മലപ്പുറം: അമേരിക്കയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഒന്നാം റാങ്കുകാരനായി മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി സ്വന്തമാക്കിയത് ചരിത്രനേട്ടം. 20ാം വയസ്സിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ നിഹാദ് കളത്തിങ്ങൽ ഈ സർവകലാശാലയിൽ ഒന്നാമനാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിയാണ്. 40,000ത്തിലേറെ വിദ്യാർഥികളും 170 ബിരുദ പഠന വകുപ്പുകളും ജോർജിയയിലെ കെന്നെസോ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലുണ്ട്. 2021ലെ എല്ലാ പഠന വകുപ്പുകളിലെയും പരീക്ഷ ഫലം എടുത്തുനോക്കിയാൽ ഒന്നാം സ്ഥാനം നിഹാദിനാണ്.
വിഖ്യാതമായ യൂനിവേഴ്സിറ്റി റീജൻറ്സ് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് ഈ മിടുക്കൻ. വിദ്യാർഥിയായിരിക്കെത്തന്നെ സർവകലാശാലയിൽ ക്ലാസെടുക്കാനും അവസരം ലഭിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയിൽ പ്രോഗ്രാമറായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ബിരുദം പൂർത്തിയാക്കിയതോടെ ഇവിടെ വലിയ ശമ്പളത്തോടെ സ്ഥിരനിയമനവും ലഭിച്ചു.
പഠനച്ചെലവിന് വായ്പയെടുത്ത് കുടിശ്ശികയാവുന്നത് അമേരിക്കയിലെ വിദ്യാർഥികൾക്കിടയിൽ സാധാരണയാണെങ്കിൽ ഒരു സാമ്പത്തിക ബാധ്യതയുമില്ലാതെ സ്കോളർഷിപ്പോടെയായിരുന്നു നിഹാദിെൻറ പഠനം. ഇടക്ക് സ്റ്റേറ്റ് ഹാക്കത്തണിൽ ഒന്നാമതെത്തിയ ടീമിനെ നയിച്ച് കമ്പ്യൂട്ടർ പ്രോഗ്രാമിൽ പ്രതിഭ തെളിയിച്ചു. മങ്കട കളത്തിങ്ങൽ പരേതനായ ഷൗക്കത്തലിയുടെയും കൂട്ടിലങ്ങാടിയിലെ ഹാബിദ ഏലച്ചോലയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.