സൂരജ് തിവാരി ഐ.എ.എസ്

ജീവിതത്തിലെ പരാജയങ്ങളിൽ തളർന്നിരിക്കുന്നവരാണോ​? എങ്കിൽ തീർച്ചയായും സൂരജ് തിവാരി ഐ.എ.എസിന്റെ ജീവിത കഥ അറിയണം

ജീവിതം എന്നാൽ വിജയ പരാജയങ്ങളുടെ ആകെ തുകയാണ്. പരാജയങ്ങളിൽ നിന്ന് കരകയറാത്തവർക്ക് പ്രചോദനം നൽകുന്ന ജീവിതമാണ് സൂരജ് തിവാരി ഐ.എ.എസിന്റെത്. ദുരിതങ്ങളെ തരണം ചെയ്ത് എങ്ങനെ ജീവിതത്തിൽ മികച്ച വിജയം നേടാം എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഈ 27കാരൻ. ഒരപകടത്തിൽ കൈയും രണ്ടു കാലുകളും നഷ്ടപ്പെട്ടയാളാണ് സൂരജ്. അന്നവിടെ പകച്ചു നിന്നിരുന്നുവെങ്കിൽ സൂരജിനെ കുറിച്ച് ആരും അറിയുമായിരുന്നില്ല. തനിക്ക് ഇത്രയല്ലേ സംഭവിച്ചുള്ളൂ...ജീവൻ തിരിച്ചുകിട്ടിയല്ലോ എന്ന് ചിന്തിച്ച് ഒരു ഫീനിക്സ് പക്ഷിയെ പോലെ സൂരജ് ഉയിർത്തെഴുന്നേറ്റു. എന്നാൽ ഒട്ടും എളുപ്പമായിരുന്നില്ല ഒന്നും. അപകടത്തിന് ശേഷമാണ് സൂരജ് സിവിൽ സർവീസ് സ്വപ്നം കാണുന്നത്. കഠിന പരിശ്രമം കൊണ്ട് അത് നേടിയെടുക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ മെയിൻപുരിയാണ് ഇ​ദ്ദേഹത്തിന്റെ സ്വദേശം. ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. 12ാം ക്ലാസ് വരെ ഹിന്ദി മീഡിയത്തിലാണ് പഠിച്ചത്. അന്നൊന്നും പഠനകാര്യത്തിൽ വലിയ സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ ശേഷം സൂരജ് ചില ജോലികൾ​ക്കൊക്കെ പോയിത്തുടങ്ങി. ജീവിതം വലിയ പ്രതിബന്ധങ്ങളൊന്നുമില്ലാതെ മുന്നോട്ട് നീങ്ങി. 2017ൽ സംഭവിച്ച ട്രെയിൻ ആക്സിഡന്റ് സൂരജിന്റെ ജീവിതത്തെ അടിമുടി മാറ്റി. നോയ്ഡയിൽ നീന്ന് വീട്ടിലേക്കുള്ള ​യാത്രക്കിടെയായിരുന്നു അപകടം. ബോധം വീണ്ടെടുത്തപ്പോൾ എയിംസ് ആശുപത്രിയിൽ ആണെന്ന് സൂരജ് മനസിലാക്കി. ആ സമയത്ത് ആരോഗ്യനില വളരെ മോശമായിരുന്നു. അതിജീവിക്കുമെന്ന് ഡോക്ടർമാർക്ക് പോലും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ മാസങ്ങൾ നീണ്ട ചികിത്സ കൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒരു കൈയും രണ്ടു കാലുകളും ആ അപകടത്തിൽ നഷ്ടമായിരുന്നു. അപകടത്തിനു ശേഷം നടക്കാനോ എഴുതാനോ പോലും സാധിക്കാത്തത് സൂരജിനെ വിഷാദരോഗിയാക്കി മാറ്റി. കുറെകാലം അതിനും ചികിത്സ തേടി.

സൂരജ് തിവാരിയുടെ കുടുംബം

സൂരജിന്റെ അച്ഛൻ രമേഷ് കുമാർ തിവാരി മെയിൻപുരിയിൽ കട നടത്തുകയായിരുന്നു. ഇളയ സഹോദരങ്ങളും മാതാപിതാക്കളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സൂരജിന് ഒരു മുതിർന്ന സഹോദരുണ്ടായിരുന്നു. എന്നാൽ ​​ട്രെയിൻ അപകടം സംഭവിക്കുന്നതിന് ആറുമാസം മുമ്പ് അദ്ദേഹം മരിച്ചു. അതിനു ശേഷം സാധാരണ പോലെയായിരുന്നില്ല വീട്ടിലെ കാര്യങ്ങൾ.

