് നിർബന്ധമുണ്ടായിരുന്നു.

പകൽ മുഴുവൻ നീളുന്ന ജോലി കഴിഞ്ഞ് പലപ്പോഴും തളർന്ന് അവശനായാണ് വീട്ടിലെത്തുക. ആ ക്ഷീണം മാറ്റി കിടന്നുറങ്ങാൻ ഗഗൻ തയാറായിരുന്നില്ല. രാത്രി മുഴുവൻ ഓൺലൈൻ വഴി പഠിക്കാനിരിക്കും. ഉറക്കമൊഴിച്ചുള്ള ആ കഷ്ടപ്പെടലിന് ഒടുവിൽ ഫലമുണ്ടായി. ബി.എച്ച്.യു ഐ.ഐ.ടിയിൽ ഇലക്ട്രിക്കൽ ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിനാണ് ഗഗന് പ്രവേശനം ലഭിച്ചത്.

പഠിക്കാനായി ഓൺലൈൻ കോച്ചിങ് ക്ലാസുകളെയാണ് ഗഗൻ ആശ്രയിച്ചത്. ദിവ​സവേതനത്തിന്റെ ഒരു പങ്ക് ഫീസിനായി മാറ്റിവെച്ചു. രണ്ടു തവണ ജെ.ഇ.ഇ മെയിൻസ് പാസായിട്ടുണ്ട് ഈ മിടുക്കൻ.എന്നാൽ അന്തിമ ലക്ഷ്യം ജെ.ഇ.ഇ അഡ്വാൻസ്ഡ് ആയതിനാൽ പരിശ്രമം തുടരുകയായിരുന്നു. ജെ.ഇ.ഇ അഡ്വാൻസ്ഡ് പാസായാൽ മാത്രമേ ഐ.ഐ.ടികളിൽ പ്രവേശനം ലഭിക്കുകയുള്ളൂ. ഓൺലൈൻ കോച്ചിങ് സ്ഥാപന ഉടമ ഗഗന് നാലുലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഗഗന്റെ സഹോദരനും മത്സര പരീക്ഷകളെഴുതി വിജയിക്കാനുള്ള തയാറെടുപ്പിലാണ്.

Tags:    
News Summary - Meet Gagan, a daily wager who cracked IIT despite all odds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.