ഒരു നല്ല ജോലി ലഭിക്കുകയെന്നത് എല്ലാ യുവാക്കളുടെയും സ്വപ്നമാണ്. എന്നാൽ, ലോകത്തിലെ തന്നെ പ്രമുഖ കമ്പനിയായ ടെസ്‌ലയിൽ ആയാലോ ജോലി. അതത്ര എളുപ്പമല്ലെന്ന് ധ്രുവ് ലോയ എന്ന മഹാരാഷ്ട്രക്കാരൻ പറയുന്നു. ലോക കോടീശ്വരനായ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ടെസ്‌ലയിൽ തനിക്ക് ജോലി കിട്ടിയതെങ്ങിനെയെന്നത് സമൂഹമാധ്യമങ്ങളിലൂടെ വിവരിച്ചിരിക്കുകയാണ് ധ്രുവ്.
'അവസാനം എനിക്കൊരു ജോലി കിട്ടി' എന്നാണ് ധ്രുവ് ലിങ്ക്ഡ്ഇന്നിലെ കുറിപ്പിൽ പറഞ്ഞത്. 'വെല്ലുവിളി നിറഞ്ഞ ഒരു യാത്രയുടെ അവസാനം നിങ്ങളുമായി പങ്കുവെക്കുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നെ സഹായിക്കുകയും പിന്തുണക്കുകയും ഒപ്പംനിൽക്കുകയും ചെയ്തവർക്ക് ഒരുപാട് നന്ദി -ടെസ്‌ലയിൽ ടെക്നിക്കൽ സപ്പോർട്ട് സ്പെഷലിസ്റ്റായി ജോലി കിട്ടിയതിന് പിന്നാലെ ധ്രുവ് പറഞ്ഞു.
അഞ്ച് മാസമാണ് ജോലിക്കായി പ്രയത്നിക്കേണ്ടിവന്നത്. മൂന്ന് ഇന്‍റേൺഷിപ്പുകളും മികച്ച ജി.പി.എയും ശ്രദ്ധേയമായ അക്കാദമികേതര കഴിവുകളുമുണ്ടായിട്ടും അഞ്ച് മാസം ജോലിയില്ലാതെ കഴിയേണ്ടിവന്നു. വാടക കാലാവധി കഴിഞ്ഞു, ഹെൽത്ത് ഇൻഷുറൻസ് നഷ്ടപ്പെട്ടു, വിസ കാലാവധി കഴിയുന്നതോടെ ഏത് നിമിഷവും യു.എസിൽ നിന്ന് പുറത്താക്കപ്പെടുമെന്ന ഭയം വന്നു. സുഹൃത്തുക്കളോടൊപ്പമാണ് അന്ന് താമസിച്ചത്. ഓരോ ഡോളറും യു.എസിൽ തുടരാനുള്ള ആഗ്രഹത്തോടെ ചിലവഴിച്ചു. അതിനെല്ലാം ഫലമുണ്ടായിരിക്കുന്നു. ടെസ്‌ലയിൽ മികച്ച ജോലി ലഭിച്ചിരിക്കുന്നു -ധ്രുവ് എഴുതി.
മുന്നൂറിലേറെ അപേക്ഷകളും 500ലേറെ ഇ-മെയിലുകളും 10 അഭിമുഖങ്ങളും കഴിഞ്ഞ ശേഷമാണ് ഈ ജോലി കിട്ടിയത്. നിലവിലെ തൊഴിൽവിപണി ഏറെ കടുത്തതാണെന്ന് എനിക്കറിയാം. പ്രത്യേകിച്ച്, അന്താരാഷ്ട്ര വിദ്യാർഥികൾക്ക്. എന്നെപ്പോലെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വിദ്യാർഥികൾക്ക് നൽകാനുള്ള ഉപദേശം എന്തെന്നാൽ, രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ ജോലിക്കായി ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നതാണ്. സായാഹ്നങ്ങളും വാരാന്ത്യങ്ങളും മാത്രം നിങ്ങളുടെ വിനോദത്തിനായി ചെലവിടുക. ഇത് വൈകാരികപരമായി എത്രയേറെ പ്രയാസമുള്ളതാണെന്ന് എനിക്കറിയാം -ധ്രുവ് പറഞ്ഞു.
ജോലിക്കും അഭിമുഖത്തിനും സഹായകമാകുന്ന ഏതാനും വെബ്സൈറ്റുകളുടെ വിവരങ്ങളും ധ്രുവ് പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.