ഐ.ഐ.ടി ബിരുദധാരികളിൽ പലരും വിവിധ കമ്പനികളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്തു വരികയാണ്. വൻകിട ടെക് കമ്പനികളാണ് ഐ.ഐ.ടി ബിരുദധാരികളെ കൊത്തിക്കൊണ്ടു പോകാൻ കാത്തുനിൽക്കുന്നത്. യു.എസിലെ വലിയൊരു കമ്പനിയിൽ സ്വപ്ന തുല്യമായ പദവി വഹിച്ച ഒരാളെ കുറിച്ചാണ് പറയാൻ പോകുന്നത്. മറ്റാരുമല്ല ട്വിറ്റർ സി.ഇ.ഒ ആയിരുന്ന പരാഗ് അഗ്രവാൾ ആണത്. ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനമേറ്റെടുത്ത് ഒരു വർഷം കഴിഞ്ഞപ്പോൾ കമ്പനിയുടെ പുതിയ മുതലാളി പരാഗിനെ പുറത്താക്കി. ട്വിറ്ററിൽ നിന്ന് പരാഗ് അഗ്രവാളിനെ ഇലോൺ മസ്ക് പുറത്താക്കിയപ്പോൾ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിൽ അത് വാർത്തയായിരുന്നു. സി.ഇ.ഒ സ്ഥാനത്ത് നിന്നിറങ്ങിയപ്പോൾ ഏതാണ്ട് 346.29 കോടിയാണ് അദ്ദേഹത്തിന് ലഭിച്ചത്.
ട്വിറ്ററിൽ നിന്ന് പുറത്താക്കുന്ന സമയത്ത് 100 കോടിയോളമായിരുന്നു പരാഗിന്റെ ശമ്പളം. ജാക് ഡോർസി പദവിയൊഴിഞ്ഞതിനു പിന്നാലെയാണ് പരാഗിനെ ട്വിറ്റർ സി.ഇ.ഒ ആയി നിയമിച്ചത്. ട്വിറ്ററിന്റെ വളർച്ചക്കു കാരണമായ നിർണായക തീരുമാനങ്ങൾക്കെല്ലാം പിന്നിൽ ഈ ഇന്ത്യൻ വംശജന്റെ കരങ്ങളുണ്ടായിരുന്നു. പുതിയ കാര്യങ്ങൾ കണ്ടെത്തി പഠിക്കാനുള്ള കഴിവ്, യുക്തി ബോധം, സർഗാത്മകത എന്നിവ വേണ്ടുവോളമുള്ള വ്യക്തി എന്നാണ് മുൻഗാമിയായ ജാക് ഡോർസി പരാഗിനെ കുറിച്ച് പറഞ്ഞത്.
മുംബൈ സ്വദേശിയാണ് പരാഗ് കർണാടകയിലെ ആറ്റമിക് എനർജി സെന്ററിന് കീഴിലുള്ള സ്കൂളിലായിരുന്നു പഠിച്ചത്. 2011ൽ സോഫ്റ്റ്വെയർ എൻജിനീയറായാണ് പരാഗ് ട്വിറ്ററിലെത്തിയത്. ആദ്യ കാലത്ത് ട്വിറ്ററിന്റെ ആഡ് മേഖലയിലായിരുന്നു പ്രവർത്തനം. 2014 ഓടെ കമ്പനിയുടെ നിർണായക മാറ്റങ്ങൾക്ക് കാരണമായി. 2017ൽ ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫിസറായി നിയമിക്കപ്പെട്ടു. ആ പദവിയിൽ അഞ്ചുവർഷമിരുന്നപ്പോഴാണ് പരാഗിന് സി.ഇ.ഒ ആയി പ്രമോഷൻ ലഭിച്ചത്.
അജ്മീറിലെ സാമ്പത്തികമായി ഉന്നതിയിലുള്ള കുടുംബത്തിലാണ് പരാഗ് അഗർവാൾ ജനിച്ചത്. ആറ്റമിക് എനർജി ഡിപാർട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അമ്മ സാമ്പത്തിക പ്രഫസറും. ബോംബെ ഐ.ഐ.ടിയിൽ നിന്ന് 2005ലാണ് അഗർവാൾ ബിരുദം പൂർത്തിയാക്കിയത്. അതിനു ശേഷം യു.എസിലെ സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി ചെയ്യാൻ പോയി.
2011ലാണ് അദ്ദേഹം ട്വിറ്ററിലെത്തിയത്. അതിന് മുമ്പ് മൈക്രോസോഫ്റ്റ് റിസർച്ചിലും യാഹൂ എന്നീ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്തു. ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് തുടങ്ങിയിട്ടുണ്ട് അദ്ദേഹം. അതിനായി വലിയ തോതിലുള്ള ഫണ്ടിങ്ങും പരാഗിന് ലഭിച്ചുകഴിഞ്ഞു. ഓപൺ എ.ഐയുടെ ചാറ്റ്ബോട്ട് ചാറ്റ് ജി.പി.ടി വഴി ജനപ്രിയമാക്കിയ വലിയ ഭാഷാ മോഡലുകളുടെ ഡെവലപ്പർമാർക്കായി സോഫ്‌റ്റ്‌വെയർ നിർമിക്കുന്നതായി റിപ്പോർട്ടുണ്ട്. ഓപൺ എ.ഐയുടെ ആദ്യകാല പിന്തുണക്കാരനായ വിനോദ് ഖോസ്‌ലയുടെ നേതൃത്വത്തിലുള്ള ഖോസ്‌ല വെഞ്ചേഴ്‌സ് അഗർവാളിന്റെ കമ്പനിയിൽ ഫണ്ടിങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.