ആലുവ: മാരകരോഗത്തിന് മുന്നിൽ പകച്ചുനിൽക്കാതെ വിജയങ്ങൾ വെട്ടിപ്പിടിക്കുകയാണ് ഉമർ മിസ്ബാഹ്. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നതവിജയം നേടിയ ശേഷം ഏയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിലും ഫസ്റ്റ് ക്ലാസ്സോടെ വിജയം കണ്ടു. ആലുവ ചാലയ്ക്കൽ അമ്പലപറമ്പ് കീഴ്ത്തോട്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെയും ബനാറസിന്റെയും മകനാണ് ഉമർ മിസ്ബാഹ്.
ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കെയാണ് ഉമർ മിസ്ബാഹിന് രക്തത്തിൽ അർബുദം പിടിപെടുന്നത്. വിട്ടുമാറാത്ത പനിയെ തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒമ്പതുമാസത്തോളം തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ തുടർച്ചയായ ചികിത്സ. രോഗത്തിന്റെ കാഠിന്യം കുറഞ്ഞതോടെ 2016ൽ കുട്ടമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠനം തുടർന്നു. 2017ൽ ഒമ്പത് എ പ്ലസും 97 ശതമാനം മാർക്കോടെ ഉന്നത വിജയം നേടി. പ്ലസ് ടു സയൻസിൽ മുടിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 80 ശതമാനം മാർക്ക് നേടി വിജയിച്ചു. എൻജിനീയറിങ് പ്രവേശന പരീക്ഷയിലും മികച്ച വിജയം നേടിയ ഉമർ ഏയ്റോനോട്ടിക്കല്‍ എൻജിനീയറിങാണ് തെരഞ്ഞെടുത്ത്. തിരുവനന്തപുരം പാച്ചല്ലൂർ എയ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നാണ് ഫസ്റ്റ് ക്ലാസോടെ മികച്ച വിജയം നേടിയത്.
രക്താഅർബുദത്തെ അതിജീവിച്ചതിന്റെ ആത്മവിശ്വാസവുമായി പഠനം തുടർന്നപ്പോഴും തിരുവനന്തപുരം കാൻസർ സെൻററിലെ സ്ഥിരം പരിശോധനകൾക്കും ചികിത്സക്കും മുടക്കം വരുത്തിയിരുന്നില്ല. എല്ലാ മാസവും ആർ.സി.സിയിൽ പോയി പരിശോധനകൾ തുടരുന്നു. രക്താർബുദത്തെ തുടർന്ന് മജ്ജ മാറ്റിവെക്കണമെന്ന് നേരത്തെ ഡോക്ടർമാർ പറഞ്ഞിരുന്നു.
ഇപ്പോൾ രോഗം മാറിയെങ്കിലും ഇനി വരാതിരിക്കുന്നതിനുള്ള ഗുളികകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ തിരുവനന്തപുരം ഐ.എസ്.ആർ.ഒയിൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുകയാണ്. അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും ഉൾപ്പെടെയുള്ളവരുടെ പിന്തുണയും പ്രാർഥനയും ഒപ്പം ദൈവത്തിന്റെ അകമഴിഞ്ഞ സഹായവുമാണ് പ്രതിസന്ധികൾക്കിടയിലുള്ള വിജയത്തിന് കാരണമെന്ന് ഉമർ മിസ്ബാഹ് പറഞ്ഞു. സഹോദരങ്ങളായ മൻസയുടെയും ഉമർ മിൻസാബിന്റെയും പൂർണ്ണ പിന്തുണയും സഹായവും ഉമറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.