ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷ ഫലം വന്നപ്പോൾ 97.32 വിജയശതമാനവുമായി കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല രാജ്യത്ത്് ഒന്നാമത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് മേഖല ഒന്നാമതെത്തുന്നത്.
രാജ്യത്ത് പരീക്ഷയെഴുതിയവരിൽ 83.01 ശതമാനം വിജയിച്ചു. നോയിഡയിലെ മേഘ്ന ശ്രീവാസ്തവ 500ൽ 499 മാർക്ക് നേടി ഒന്നാമതെത്തിയപ്പോൾ ശാരീരിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികളിൽ പാലക്കാട് സ്വദേശി വിജയഗണേഷ് 98.4 ശതമാനം മാർക്ക് നേടി ഒന്നാമതായി. വിജയികളിൽ പെൺകുട്ടികളാണ് മുന്നിൽ. 78.99 ശതമാനം ആൺകുട്ടികൾ വിജയിച്ചപ്പോൾ 88.31 ശതമാനമാണ് പെൺവിജയം. അഖിലേന്ത്യാതലത്തിൽ 500ൽ 498 മാർക്ക് നേടിയ ഗാസിയബാദിലെ അനൗഷ്ക ചന്ദ് രണ്ടാമതെത്തിയപ്പോൾ 497 മാർക്ക് നേടിയ ഏഴുപേർ മൂന്നാം സ്ഥാനത്തെത്തി. മേഖല അടിസ്ഥാനത്തിൽ തിരുവനന്തപുരത്തിന് പിറകെ ചെന്നൈയും (93.87 ശതമാനം) ഡൽഹിയും (89 ശതമാനം) ആണ്.
തിരുവനന്തപുരം മേഖലയിൽ പരീക്ഷയെഴുതിയ 38,423ൽ 37,395 വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. ഇൗ മേഖലയിൽ ആര്‍ട്സ് സ്ട്രീമില്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ കസ്തൂരിഷാ 500ല്‍ 496 മാര്‍ക്ക് നേടി ഒന്നാമതെത്തി. സയന്‍സ് സ്ട്രീമില്‍ കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ നന്ദ വിനോദും കോമേഴ്സ് സ്ട്രീമില്‍ കൊച്ചി നേവല്‍ ബേസിലെ നേവി ചില്‍ഡ്രന്‍ സ്കൂള്‍ വിദ്യാര്‍ഥിനി മേഹൽ ഭരദ്വാളും ഒന്നാമതെത്തി. ഇരുവർക്കും 496 മാർക്ക് ലഭിച്ചു.
11 ലക്ഷത്തോളം പേർ എഴുതിയ പരീക്ഷയിൽ 12,737 വിദ്യാർഥികൾ 95 ശതമാനത്തിലും 72,599 പേർ 90 ശതമാനത്തിലും മുകളിൽ മാർക്ക് നേടി. എയ്ഡഡ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളിൽ 84.48 ശതമാനം പേർ വിജയിച്ചപ്പോൾ സർക്കാർ സ്കൂളുകളിൽനിന്ന് 84.39 ശതമാനം പേർ വിജയിച്ചു. വിദേശ സ്കൂളുകളിലെ വിജയശതമാനം 94.94 ആണ്.
ഭിന്നശേഷിവിഭാഗത്തില്‍ വിജയഗണേഷിന് ഒന്നാംറാങ്ക്
പാലക്കാട്: സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഭിന്നശേഷി വിഭാഗത്തില്‍ പാലക്കാടിന് ഒന്നാംറാങ്ക്. കൊപ്പം ലയണ്‍സ് സ്കൂള്‍ വിദ്യാര്‍ഥിയും കൊപ്പം ശേഷാദി നഗര്‍ ഐശ്വര്യ െറസിഡന്‍സിയിൽ താമസിക്കുന്ന മലബാര്‍ സിമൻറ്സിലെ ചീഫ് മെക്കാനിക് എൻജിനീറായ അനന്തനാരായണെൻറ മകനുമായ വിജയഗണേഷാണ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്.
കാഴ്ചക്ക് വൈകല്യമുള്ള വിജയഗണേഷ് 500ല്‍ 492 മാര്‍ക്ക് നേടി. പത്താംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടൻറ് ആവാനാണ് ആഗ്രഹമെന്ന് വിജയഗണേഷ് പറഞ്ഞു. മാതാവ് സുഭാഷിണി പാലക്കാട് ബ്രാഞ്ച് രണ്ടില്‍ എൽ.ഐ.സി ജീവനക്കാരിയാണ്. കോലഞ്ചേരി മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ദീപിക ഏക സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.