ചെന്നൈ: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടി ഒന്നാംറാങ്ക് പങ്കിട്ടിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള എൻ. പ്രഭാഞ്ജൻ. വിജയത്തിന് കുറുക്കുവഴിയില്ലെന്ന് പറയുന്ന ഈ മിടുക്കൻ ഒരു ദിവസം 15 മണിക്കൂർ നേരമാണ് പഠനത്തിനായി മാറ്റിവെച്ചത്. 700 നുമുകളിൽ മാർക്ക് കിട്ടുമെന്ന് പരീക്ഷ എഴുതിയപ്പോൾ തന്നെ ഉറപ്പായിരുന്നു. എന്നാൽ മുഴുവൻ മാർക്ക് പ്രതീക്ഷിച്ചിരുന്നില്ല. നീറ്റിനു പഠിക്കുന്നവർക്ക് അനിവാര്യമായ ഒന്നാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളെന്ന് പ്രഭാഞ്ജൻ പറയുന്നു. ഗീതയും ബൈബിളും ഖുർആനും പോലെയാണ് തനിക്ക് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളെന്നും പ്രഭാഞ്ജൻ വ്യക്തമാക്കി.
സ്വന്തമായി ഷെഡ്യൂൾ തയാറാക്കിയാണ് പഠിച്ചത്. നീറ്റ് കീറാമുട്ടിയല്ല. കഠിനമായി അധ്വാനിച്ചാൽ ആർക്കും മികച്ച വിജയം സ്വന്തമാക്കാം-പ്രഭാഞ്ജൻ തുടർന്നു. വിഴുപ്പുറം സ്വദേശിയായ സർക്കാർ സ്കൂൾ അധ്യാപകരായ ബി. ജഗദീഷ്, ആർ. മാല ദമ്പതികളുടെ മകനാണ്. 10 ാംക്ലാസ് വരെ സംസ്ഥാന സിലബസിലാണ് പഠിച്ചത്. ചെന്നൈയിലെ വേലമ്മാൾ സ്കൂളിലായിരുന്നു പ്ലസ്ടു പഠനം.
മാതാപിതാക്കളെ കൂടാതെ തന്നെ പിന്തുണച്ച എല്ലാവർക്കും പ്രഭാഞ്ജൻ നന്ദി പറയുന്നു.
നീറ്റ് ഫലം വന്നപ്പോൾ തകർപ്പൻ വിജയവുമായി ഞെട്ടിച്ചിരിക്കുകയാണ് തമിഴ്നാട്. ഒന്ന്, മൂന്ന് റാങ്കുകളടക്കം ആദ്യ പത്തിൽ നാലുപേർ തമിഴ്നാട്ടിൽ നിന്നുള്ളവരാണ്. നീറ്റ് പരീക്ഷയെ തമിഴ്നാട് എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.