പാലക്കാട്: മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് തേടിയെത്തിയ സന്തോഷത്തിലാണ് കണ്ണനൂർ കിഴക്കേപ്പുറത്ത് വീട്ടിൽ കെ. ശശീധരൻ. പാലക്കാട് ഗവ. മോയൻ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സാമൂഹികശാസ്ത്രം അധ്യാപകനാണ്.
ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത്. 21 വർഷത്തെ സർക്കാർ സർവിസിനിടക്ക് ആദ്യത്തെ അംഗീകാരമാണിത്. അവാർഡ് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും അധ്യാപകനായുള്ള മികച്ച പ്രവർത്തനങ്ങളുടെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. 2002ൽ ആലപ്പുഴയിലെ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹികശാസ്ത്ര അധ്യാപകനായാണ് സർവിസിൽ കയറുന്നത്. അതിനുമുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വിവിധ സ്കൂളുകളിൽ പ്രവർത്തിച്ചിരുന്നു.
2009ൽ ആലപ്പുഴയിൽനിന്ന് പാലക്കാട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചു. ചുണ്ടമ്പറ്റ ഹൈസ്കൂളിലായിരുന്നു പ്രവേശനം. പിന്നീട് തോലനൂർ, കഞ്ചിക്കോട്, പെരിങ്ങോട്ടുകുറിശ്ശി, മലമ്പുഴ ആശ്രമം സ്കൂൾ, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ എന്നീ സ്കൂളുകളിൽ ജോലി ചെയ്തു. 2018ൽ ആണ് മോയൻ സ്കൂളിലെത്തുന്നത്. സ്കൂളിലെ പൈതൃകം സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വം വഹിക്കുന്നുണ്ട്.
സംസ്ഥാന സാമൂഹികശാസ്ത്ര ക്ലബ് ജില്ല സെക്രട്ടറിയായിരുന്നു. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ സോഷ്യൽ സർവിസ് സ്കീം കോഓഡിനേറ്ററാണ്. സ്കൂൾ മേളകളുമായി ബന്ധപ്പെട്ട് ക്ലബിന്റെ പ്രവർത്തനം ഏകോപിപ്പിക്കുകയും നടപ്പാക്കുകയുമാണ് ചുമതല. കടകുറിശ്ശി ജി.എൽ.പി സ്കൂളിലെ അധ്യാപിക വി.വി. സുനിതയാണ് ഭാര്യ. മാതാവ്: മാധവി. വിദ്യാർഥികളായ കെ.എസ്. യദുകൃഷ്ണ, കെ.എസ്. നവനീത് കൃഷ്ണ എന്നിവരാണ് മക്കൾ. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.