അമ്പലപ്പുഴ: അപകടത്തിൽ കൈ നഷ്ടപ്പെട്ട വേദന മറന്ന് എഴുതിയ സിവിൽ സർവിസ് പരീക്ഷയിൽ പാർവതിക്ക് മിന്നുംവിജയം. അമ്പലപ്പുഴ ക്ഷേത്രത്തിന് പടിഞ്ഞാറ് അമ്പാടിയിൽ ഗോപകുമാർ-ശ്രീലത എസ്. നായർ ദമ്പതികളുടെ മകൾ പാർവതിക്ക് സിവിൽ സർവിസ് പരീക്ഷയിൽ 282ാം റാങ്കാണ് ലഭിച്ചത്.
ചൊവ്വാഴ്ച ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടം കൈവരിച്ചതിന്‍റെ ആഹ്ലാദത്തിലാണ് ഈ കുടുംബം. 2010ൽ പിതാവുമായി ബൈക്കിൽ പോകുമ്പോൾ അപകടമുണ്ടായതിനെത്തുടർന്ന് വലതുകൈ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടി വന്നു. ഇപ്പോൾ കൃത്രിമകൈയാണ് പിടിപ്പിച്ചിരിക്കുന്നത്. ഒന്നുമുതൽ അഞ്ചുവരെ കാക്കാഴം സ്കൂളിലും ആറുമുതൽ 10 വരെ ചെന്നിത്തല നവോദയ സ്കൂളിലുമായിരുന്നു പഠനം.
പ്ലസ് ടു വിദ്യാഭ്യാസം അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. പിതാവ് ഗോപകുമാർ ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാറും മാതാവ് ശ്രീകല കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമാണ്. സഹോദരി: രേവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.