ചെന്നൈ: ഈ വർഷത്തെ അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ 720 ൽ 720 മാർക്കും വാങ്ങി ഒന്നാംറാങ്ക് പങ്കിട്ടിരിക്കുകയാണ് ആന്ധ്രപ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തി. ആദ്യ ശ്രമത്തിൽ തന്നെ മികച്ച റാങ്കാണ് നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ ലക്ഷ്യം. ഇവിടെ മുഴുവൻ മാർക്കും വാങ്ങിയാണ് ബോറ വരുൺ ഒന്നാമതെത്തിയത്.
മികച്ച സ്റ്റഡി പ്ലാനിങ്ങും ടൈം മാനേജ്മെന്റുമാണ് ഈ മികച്ച നേട്ടത്തിനു പിന്നിലെന്ന് വരുൺ പറയുന്നു. എല്ലാ വിഷയങ്ങൾക്കും തുല്യ പ്രാധാന്യം ലഭിക്കത്തക്ക രീതിയിൽ സമയം നീക്കിവെച്ചു. പഠനം കഴിഞ്ഞാൽ റിവിഷൻ നടത്തും. മുൻ വർഷങ്ങളിലെ ചോദ്യപേപ്പറും ചെയ്തു പഠിച്ചു.-വരുൺ പറയുന്നു. ഡൽഹി എയിംസിൽ മെഡിക്കൽ പഠനം നടത്തുകയാണ് ഈ 17കാരന്റെ ആഗ്രഹം.
എത്ര സമയം പഠിക്കുന്നു എന്നതിൽ അല്ല, സമയം കാര്യക്ഷമമായി വിനിയോഗിക്കുന്നതിലാണ് കാര്യമെന്ന് വരുൺ പറയുന്നു. വരുണിന്റെ പിതാവ്രാജേഷ് ബോറയും അമ്മ അഞ്ജലി ബോറയും സർക്കാർ സ്കൂൾ അധ്യാപകരാണ്. യുവതലമുറകളിൽ പലരും സമൂഹമാധ്യമങ്ങളിൽ ഇഷ്ടംപോലെ സമയം ചെലവഴിക്കുന്നുണ്ട്. പഠനം ഗൗരവമായി എടുത്തതോടെ വരുൺ സമൂഹ മാധ്യമങ്ങളിലെ ഇടപഴകുന്നത് ഗണ്യമായി കുറച്ചു. സുഹൃത്തുക്കളുമായി പഠനകാര്യങ്ങൾ ചർച്ചചെയ്യാൻ മാത്രം വാട്സ് ആപ് ഉപയോഗിച്ചു. ഡോക്ടറാവുക എന്നത് വരുണിന്റെ ചെറുപ്പം തൊട്ടേയുള്ള ആഗ്രഹമായിരുന്നു.
അഞ്ചാം ക്ലാസിൽ മികച്ച മാർക്ക് നേടിയ ശേഷം മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളുള്ള നഗരത്തിലേക്ക് മാറാൻ അച്ഛൻ വരുണിനെ നിർബന്ധിച്ചു. അച്ഛന്റെ നിർദേശം ശരിയായിരുന്നുവെന്ന് ഇപ്പോൾ മനസിലാകുന്നു-വരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.