ബിരുദ പരീക്ഷയിലെ പരാജയം വഴിത്തിരിവായി; യു.പി.എസ്.സി പരീക്ഷയിൽ 48ാം റാങ്ക് സ്വന്തമാക്കി ബിഹാർ സ്വദേശി

വിജയത്തിന് കുറുക്കുവഴിയില്ല എന്നതാണ് പൊതു അഭിപ്രായം. മാത്രമല്ല, ലക്ഷ്യത്തിലെത്താൻ നന്നായി പ്രയത്നിക്കേണ്ടി വരും. അത്തരത്തിൽ ആരെയും പ്രചോദിപ്പിക്കുന്ന ജീവിതകഥയാണ് അനുരാഗ് കുമാറിന്റെത്. കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ് അനുരാഗ് കുമാർ യു.പി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം നേടിയത്. ബിരുദ പരീക്ഷയിലെ പരാജയമാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സര പരീക്ഷയായ യു.പി.എസ്.സി പരീക്ഷക്ക് തയാറെടുക്കാൻ അനുരാഗിന് പ്രേരണയായത്.

ബിഹാറിലെ കൈതാർ സ്വദേശിയാണ് അനുരാഗ്. എട്ടാം ക്ലാസ് വരെ ഹിന്ദി മീഡിയത്തിലാണ് അനുരാഗ് പഠിച്ചത്. പിന്നീട് ഇംഗ്ലീഷ് മീഡിയ​ത്തിലേക്ക് മാറിയപ്പോൾ ശരാശരി വിദ്യാർഥിയായിരുന്ന അനുരാഗ് നന്നായി ബുദ്ധിമുട്ടി. എന്നാൽ നിരാശനായില്ല. ആദ്യകാലത്ത് പ്ലസ്ടുവി​ന് മാത്തമാറ്റിക്സ് അനുരാഗിന് വലിയ വെല്ലുവിളിയായിരുന്നു. കണക്കിലെ കളികൾ അത്രകണ്ട് വഴങ്ങിയില്ല. എന്നാൽ അവസാന വട്ട പരീക്ഷയിൽ വിജയം അനുരാഗിനൊപ്പമായിരുന്നു.

പ്ലസ്ടുവിന് 90 ശതമാനം മാർക്കു നേടിയ ഈ മിടുക്കന് ഡൽഹിയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽ പ്രവേശനം ലഭിച്ചു. ബിരുദ പഠനം അനുരാഗിന് ബാലികേറാമലയായിരുന്നു. പലവിഷയങ്ങളിലും പാസ് മാർക്ക് പോലും നേടാനായില്ല. ഒരുവിധത്തിൽ എല്ലാ പേപ്പറും എഴുതിയെടുത്ത് അനുരാഗ് പി.ജിക്ക് ചേർന്നു. ബിരുദ വിദ്യാർഥിയായിരിക്കുമ്പോഴാണ് സിവിൽ സർവീസ് മോഹം മനസിൽ മൊട്ടിട്ടത്. നിരന്തര പരിശ്രമത്തിനൊടുവിൽ 2017ൽ ആദ്യശ്രമത്തിൽതന്നെ യു.പി.എസ്.സി പരീക്ഷ പാസാകാൻ അനുരാഗിന് കഴിഞ്ഞു. 677 ആയിരുന്നു റാങ്ക്. ഐ.എ.എസ് ആയിരുന്നു ലക്ഷ്യമെന്നതിനാൽ പരീക്ഷക്ക് തയാറെടുപ്പ് തുടർന്നു. എന്നാൽ 2018ൽ പരീക്ഷയെഴുതിയപ്പോൾ 48ാം റാങ്കാണ് സ്വന്തമാക്കിയത്. ഇപ്പോൾ ബെട്ടിയാ ജില്ലയിൽ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഓഫിസറായി സേവനമനുഷ്ടിക്കുകയാണ് അനുരാഗ് കുമാർ. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെ പ്രചോദനമാണ് അനുരാഗ് കുമാർ ഐ.എ.എസ് എന്ന് നിസ്സംശയം പറയാം.

Tags:    
News Summary - Meet IAS Anurag Kumar, who failed in graduation but secured AIR 48 in UPSC exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.