തിരൂർ: എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് കെ.ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) യോഗ്യത നേടാനുള്ള സമയപരിധി നീട്ടി. 2011 ജൂലൈ 20ന് ശേഷമിറങ്ങിയ പി.എസ്.സി വിജ്ഞാപനപ്രകാരം കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ സർക്കാർ സ്കൂൾ അധ്യാപകർക്കും 2012 ജൂൺ ഒന്നു മുതൽ 2019-20 അധ്യയനവർഷം വരെ കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായ എയ്ഡഡ് സ്കൂൾ അധ്യാപകർക്കും മാത്രമാണ് നിശ്ചിത കാറ്റഗറിയിലുള്ള കെ.ടെറ്റ് യോഗ്യത നേടാനുള്ള കാലാവധിയിൽ ഇളവനുവദിച്ചത്. ഇവർക്ക് മാത്രം അവസാന അവസരമായി 2025 മേയിൽ നടത്താനുദ്ദേശിക്കുന്ന പ്രത്യേക കെ.ടെറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപന തീയതി വരെയാണ് സമയം അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കെ.ടെറ്റ് യോഗ്യത നേടാതെ സർവിസിലിരിക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളിലെ അധ്യാപകർക്കായി 2023 ആഗസ്റ്റിൽ പ്രത്യേക പരീക്ഷ നടത്തിയിരുന്നെങ്കിലും ചില അധ്യാപകർക്ക് വിജയിക്കാനായിരുന്നില്ല. ഇത് സർക്കാറിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വീണ്ടും സമയപരിധി നീട്ടിയത്. കെ.ടെറ്റ് യോഗ്യത നേടാത്തതിനാൽ വർഷങ്ങളായി സർവിസുള്ള അധ്യാപകർക്കുപോലും പ്രബേഷൻ, ഇൻക്രിമെൻറ് തുടങ്ങിയവ തടഞ്ഞുവെച്ചിരിക്കുകയാണ്.
എന്നാൽ, 2023ൽ പ്രത്യേക കെ.ടെറ്റ് പരീക്ഷയിൽ യോഗ്യത നേടിയവരെയും 2025ലെ പ്രത്യേക പരീക്ഷയിൽ യോഗ്യത നേടുന്നവരെയും കെ.ഇ.ആർ 14 ചട്ടം 3ൽ പറയുന്ന തരത്തിൽതന്നെ നിർദിഷ്ട യോഗ്യതയുള്ളവരായി പരിഗണിച്ച് നിയമന തീയതി മുതൽ കണക്കാക്കി പ്രബേഷൻ പൂർത്തിയായതായി പ്രഖ്യാപിക്കേണ്ടതും ഇൻക്രിമെൻറ് അനുവദിക്കേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു. കൂടാതെ, എയ്ഡഡ് സ്കൂളുകളിൽ ഇളവ് കാലയളവായ 2012 ജൂൺ ഒന്നു മുതൽ 2019-20 വർഷം വരെ കെ.ടെറ്റ് യോഗ്യതയില്ലാതെ നിയമിതരായവരിൽ ഇനിയും അംഗീകാരം ലഭിക്കാത്തവർക്ക് മറ്റു വിധത്തിൽ ക്രമപ്രകാരമെങ്കിൽ നിലവിലെ നിയമവ്യവസ്ഥക്കു വിധേയമായി നിയമനാംഗീകാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, അവർക്കും പ്രബേഷൻ, ഇൻക്രിമെൻറ് തുടങ്ങിയവ സർക്കാർ ദീർഘിപ്പിച്ചുനൽകിയ കാലാവധിക്കുള്ളിൽ കെ.ടെറ്റ് യോഗ്യത നേടുകയാണെങ്കിൽ മാത്രമേ അനുവദിക്കേണ്ടതുള്ളൂവെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.