തിരുവനന്തപുരം: പരീക്ഷകൾക്കും ജോലിക്കും അപേക്ഷിക്കുമ്പോൾ പി.എസ്.സിയോ മറ്റു വകുപ്പുകളോ അപേക്ഷകരോട് സർട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടെന്ന് തീരുമാനം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായിരിക്കെ, ഭരണപരിഷ്കാര കമീഷൻ സമർപ്പിച്ച അഞ്ചാം റിപ്പോർട്ടിലെ നിർദേശങ്ങൾക്ക് മന്ത്രിസഭയോഗം അംഗീകാരം നൽകി. ഇതുസംബന്ധിച്ച ഉത്തരവ് ഭരണപരിഷ്കാര വകുപ്പ് കഴിഞ്ഞദിവസം പുറത്തിറക്കി. പുതിയ തീരുമാനമനുസരിച്ച് ജോലിക്കും പഠനത്തിനും തെരഞ്ഞെടുക്കുകയോ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയോ ചെയ്യുമ്പോൾ മാത്രം അപേക്ഷകനോട് സർട്ടിഫിക്കറ്റ് ചോദിച്ചാൽ മതി. ആവശ്യമെങ്കിൽ അപേക്ഷ സമർപ്പിക്കുേമ്പാൾ അപേക്ഷകന് സ്വയം തയാറാക്കിയ സത്യവാങ്മൂലം നൽകാം.
പല ആവശ്യങ്ങൾക്കുവേണ്ടി ഒാരോ വകുപ്പും പൊതുജനങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ എണ്ണം ചുരുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി ഒാരോ വകുപ്പും ഇപ്പോൾ നൽകിവരുന്ന സർട്ടിഫിക്കറ്റുകളുടെ പട്ടിക ആദ്യം തയാറാക്കണം. തുടർന്ന്, സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന വകുപ്പും അവ സ്വീകരിക്കുന്ന വകുപ്പുകളും തമ്മിൽ ആശയവിനിമയം നടത്തി ഒഴിവാക്കാവുന്നവയുടെ പട്ടിക തയാറാക്കണം. സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ സൂക്ഷിക്കാൻ കഴിയുംവിധമാണ് ഇനി നൽകേണ്ടത്.
വിവിധ വകുപ്പുകളുടെ സർട്ടിഫിക്കറ്റ് വിതരണ സംവിധാനവും പി.എസ്.സി ഉൾപ്പെടെ വിവിധ നിയമന ഏജൻസികളുമായും ബോർഡുകളുമായും ബന്ധിപ്പിച്ചാൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികത നേരിട്ട് ഉറപ്പുവരുത്താനാകും. വകുപ്പുകളെ ഏകോപിപ്പിച്ച് ഇൗ പരിഷ്കാരം നടപ്പാക്കാൻ പൊതുഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. പൊലീസ് സ്റ്റേഷനുകളിൽ മുതിർന്ന ഉദ്യോഗസ്ഥനെ പബ്ലിക് റിലേഷൻസ് ഒാഫിസറായി (പി.ആർ.ഒ) നിയമിക്കാനും തീരുമാനമായി. ഇൗ ഉദ്യോഗസ്ഥനാവശ്യമായ സൗകര്യങ്ങളൊരുക്കാനും ആഭ്യന്തര വകുപ്പിനോട് നിർദേശിച്ചിട്ടുണ്ട്.
ഇപ്രകാരം നിയമിക്കപ്പെടുന്നയാളെ മറ്റ് ചുമതലകളിൽനിന്ന് ഒഴിവാക്കും. പി.ആർ.ഒ അവധിയായാൽ പകരക്കാരനാകാൻ സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കും പരിശീലനം നൽകണം. പൊതുജനങ്ങൾക്ക് ഒാൺലൈൻ സേവനങ്ങൾ ഉറപ്പാക്കുന്നതിന് എല്ലാ സ്റ്റേഷനുകളിലും ഐ.ടി വിഷയങ്ങളിൽ പരിചയസമ്പന്നനായ ഒരുദ്യോഗസ്ഥനെ നിയോഗിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.