സമൂഹത്തിൽ എല്ലാവരും ബഹുമാനത്തോടെ കാണുന്ന പോസ്റ്റാണ് സിവിൽ സർവീസ്. ലോകത്തെ തന്നെ ഏറ്റവും വിഷമമേറിയ രണ്ടാമത്തെ പരീക്ഷയാണ് ഇന്ത്യൻ സിവിൽ സർവീസ്. ലക്ഷക്കണക്കിനാളുകൾ സിവിൽ സർവീസ് പരീക്ഷക്ക് അപേക്ഷിക്കുന്നുണ്ട്. എന്നാണ് എല്ലാ വർഷവും വളരെ കുറച്ചു പേർ മാത്രമേ വിജയിക്കുന്നുള്ളൂ. മത്സര പരീക്ഷയുടെ കാഠിന്യമോർത്ത് പലരും പരീക്ഷക്ക് അപേക്ഷിക്കാൻ പോലും മിനക്കെടാറില്ല.
സിവിൽ സർവീസ് കുടുംബകാര്യമാക്കിയ രണ്ട് സഹോദരിമാരെ പരിചയപ്പെടുത്തുകയാണ് ഇവിടെ. രണ്ടുപേരും സിവിൽ സർവീസ് വിജയിച്ചത് ഉയർന്ന റാങ്കോടെയാണ്. ടിന ദാബി, റിയ ദാബി സഹോദരിമാരെ കുറിച്ചാണ് പറയുന്നത്. 2015ൽ ഒന്നാംറാങ്കോടെയാണ് ടിന ദാബി സിവിൽ സർവീസ് പരീക്ഷ പാസായത്. അതേ പാത പിന്തുടർന്ന ഇളയ സഹോദരി റിയ ദാബി 2020ലും. റിയക്ക് അഖിലേന്ത്യ തലത്തിൽ 15 ആയിരുന്നു റാങ്ക്. രണ്ടുപേരും തിരഞ്ഞെടുത്തത് ഐ.എ.എസ് തന്നെ. ആദ്യ ശ്രമത്തിൽ തന്നെ 15ാം റാങ്ക് നേടാൻ റിയക്ക് കഴിഞ്ഞു. 23ാം വയസിലാണ് ടിന സിവിൽ സർവീസ് നേടിയത്. ഡൽഹിയിലെ ലേഡി ശ്രീറാം കോളജിലായിരുന്നു റിയയുടെ ബിരുദപഠനം. അതിനു ശേഷമാണ് സിവിൽ സർവീസിന് പരിശീലനം തുടങ്ങിയത്.
റിയ ദാബി വിവാഹം കഴിച്ചിരിക്കുന്നത് ഐ.പി.എസ് ഓഫിസറായ മനീഷ് കുമാറിനെയാണ്. മസൂരിയിലെ പരിശീലനകാലത്താണ് റിയ മനീഷിനെ കണ്ടുമുട്ടിയത്. ഒരേ വർഷമാണ് രണ്ടുപേരും സിവിൽ സർവീസ് പരീക്ഷ പാസായത്. രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിൽ അസിസ്റ്റന്റ് കലക്ടർ ആണ് റിയ.ഐ.എ.എസ് ഓഫിസറായ പ്രദീപ് ഗവാൻഡെയാണ് ടിനയുടെ ഭർത്താവ്. ജയ്സാൽമീർ കലക്ടറായ ടിന ദാബി മാതൃഅവധിയിലാണിപ്പോൾ.
22ാം വയസിലാണ് ടിന സിവിൽ സർവീസ് ടോപ്പറായത്. അതും ആദ്യ ശ്രമത്തിൽ തന്നെ. കൃത്യമായ ചിട്ടയോടെയായിരുന്നു ടിനയുടെ പഠനം. രാവിലെ ഏഴുമണിക്ക് ഉണരും. 7.30ന് പത്രങ്ങൾ വിശദമായി വായിക്കും. 8.30ന് പ്രഭാതഭക്ഷണം. 9 മണി മുതൽ 12 മണിവരെ പഠനം. അതിനു ശേഷം 12 മുതൽ ഒരു മണിവരെ കറന്റ് അഫയേഴ്സിന് മാറ്റിവെക്കും. ഭരണപരമായ നിർവഹണം മാത്രമല്ല, ഒരാളുടെ സർഗാത്മക ശേഷിയും വീക്ഷണവും അഭിരുചിയും സമന്വയിപ്പിക്കാനുള്ള അവസരം കൂടിയാണ് സിവിൽ സർവീസിലൂടെ സാധിക്കുന്നതെന്ന് ടിന പറയുന്നു.
''ക്ഷമയോടെ പഠിക്കാനുള്ള മനസാണ് ആദ്യം വേണ്ടത്. അതിൽ സ്ഥിരത വേണം. എന്തു പഠിക്കണം എന്നതിനെ കുറിച്ച് ശരിയായ ധാരണ വേണം. എത്ര മണിക്കൂർ ഇരിക്കുന്നു എന്നതിലല്ല, എന്തു പഠിച്ചു എന്നതിലാണ് കാര്യം. പരീക്ഷയുടെ സിലബസ് വളരെ വലുതാണ്. അത് കവർ ചെയ്യാൻ ശ്രമിക്കണം. പഠനത്തിനിടക്ക് ഇടവേളയെടുക്കണം. കൂടുതൽ ശ്രദ്ധ വേണ്ട വിഷയങ്ങൾക്ക് കൂടുതൽ മണിക്കൂറുകൾ നീക്കിവെച്ചു. പഠിച്ചത് വീണ്ടും വീണ്ടും റിവൈസ് ചെയ്യണം. ആഴ്ചയിൽ ഒരു ദിവസം ഇതിനായി മാറ്റിവെക്കാം. എന്നാൽ പഠിച്ച കാര്യങ്ങൾ ഒരിക്കലും മറന്നുപോകില്ല.''-പഠന രഹസ്യം ടിന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.