പ്രായം മൂന്ന് വയസ് മാത്രം; ഓർമശക്തിയുടെ കരുത്തിൽ വേദ നടന്നുകയറിയത് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിലേക്ക്

കായംകുളം: ഓർമശക്തിയിൽ മികവ് കാട്ടി മൂന്ന് വയസുകാരി റെക്കോഡ് നേട്ടത്തിൽ. കായംകുളം രാമപുരം ശ്രീലകത്തു വീട്ടിൽ വൈശാഖ് - ലക്ഷ്മി ദമ്പതികളുടെ മൂന്നുവയസ്സുകാരിയായ മകൾ വേദയാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത്.

രാജ്യത്തെ ഇരുപത്തിയെട്ട് സംസ്ഥാനങ്ങൾ, ഒമ്പത് കേന്ദ്ര ഭരണ പ്രദേശങ്ങൾ, എട്ടു ദേശീയ ചിഹ്നങ്ങൾ, കേരളത്തിലെ പതിനാല് ജില്ലകൾ, പന്ത്രണ്ട് ഇന്ത്യൻ ആഘോഷങ്ങൾ, പതിനഞ്ചോളം കാർ ബ്രാന്‍റുകൾ, ശരീരത്തിലെ പതിനാല് അവയവങ്ങൾ എന്നിവ തിരിച്ചറിഞ്ഞു പറഞ്ഞും,  ഇരുപതോളം പൊതുവിജ്ഞാന ചോദ്യങ്ങൾക്കും രാമായണവുമായി ബന്ധപ്പെട്ട പതിനെട്ടു ചോദ്യങ്ങൾക്കും ഉത്തരം നൽകിയുമാണ് വേദ കുരുന്ന് പ്രായത്തിൽ തന്നെ നേട്ടം സ്വന്തമാക്കിയത്.

കൂടാതെ ഇരുപത്തിമൂന്നു മൃഗങ്ങൾ, പതിനാല് പക്ഷികൾ, ഒമ്പത് തരം പ്രാണികൾ, അഞ്ച് ഉരഗങ്ങൾ എന്നിവയുടെ മലയാളം പേരുകൾ കേട്ടതിനുശേഷം അതിന്‍റെ ഇംഗ്ലീഷ് വാക്കുകൾ പറഞ്ഞതും മൂന്ന് വയസുകാരി വിസ്മയം തീർത്തു.

അമ്മ ലക്ഷ്മി പി.എസ്.സി പരീക്ഷക്കു വേണ്ടി തയാറെടുപ്പുകൾ നടത്തുമ്പോൾ പൊതു വിജ്ഞാന വിവരങ്ങൾ കേട്ടാണ് വേദയുടെ പഠനത്തിന്‍റെ തുടക്കം. കേട്ടുപഠിച്ചവ പിന്നീട് മറ്റുള്ളവരോട് ചോദിക്കുകയും അതിനുത്തരം പറയിക്കുകയും ചെയ്ത് ശീലമായി.

രണ്ടാമത്തെ വയസ്സുമുതല് കാര്യങ്ങള് കേട്ട് മനഃപാഠമാക്കുന്ന ശീലം വേദയ്ക്കുണ്ടായിരുന്നു. ലക്ഷ്മിയാണ് റെക്കോഡ് നേട്ടത്തിന് മകളെ പ്രാപ്തയാക്കിയത്. ചാമ്പ്യൻസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടാനാണ് അടുത്ത ലക്ഷ്യമെന്ന് മുത്തശ്ശനായ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണപിള്ളയും മുത്തശ്ശി ശ്രീലതയും പറയുന്നു.

നൃത്തത്തിലും പാട്ടിലുമൊക്കെ ബഹുമിടുക്കിയാണ് വേദ. ദുബൈയിൽ ഷിപ്പിങ് കമ്പനിയില് പ്രൊജക്ട് മാനേജരായി ജോലിചെയ്യുന്ന അച്ഛൻ വൈശാഖിനും അമ്മ ലക്ഷ്മിക്കുമൊപ്പം വേദ ദുബൈയിലാണുള്ളത്. 

Tags:    
News Summary - veda achievement indian book of record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.