എന്തുകൊണ്ട് യു.പി.എസ്.സി

അപകടത്തിന് ശേഷമാണ് ​​ജെ.എൻ.യുവനെ കുറിച്ച് സൂരജ് അറിയുന്നത് ത​ന്നെ. രണ്ടാമത്തെ ശ്രമത്തിൽ റഷ്യൻ ലാംഗ്വേജ് പഠിക്കാൻ ​ജെ.എൻ.യുവിൽ അവസരം ലഭിച്ചു. അവിടെ എത്തിയതിനു ശേഷം കഴിഞ്ഞ കാലങ്ങൾ സൂരജിനെ ​വേട്ടയാടിയില്ല. 2018ലാണ് സൂരജ് ജെ.എൻ.യുവി​ലെത്തിയത്. പതിയെ ആളുകളെ കാണാനും സംസാരിക്കാനും തുടങ്ങി. ലൈ​ബ്രറിയിൽപോയി പുസ്തകങ്ങൾ വായിച്ചു. ഇക്കാലത്താണ് യു.പി.എസ്.സിയെ കുറിച്ച് അറിയുന്നത്. അറിഞ്ഞു കഴിഞ്ഞ​പ്പോൾ പരീക്ഷയെഴുതാനുള്ള ആഗ്രഹം തോന്നി. അതിനായി തയാ​റെടുപ്പും തുടങ്ങി. 2022ലാണ് ആദ്യമായി യു.പി.എസ്.സി പരീക്ഷ എഴുതിയത്. അക്കുറി ശ്രമം വിജയം കണ്ടില്ല. ​തൊട്ടടുത്ത വർഷം പ്രിലിംസ് പാസായി. ​സോഷ്യോളജിയായിരുന്നു ​മെയിൻ. ചിട്ടയായ പഠന​ത്തോ​ടെ ​മെയിൻസും ​നേടിയെടുത്തു. ഇന്റർവ്യൂവിൽ പ​ങ്കെടുക്കുന്നതിന് മുമ്പ് ചില മോക് ഇന്റർവ്യൂകളും അറ്റന്റ് ചെയ്തിരുന്നു.

 

വള​രെ ആകാംക്ഷയോ​ടെയാണ് സൂരജ് ഇൻറർവ്യൂ ​ബോർഡിനു മുന്നിലെത്തിയത്. ഇന്റർവ്യൂ ​ബോർഡിൽ അഞ്ചു​പേരാണ് ഉണ്ടായിരുന്നത്. വട്ടമേശക്ക് ചുറ്റുമാണ് എല്ലാവരും ഇരുന്നത്. സ്വയം പരിചയപ്പെടുത്തി സൂരജ് തുടങ്ങി. ഓരോരുത്തരും ഊഴമനുസരിച്ച് ചോദ്യങ്ങൾ ചോദിച്ചു. 15 ചോദ്യങ്ങളാണ് ബോർഡ് ചോദിച്ചത്. 12, 13 എണ്ണത്തിന് ശരിയായ ഉത്തരം നൽകി. ഇംഗ്ലീഷിലായിരുന്നു അഭിമുഖം. ഒരു ചോദ്യം മുലായംസിങ് യാദവിനെ കുറിച്ചായിരുന്നു. രണ്ടുമാസത്തിനു ശേഷം റിസൽറ്റ് വന്നപ്പോൾ പട്ടികയിൽ സൂരജിന്റെ പേരുമുണ്ട്. കഠിനാധ​്വാനം കൈമുതലാക്കി സൂരജ് നേടിയ വിജയത്തിന് തിളക്കവും കൂടുതലായിരുന്നു.

മകന്റെ വിജയം മാതാപിതാക്കളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. ഒരു കൈയും കാലുമില്ലെങ്കിലും മൂന്നു വിരൽ മതി തന്റെ മകന് വിജയിക്കാൻ എന്ന് അച്ഛൻ പറഞ്ഞു. വളരെ ബുദ്ധിമാനാണ് മകനെന്നും രാവും പകലും കഷ്ടപ്പെട്ട് പഠിച്ചാണ് സിവിൽ സർവീസ് നേടിയതെന്നും അമ്മ സാക്ഷ്യപ്പെടുത്തി.

Tags:    
News Summary - Suraj Tiwari who lost many limbs in an accident will fill you with enthusiasm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.