കായംകുളം: പ്രതിസന്ധികളെ മറികടന്ന് നേടിയ എം.ഫിൽ റാങ്ക് തിളക്കവുമായി പഴക്കച്ചവടക്കാരൻ. ഐക്യജങ്ഷൻ വെട്ടത്തയ്യത്ത് വീട്ടിൽ അബ്ദുൽ ലത്തീഫിെൻറ മകൻ അൻസിം ലത്തീഫാണ് (31) കച്ചവട തിരക്കുകൾക്കുള്ളിൽനിന്ന് റാങ്കിെൻറ നേട്ടം കൊയ്തത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പരിസരത്തെ ചെറിയ പഴക്കടയിൽ എപ്പോഴും തിരക്കാണ്. ഇതിനിടയിലും കൈയിൽ കരുതിയ പാഠപുസ്തകത്തിൽനിന്ന് തനിക്കാവശ്യമായത് ഹൃദ്യസ്ഥമാക്കാൻ കഴിഞ്ഞതാണ് അൻസിമിെൻറ നേട്ടത്തിന് കാരണം.
സിറിയൻ കവിയും സർഗപ്രതിഭയുമായ ഉമർ അബുറിഷയുടെ കവിതകളെയും സാഹിത്യ സംഭാവനകളെയും ആസ്പദമാക്കിയുള്ള തിസീസിനാണ് എംഫിൽ നേടിയത്. കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് ബിരുദം നേടിയശേഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽനിന്നാണ് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയത്. അവിടെ തന്നെ എം.ഫില്ലിനും ചേരുകയായിരുന്നു. പിതാവ് രോഗിയായതോടെയാണ് അഞ്ചുവർഷം മുമ്പ് കടയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തത്.
മൂന്നുദിവസം മാത്രം കോളജിൽ പോയാൽ മതിയെന്നത് കച്ചവടത്തിന് സൗകര്യമായി. കോവിഡ് കാലം പഠനത്തെ ഓൺലൈനിലേക്ക് മാറ്റിയതും സഹായകമായി. അറബി സാഹിത്യത്തിൽ പി.എച്ച്.ഡിയാണ് അടുത്ത ലക്ഷ്യം. 15ാം വയസ്സ് മുതൽ പിതാവിെൻറ സഹായിയായി ഒപ്പമുണ്ട്. പഠനം മുടങ്ങിയ കാലയളവുകളിലും കടയിലുണ്ടായിരുന്നു. പഠനത്തിനായി കച്ചവടവും കച്ചവടത്തിനായി പഠനവും മുടക്കേണ്ടിവന്നിട്ടില്ലെന്ന് അൻസിം പറയുന്നു. മാതാവ് ഹഫ്സത്തിെൻറയും സഹോദരൻ അനസിെൻറയും പിന്തുണയും പഠനവഴിയിൽ കരുത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.