ദുബൈ: യു.എ.ഇയിൽ കേരള പാഠ്യപദ്ധതി പിന്തുടരുന്ന കൂടുതൽ സ്കൂളുകളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലെന്ന് കേരള വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. കേരള സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയീസ് പ്രമോഷൻ കൺസൽട്ടന്റ്സ് ലിമിറ്റഡ് (ഒഡേപക്) യു.എ.ഇയിൽ ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് സംരംഭങ്ങളെ കുറിച്ച് ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ യു.എ.ഇയിൽ പ്ലസ് ടു അനുവദിച്ച സ്കൂളുകളിൽ സയൻസ് ബാച്ചുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സ്കൂൾ മാനേജ്മെന്റുകളുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം ആലോചനയിലാണ്. ദേശീയ വിദ്യാഭ്യാസ നയത്തെ പൂർണമായും സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ, ചരിത്രങ്ങളെ വിസ്മരിക്കുന്ന നിലപാടുകളോട് യോജിക്കാനാവില്ല. ഒഡേപെക് വഴി ഉദ്യോഗാർഥികൾക്ക് അറബി ഭാഷയിൽ പരിശീലനം നൽകും. മെഡിക്കൽ, പാരമെഡിക്കൽ രംഗത്തുള്ളവരെ കൂടാതെ മറ്റു വിദഗ്ധ മേഖലകളിൽ നിന്നും ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യും. ഇതിന്‍റെ ഭാഗമായി ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ഐ.ടി) പ്രത്യേക കോഴ്സുകൾ ആരംഭിക്കും. അതോടൊപ്പം ആറു മാസത്തിനുള്ളിൽ ഒഡേപെക് വഴി യു.എ.ഇയിലേക്ക് 1000ത്തോളം ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യൂറോപ്പ്, യു.കെ, ജർമനി, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്ന ഒഡേപെക് ഗൾഫ് രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടപടികൾ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒഡേപെകിന്‍റെ ‘അറോറ’ പദ്ധതി വഴി 59 നഴ്സുമാരെ ചൂഷണത്തിൽനിന്ന് രക്ഷപ്പെടുത്താനായതായി ചെയർമാൻ അഡ്വ. കെ.പി. അനിൽകുമാർ പറഞ്ഞു. എൽ.ഇ.എൽ.ഐ പദ്ധതി വഴി അടുത്ത വർഷം ഏപ്രിൽ, മേയ് മാസങ്ങളിൽ ബെൽജിയത്തിലെ പ്രധാന ആശുപത്രികളിലേക്ക് 50 നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുമെന്നും അനിൽകുമാർ പറഞ്ഞു. ഒഡേപെക് മാനേജിങ് ഡയറക്ടർ അനൂപ് കെ. അച്യുതനും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.