തിരുവനന്തപുരം: ഒ.എം.ആർ ഷീറ്റുകളുടെ ഗുണനിലവാരം മോശമായതിനെ തുടർന്ന് കെ.എ.എസ് പ്രാഥമികപരീക്ഷയുടെ 8100 ഓളം ഉത്തരക്കടലാസുകൾ കൂടി മെഷീൻ പുറന്തള്ളി. ഫെബ്രുവരി 22ന് ഉച്ചക്ക് ശേഷം നടന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിലെ രണ്ടാം പേപ്പറിലെ ഉത്തരക്കടലാസുകളാണ് മൂല്യനിർണയം നടത്താൻ കഴിയാതെ ഒ.എം.ആർ മെഷീൻ പുറത്തേക്ക് വിട്ടത്. ഇതോടെ കെ.എ.എസിൽ മെഷീനിലൂടെ മൂല്യനിർണയം നടത്താൻ സാധിക്കാത്ത ഉത്തരക്കടലാസുകളുടെ എണ്ണം 17,000 കടന്നു.
നേരേത്ത പ്രാഥമികപരീക്ഷയുടെ ആദ്യപേപ്പറിലെ 9500ഓളം ഉത്തരക്കടലാസുകളും മെഷീനിലൂടെ പരിശോധിക്കാൻ പി.എസ്.സിക്ക് കഴിഞ്ഞിരുന്നില്ല. ഇവയെല്ലാം പി.എസ്.സി ജീവനക്കാരാണ് മൂല്യനിർണയം നടത്തുന്നത്. മാന്വലായി പരിശോധിക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വർധിച്ചതോടെ കെ.എ.എസ് അന്തിമപരീക്ഷ വൈകും.
മൂന്ന് സ്ട്രീമുകളിലായി മൂന്നരലക്ഷത്തോളം പേരാണ് പ്രാഥമിക പരീക്ഷ എഴുതിയത്. ജൂൺ അവസാനത്തോടെ മൂല്യനിർണയം പൂർത്തിയാക്കി ജൂലൈ 15നകം പ്രാഥമിക പട്ടിക പുറത്തിറക്കാൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു പി.എസ്.സി. ഇതിെൻറ ഭാഗമായി മെഷീന് പരിശോധിക്കാൻ കഴിയാത്ത ആദ്യപേപ്പറിലെ 9500 ഒ.എം.ആർ ഷീറ്റുകളുടെ മൂല്യനിർണയം വെള്ളിയാഴ്ചയോടെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, രണ്ടാംപേപ്പറിലും പ്രശ്നങ്ങൾ കണ്ടതോടെ ജൂൺ 31നുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഹൈദരാബാദ് കമ്പനി വിതരണം ചെയ്ത ഷീറ്റിലെ നിറവ്യത്യാസവും രണ്ടാംഘട്ടത്തിൽ പി.എസ്.സിക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇപ്പോഴത്തെ നിലയിൽ ജൂലൈ 15നുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കി ആഗസ്റ്റിൽ ഫലം പ്രസിദ്ധീകരിച്ച് സെപ്റ്റംബറിലോ ഒക്ടോബറിലോ അന്തിമ പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷ. ആഗസ്റ്റിൽ അന്തിമപരീക്ഷ നടത്തണമെങ്കിൽ കൂടുതൽ ജീവനക്കാരെ മൂല്യനിർണയത്തിന് നൽകണമെന്ന് പരീക്ഷവിഭാഗം അറിയിച്ചിട്ടുണ്ട്. 32 വയസ്സിന് താഴെയുള്ളവരും അസി. സെക്ഷൻ ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ബന്ധുക്കളിൽപോലും കെ.എ.എസ് എഴുതാത്തവരെയുമാണ് നിലവിൽ മൂല്യനിർണയത്തിന് നിയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ യോഗ്യരായവർ പി.എസ്.സി ആസ്ഥാനത്ത് ഏറെയില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ മൂല്യനിർണയം നടത്തിയ 21 ഉദ്യോഗസ്ഥരായിരിക്കും രണ്ടാംഘട്ടത്തിലും ഉത്തരക്കടലാസുകൾ പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.